UAELatest NewsNewsGulf

മത വിദ്വേഷം : യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായി

ദുബായ് • സോഷ്യൽ മീഡിയയിൽ മോശമായ ഇസ്ലാമോഫോബിക് പരാമർശങ്ങൾ നടത്തിയതിന്റെ പേരില്‍ യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറ്റകരമായ പോസ്റ്റുകൾ തൊഴിലുടമകളുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി. ദുബായിലെ പ്രശസ്തമായ ഇറ്റാലിയൻ റസ്റ്ററന്റിൽ ഷെഫായ റാവത് രോഹിത്, ഷാർജയിലെ കമ്പനിയിൽ സ്റ്റോർകീപ്പറായ സചിൻ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യർ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്പെന്‍ഡ് ചെയ്യുകയോ ചെയ്തത്. കൂടാതെ ഇവരെ നിയമ നടപടികൾക്കായി പൊലീസിന് കൈമാറുകയും ചെയ്തു.

അടുത്തിടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമാകുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

ഷെഫായി ജോലി ചെയ്തിരുന്ന റാവത്ത് രോഹിത്തിനെ സസ്‌പെൻഡ് ചെയ്തതായും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ദുബായിലെ ഉയർന്ന നിലവാരമുള്ള ഇറ്റാലിയൻ റെസ്റ്റോറന്റുകളുടെ ശൃംഖലയായ ഈറ്റാലി പ്രവർത്തിപ്പിക്കുന്ന അസദിയ ഗ്രൂപ്പിന്റെ വക്താവ് സ്ഥിരീകരിച്ചു.

ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന സച്ചിൻ കിന്നിഗോളിയെ അറിയിച്ചതായി ഷാർജ ആസ്ഥാനമായുള്ള ന്യൂമിക്‌സ് ഓട്ടോമേഷൻ അറിയിച്ചു.

“ഞങ്ങൾ അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞിട്ടുണ്ട്, ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. വിഷയം അന്വേഷണത്തിലാണ്. ഞങ്ങൾക്ക് സീറോ ടോളറൻസ് നയമുണ്ട്. ആരുടെയെങ്കിലും മതത്തെ അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തതായി കണ്ടെത്തിയാൽ അതിന്റെ അനന്തരഫലങ്ങൾ വഹിക്കേണ്ടിവരും, ” സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു.

വിശാൽ താക്കൂർ എന്ന പേരിൽ നിരവധി ഇസ്ലാമിക വിരുദ്ധ സന്ദേശങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയതായി ദുബായ് ആസ്ഥാനമായുള്ള ട്രാൻസ്ഗാർഡ് ഗ്രൂപ്പ് അറിയിച്ചു. ആഭ്യന്തര അന്വേഷണത്തില്‍ ഇയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി കണ്ടെത്തുകയും അയാളുടെ സുരക്ഷാ യോഗ്യതാപത്രങ്ങൾ നീക്കം ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കമ്പനി നയവും 2012 ലെ യുഎഇ സൈബർ ക്രൈം നിയമ നമ്പർ 5 ഉം അനുസരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണ്.

അതേസമയം, ട്രാൻസ് ഗ്വാർഡ് ജീവനക്കാരൻ എന്നവകാശപ്പെട്ട് പ്രകാശ് കുമാർ എന്നയാൾ ട്വിറ്ററിലൂടെ മതഅസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ ഇയാൾക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു. ഇക്കാര്യവും അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

അടുത്തകാലത്ത് ഇത്തരത്തിൽ ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചതിന് ഗൾഫ് നാടുകളിൽ ഒട്ടേറെ ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗൾഫിലെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാരും ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button