
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ആനയുടെ വിലക്ക് നീക്കിയതിനെതിരെ പ്രതിഷേധവുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്. ആഴ്ചയില്‍ രണ്ടുദിവസം തൃശൂര്‍ പാലക്കാട് ജില്ലകളില്‍ മാത്രം എഴുന്നെള്ളിക്കാനാണ് അനുമതി. കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാനനിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഒരു കണ്ണിനു കാഴ്ചയില്ലാത്ത, മറ്റേക്കണ്ണിനു മങ്ങലുള്ള പിന്‍ കാലില്‍ മുറിവുള്ള രാമചന്ദ്രനെ കുറിച്ച് നെല്‍സണ്‍ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയത് പടക്കം പൊട്ടിയ ശബ്ദം കേട്ട് വിരണ്ട് ആള്‍ക്കാരെ കൊലപ്പെടുത്തിയതിനായിരുന്നുവെന്ന് എവിടെയോ വായിച്ചിരുന്നുവെന്നും പതിമൂന്ന് പേരെ കൊന്ന ഒരു അക്രമി കത്തിയും പിടിച്ച് ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് വന്നാല്‍ അല്പമെങ്കിലും ബോധമുള്ളവരൊക്കെ സൂക്ഷിച്ച് മാറി നില്‍ക്കും. ഇതങ്ങനല്ല, വീണ്ടും ആള്‍ക്കാരുടെ ഇടയിലേക്ക് ഇറക്കിവിടുകയാണെന്നും അദ്ദേഹം പറയുന്നു. എന്റര്‍ടെയിന്മെന്റിനായി വന്യജീവിയെ അതിന്റെ സ്വഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റിയതുകൊണ്ട് മാത്രം വരുത്തുന്ന ദുരന്തങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
രാമചന്ദ്രന്റെ വിലക്ക് നീക്കി.
ഏതാണീ രാമചന്ദ്രന്‍?
രാമചന്ദ്രന്‍ ഫാന്‍സ് അസോസിയേഷന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുറുമ്പ് കാട്ടി പതിമൂന്ന് പേര്‍ക്ക് മോക്ഷം നല്‍കിയ ആനയാണ്
ആ പതിമൂന്ന് പേരുടെ ഒരു ഭാഗ്യം എന്ന് ആശ്ചര്യപ്പെടാനും ആളു കാണും.
പിന്‍ കാലില്‍ മുറിവുള്ള, ഒരു കണ്ണിനു കാഴ്ചയില്ലാത്ത, മറ്റേക്കണ്ണിനു മങ്ങലുള്ള ആനയാണു മേല്‍പ്പറഞ്ഞ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന് എവിടെയോ വായിച്ചിരുന്നു
വിലക്കേര്‍പ്പെടുത്തിയത് പടക്കം പൊട്ടിയ ശബ്ദം കേട്ട് വിരണ്ട് ആള്‍ക്കാരെ കൊലപ്പെടുത്തിയതിനായിരുന്നുവത്രേ.
പതിമൂന്ന് പേരെ കൊന്ന ഒരു അക്രമി കത്തിയും പിടിച്ച് ആള്‍ക്കൂട്ടത്തിന്റെ നടുവിലേക്ക് വന്നാല്‍ അല്പമെങ്കിലും ബോധമുള്ളവരൊക്കെ സൂക്ഷിച്ച് മാറി നില്‍ക്കും. ഇതങ്ങനല്ല, വീണ്ടും ആള്‍ക്കാരുടെ ഇടയിലേക്ക് ഇറക്കിവിടുകയാണ്.
ആന കാട്ടിലൂടെ നടക്കുന്ന ഒരു ജീവിയാണ്. സ്വാതന്ത്ര്യവും സ്വസ്ഥതയും ഇഷ്ടപ്പെടുന്ന ജീവി. അതിനെ കുഴിയില്‍ വീഴ്ത്തി മര്‍ദ്ദിച്ച് ചങ്ങലയിട്ട് കൊണ്ടുവന്ന് നിര്‍ത്തി രാമനെന്നോ ചന്ദ്രനെന്നോ ഒക്കെ പേരിട്ടാലും വന്യമൃഗം തന്നെയാണ് , അല്ലാതെ കുഞ്ഞമ്മേടെ മോനാവില്ല.
അതിനെയാണു നാട്ടില്‍ ആള്‍ക്കൂട്ടത്തിനു നടുക്ക് കൊണ്ടുവന്ന് നിറുത്തി ചെണ്ടയും കൊട്ടി ആരവം മുഴക്കി കതിനയും കേള്‍പ്പിച്ച് നിറുത്തുന്നത്. . . .സബാഷ്
എന്തോന്ന് പ്രേമമാടേ? തോട്ടിയും ഇട്ട് വലിച്ച് പൊള്ളുന്ന ടാര്‍ റോഡിലു ചങ്ങലയിട്ട് നിറുത്തുന്നതാണോടേ പ്രേമം? ആ ചങ്ങലയൊന്ന് മാറ്റീട്ട് തോട്ടിയും മാറ്റിവച്ചാല്‍ ആന കാണിച്ചുതരും പ്രേമം. മുന്നില്‍ച്ചെന്ന് നിന്നേക്കരുതെന്ന് മാത്രം
കോപ്രായം കാണിക്കുന്നവരോ കൊണ്ടുവരുന്നവരോ ആവില്ല മരിക്കുന്നത്. ഇതുമായി ബന്ധമൊന്നുമില്ലാത്ത , വഴിയാത്രക്കാരനായിരിക്കും. അവരുടെ കുടുംബത്തോട് പറയുമോ ജസ്റ്റ് ഒരു കുറുമ്പായിരുന്നെന്ന്?
എന്റര്‍ടെയിന്മെന്റിനായി വന്യജീവിയെ അതിന്റെ സ്വഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് മാറ്റിയതുകൊണ്ട് മാത്രം വരുത്തുന്ന ദുരന്തങ്ങള്‍ക്ക് ന്യായീകരണമില്ല
ഒഴിവാക്കാവുന്ന ദുരന്തങ്ങളാണ്
Post Your Comments