KeralaLatest NewsIndia

സിനിമയിലെ അന്ത്യരംഗങ്ങള്‍ അറംപറ്റി: കൊല്ലത്ത് അപകടത്തിൽ മരിച്ച യുവനടന്റെ വിലാപ യാത്രയും അദ്ദേഹം നായകനായ സിനിമയിലെ പോലെ തന്നെ

ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി

കൊല്ലം: സിനിമയില്‍ അഭിനയിച്ചു തീര്‍ത്ത രംഗങ്ങള്‍ ജീവിതത്തിന്റെ ക്ലൈമാക്‌സില്‍ ആവര്‍ത്തിച്ച്‌ ഗോഡ്‌ഫ്രെ മടങ്ങി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഓര്‍ത്തുവയ്ക്കാന്‍ ആ ജീവിതം മാത്രമല്ല, അറംപറ്റിയ ആ രംഗങ്ങളും ബാക്കി. യുവനടന്‍ ഗോഡ്ഫ്രേ വാഹനാപകടത്തില്‍ മരിച്ച സാഹചര്യങ്ങൾക്ക് അദ്ദേഹം നായകനായ സിനിമയുമായി സാമ്യം.. കൊല്ലം നീരാവില്‍ ജംക്ഷന് സമീപം നടന്ന ബൈക്ക് അപകടത്തിലാണ് ചവറ ഭരണിക്കാവ് പിജെ ഹൗസില്‍ റിട്ട. എസ്‌ഐ ജോണ്‍ റൊഡ്രിഗ്‌സിന്റെയും ഫിലുവിന്റെയും മകന്‍ ഗോഡ്‌ഫ്രേ(37) മരിച്ചത്. ദി ലവേഴ്‌സ് എന്ന സിനിമയില്‍ റൂബിദാസ് എന്ന പേരില്‍ നായകനായി അഭിനയിച്ചിരുന്നു ഗോഡ്‌ഫ്രേ. നാല് വര്‍ഷം മുമ്ബ് സുഹൃത്ത് ഷൈജുവുമായി ചേര്‍ന്ന് നിര്‍മിച്ച ദ് ലവേഴ്സ് എന്ന സിനിമയിലെ ക്ലൈമാക്സ് പോലെയായിരുന്നു ​ഗോഡ്ഫ്രേയുടെയും അന്ത്യം.

ആംബുലന്‍സിലെ വിലാപയാത്രയും അതേപോലെ തന്നെയായി. ഗോഡ്ഫ്രെയുടെ നായക കഥാപാത്രം ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുന്നതായിരുന്നു സിനിമയിലെ അപകടരംഗം. നായകന്റെ മൃതദേഹം പള്ളിയിലെത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വേഷമിട്ട ചവറ പന്മന പുത്തന്‍ചന്ത അഥീന കോട്ടേജില്‍ അബ്ദുല്‍ സലീം തന്നെയാണ് ഇന്നലെ ഗോഡ്ഫ്രെയുടെ മൃതദേഹം ആംബുലന്‍സില്‍ ചവറ തലമുകള്‍ സെന്റ് അഗസ്റ്റിന്‍ പള്ളിയിലെത്തിച്ചത്.സിനിമയില്‍ മൃതദേഹത്തെ വസ്ത്രങ്ങള്‍ അണിയിച്ച സലിം ഇന്നലെ വീട്ടുകാരുടെ അഭ്യര്‍ഥനപ്രകാരം അതേ വസ്ത്രങ്ങള്‍ അണിയിക്കുകയും ചെയ്തു.

ഗോഡ്ഫ്രെയുടെ വീടിന് എട്ടു കിലോമീറ്റര്‍ അകലെ കരുനാഗപ്പള്ളിയിലായിരുന്നു സിനിമയിലെ അന്ത്യരംഗങ്ങള്‍ പാട്ടിലൂടെ ചിത്രീകരിച്ചത്. സിനിമയിലെ ബാക്കി എല്ലാ പാട്ടുകളും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തെങ്കിലും ഈ പാട്ടു മാത്രം അപ്‌ലോഡ് ചെയ്യാന്‍ ഗോഡ്ഫ്രെ സമ്മതിച്ചിരുന്നില്ല.വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് അപകടം സംഭവിച്ചത്.പ്രാക്കുളത്തെ അമ്മ വീട്ടില്‍ നിന്ന് ചവറ ഭരണിക്കാവിലെ വീട്ടിലേക്ക് മടങ്ങുംവഴി ഗോഡ്ഫ്രേ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

ഹെല്‍മറ്റ് തകര്‍ന്നു തലയ്ക്കു പരുക്കേറ്റു രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. പിന്നീടെത്തിയ കെഎസ്‌ഇബി ജീവനക്കാരന്‍ കൃത്രിമശ്വാസം നല്‍കി. തുടര്‍ന്ന് സ്ഥലത്തെത്തിയ യുവാക്കള്‍ ഓട്ടോറിക്ഷയില്‍ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല.

shortlink

Post Your Comments


Back to top button