Latest NewsNewsIndia

പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി : സുപ്രീംകോടതി തീരുമാനം അറിയിച്ചു : നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്ന് നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് തള്ളിയിരിക്കുന്നത്. നേരത്തെ ഈ കേസിലെ മറ്റ് മൂന്നുപ്രതികളുടെയും തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. പവന്‍ ഗുപ്ത മാത്രമായിരുന്നു തിരുത്തല്‍ ഹര്‍ജി നല്‍കാനുണ്ടായിരുന്നത്. ഇയാള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.

Read also : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നീണ്ടുപോകാന്‍ സാധ്യത : വധശിക്ഷ സ്‌റ്റേ ചെയ്യാന്‍ പുതിയ കരുക്കളുമായി പ്രതികളും അഭിഭാഷകരും : പ്രതികളുടെ പുതിയ വാദം ഇങ്ങനെ

തന്റെ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാണ് പവന്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് എം.വി. രമണയുടെ ബെഞ്ച് അംഗീകരിച്ചില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നതിന് പകരം ചേംബറില്‍ വെച്ച് തന്നെ ഹര്‍ജി പരിഗണിച്ച് തള്ളിക്കളയുകയായിരുന്നു.

ഇനി പവന്‍ ഗുപ്തയ്ക്ക് അടുത്ത ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം മാത്രമാണ് മുന്നിലുള്ളത്. പക്ഷെ മരണ വാറണ്ട് പ്രകാരം നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത് ചൊവ്വാഴ്ചയാണ്.

പട്യാല ഹൗസ് കോടതി ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാവിലെ കോടതിയില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹര്‍ജി എത്തിയിരുന്നു. പ്രതികള്‍ നിയമപരമായ സാധ്യതകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ പട്യാല ഹൗസ് കോടതി തീരുമാനമെടുത്തിട്ടില്ല.

തിരുത്തല്‍ ഹര്‍ജി സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം തീരുമാനമെടുക്കാമെന്നാണ് പട്യാല ഹൗസ് കോടതി അറിയിച്ചിരുന്നത്.

രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം പവന്‍ ഗുപ്തയ്ക്ക് അവശേഷിക്കുന്നതിനാല്‍ മരണവാറണ്ട് പ്രകാരം നാളെ പ്രതികളെ തൂക്കിലേറ്റുന്ന നടപടിയുണ്ടാകില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. താന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാന്‍ പോകുന്നുവെന്ന് പവന്‍ ഗുപ്ത അറിയിച്ചാല്‍ സ്വാഭാവികമായും മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button