KeralaLatest NewsNews

ഷഹബാനയ്ക്ക് ആശ്വാസമായി വി കെയര്‍: 5.38 ലക്ഷത്തിന്റെ ഇന്‍സുലിന്‍ പമ്പ് നല്‍കി

തിരുവനന്തപുരം•മലപ്പുറം വേങ്ങര സ്വദേശിയായ ഷഹബാനയും (22) കുടുംബവും നാട്ടിലേക്ക് തിരികെ പോകുന്നത് വളരെ ആശ്വാസത്തോടെയാണ്. ടൈപ്പ് 1 പ്രമേഹാവസ്ഥയുടെ സങ്കീര്‍ണതകളിലൊന്നായ ഡയബറ്റിസ് കീറ്റോ അസിഡോസിസ് തുടര്‍ച്ചയായി ഉണ്ടാകുന്ന ഷഹബാനയ്ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ‘വീ കെയര്‍’ പദ്ധതിയിലൂടെ 5,38,384 രൂപ വിലയുള്ള ഇന്‍സുലിന്‍ പമ്പ് നല്‍കി. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇന്‍സുലിന്‍ പമ്പ് നല്‍കിയത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്നതിനെ തുടര്‍ന്ന് അടിക്കടിയുണ്ടാകുന്ന ഡയബറ്റിസ് കീറ്റോ അസിഡോസിസും ടൈപ്പ് 1 പ്രമേഹത്തിന്റെ മറ്റ് സങ്കീര്‍ണതകളും ചേര്‍ന്ന് ജീവഹാനി വരെ സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് ഷഹബാനയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കിയത്.

ഭര്‍ത്താവായ ആഷിക്കും ഒരു വയസുള്ള മകളും ചേര്‍ന്നതാണ് ഷഹബാനയുടെ കുടുംബം. പ്രസവത്തോടനുബന്ധിച്ചാണ് ഷഹബാന് പ്രമേഹം ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വ്യത്യാസപ്പെടുന്ന അവസ്ഥയായതിനാല്‍ ജിവന് പോലും ഭീഷണിയായ സാഹചര്യമായിരുന്നു. ഇത്രയേറെ സങ്കീര്‍ണതയുള്ളതിനാല്‍ ഇന്‍സുലിന്‍ പമ്പ് അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 5 ലക്ഷത്തിലധികമാണ് ഇന്‍സുലിന്‍ പമ്പിന്റെ വില. എന്നാല്‍ ദരിദ്ര കുടുംബത്തില്‍പ്പെട്ട ആഷിക്കിന് ഇത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. മൂന്നര സെന്റിലെ ചെറിയ വീട്ടില്‍ താമസിക്കുന്ന കുടുംബത്തിന്റെ ആകെയുള്ള വരുമാനം ആഷിക്കിന് ചെറിയ ജോലികളിലൂടെ ലഭിക്കുന്ന തുച്ഛമായ കൂലിയാണ്. അങ്ങനെ രോഗത്തെത്തുടര്‍ന്ന് ദുരിതത്തിലായിരുന്ന ഈ കുടുംബത്തിനാണ് വി കെയര്‍ തുണയായത്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വി കെയറിലൂടെ നല്‍കുന്ന 680-ാമത്തെ സഹായമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. രക്തത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിനാണ് ഷഹബാനയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കിയത്. ശരീരത്തിലെ ഇന്‍സുലിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് മതിയായ ഇന്‍സുലിന്‍ നല്‍കുന്ന ഓട്ടോമേറ്റിക് ഉപകരണമാണ് ഇന്‍സുലിന്‍ പമ്പ്. ഇത്തരത്തില്‍ കഴിയുന്നവിധം ഇനിയും ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button