Latest NewsNewsPrathikarana VedhiWriters' Corner

സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന ,കുലംകുത്തിയൊഴുകുന്ന മലപ്പുറം സ്നേഹം കാണുമ്പോൾ പഴയത് ചിലത് ഓർമ്മവരുന്നു! ഒപ്പം ചിലത് ചോദിക്കേണ്ടിയും വരുന്നു – അഞ്ജു പാര്‍വതി പ്രഭീഷ്

അഞ്ജു പാര്‍വതി പ്രഭീഷ്

സ്റ്റാൻഡ് വിത്ത് മലപ്പുറം ( Stand with Malappuram) ആണല്ലോ ഇപ്പോഴത്തെ ട്രെന്റ്! എല്ലാവരുടെയുമല്ല; മറിച്ച് സഖാക്കൾക്കിടയിൽ തിളച്ചു മറിയുന്ന ,കുലംകുത്തിയൊഴുകുന്ന മലപ്പുറം സ്നേഹം കാണുമ്പോൾ പഴയത് ചിലത് ഓർമ്മവരുന്നു! ഒപ്പം ചിലത് ചോദിക്കേണ്ടിയും വരുന്നു.

മലപ്പുറത്തെ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയപ്പോൾ അത് കോപ്പിയടിച്ച്‌ നേടിയ വിജയമാണെന്ന് പ്രസ്താവന നടത്തിയ ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. അതാണ് ഇടതുപക്ഷത്തിന്റെ നിലവിലെ ഭീഷ്മാചാര്യരായ സഖാവ്.വി.എസ് അച്യുതാനന്ദൻ. മലപ്പുറം ജില്ലയിലെ ഓരോ രക്ഷിതാവിന്റെയും വിദ്യാര്‍ത്ഥിയുടെയും ആത്മാഭിമാനത്തിന് മേല്‍ ഒരു രാഷ്ട്രീയനേതാവ് നാളിതുവരെ നടത്തിയ ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു അത്!

ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം നടക്കുന്ന വേളയിൽ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ മലപ്പുറത്തെ മനുഷ്യരെ തീവ്രവാദികൾ എന്നാണ് വിശേഷിപ്പിച്ചത്. ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം നടത്തുന്നത് മലപ്പുറത്തെ തീവ്രവാദികളാണെന്നായിരുന്നു മഹാനായ സഖാവിന്റെ വിവാദപരാമർശം! ഇത്രയും വർഗ്ഗീയപരമായി ,ഒരു ജില്ലയെ ഒന്നടങ്കം തീവ്രവാദ ജില്ലയായി പരാമർശിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കൺവീനറാണ്.

ആലപ്പാട് ഖനന വിരുദ്ധ സമരത്തിന്റെ പിന്നിൽ സർക്കാരിന് തലവേദനയുണ്ടാക്കുന്നത് മലപ്പുറത്തുനിന്നുള്ളവരാണെന്ന് പറഞ്ഞത് സിപിഎമ്മിന്റെ മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ.പി ജയരാജനായിരുന്നു. അതായത് ഒരു ജനകീയസമരത്തിനു പിന്നിൽ അണിനിരന്ന ഒരു കൂട്ടം മനുഷ്യരിൽ അദ്ദേഹം ഒരു ജില്ലയിലെ മനുഷ്യരെ മാത്രം തെരഞ്ഞുപ്പിടിച്ച് കുറ്റപ്പെടുത്തുകയായിരുന്നു.

ദേശീയ പാത വികസനത്തിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് പറഞ്ഞത് മറ്റാരുമല്ല മലപ്പുറത്തെ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ്.ദേശീയപാത വികസനത്തിന് പൊലീസിനെ ഉപയോഗിച്ച് ഭൂമി നിര്‍ബന്ധമായി സര്‍വെ ചെയ്തപ്പോള്‍ നാട്ടുകാര്‍ നടത്തിയ സമരത്തെ മലപ്പുറത്തെ തീവ്രവാദി സമരമെന്നാണ് സി.പി.എം വിശേഷിപ്പിച്ചത്. മമ്പുറം അരീത്തോട്ടെ സി.പി.എം പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സമരത്തില്‍ പ്രതികളിലും സി.പി.എം പ്രവര്‍ത്തകരുണ്ടായിരുന്നു. പാര്‍ട്ടിയുടെ അടിസ്ഥാനരഹിതമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഈ മേഖലയില്‍ രാജിവെക്കുകയുണ്ടായി.

ചരിത്രത്തിനും രാഷ്ട്രീയനേതാക്കളുടെ പരാമർശങ്ങൾക്കും ഒരു പൊതുസ്വഭാവമുണ്ട്-ചിലപ്പോഴൊക്കെ അത് തിരിഞ്ഞുകൊത്തും. വടക്കേയിന്ത്യക്കാരിയായ ഒരു കേന്ദ്രമന്ത്രി ഒരു ആനയുടെ ദാരുണകൊലയുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷപരാമർശത്തിനെതിരെ കൊടുങ്കാറ്റഴിച്ചു വിടുന്ന സഖാക്കളോട് ഒന്ന് ചോദിക്കട്ടെ- ഇപ്പോൾ നിങ്ങളിൽ നുഴഞ്ഞുപൊന്തുന്ന ഈ മലപ്പുറം ജില്ലയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ പേരല്ലേ മൂന്നാം കിട അരാജകത്വ രാഷ്ട്രീയം? അതല്ലെങ്കിൽ ഒരു ജില്ലയെ പ്രതി നിങ്ങളുടെ രാഷ്ട്രീയ ഉന്നതന്മാർ നാളിതുവരെ നടത്തിയ അഴുകിയ പരാമർശങ്ങളെയും അവരെയും തള്ളിപ്പറയാൻ നിങ്ങൾക്ക് നട്ടെല്ലുണ്ടോ?

ഒരു ജില്ലയ്ക്കെതിരെയും അവിടുത്തെ മനുഷ്യർക്കെതിരെയും ഹീനമായ വിദ്വേഷപ്രചാരണം നിങ്ങളോളം എന്തായാലും മനേകാ ഗാന്ധി നടത്തിയിട്ടില്ല. കാരണം 1956 ൽ രൂപീകൃതമായ കേരളമെന്ന സംസ്ഥാനത്തിലെ 1969 ൽ രൂപീകരിച്ച ജില്ലയായ മലപ്പുറത്തെ നിങ്ങൾ ഒറ്റപ്പെടുത്തിയതുപോലെ,നിങ്ങളുടെ പാർട്ടി ഒറ്റപ്പെടുത്തിയതുപോലെ ,നികൃഷ്ടമായി മറ്റാരും ഒറ്റപ്പെടുത്തിയിട്ടില്ല; കുത്തി മുറിവേല്പിച്ചിട്ടില്ല. കേരളമെന്ന സംസ്ഥാനത്തെ കാലങ്ങളായി മാറി മാറി ഭരിച്ച നിങ്ങളുടെ നേതാക്കളാണ് അവരെ തീവ്രവാദികളെന്ന് മുദ്രകുത്തിയത്.കേരളമെന്ന സംസ്ഥാനത്തിലെ പതിനാലു ജില്ലകളെയും ഒരു പോലെ കാണേണ്ടത് മനേകാഗാന്ധിയുടെ ഉത്തരവാദിത്വത്തേക്കാൾ കേരളത്തിലെ ജനാധിപത്യരാഷ്ട്രീയപാർട്ടികളുടെയും അവരുടെ നേതൃത്വത്തിന്റെയുമാണ്.അതുകൊണ്ട് ഈ പൊറാട്ടുനാടകം കൊണ്ട് ആ ജില്ലയെ കൂടുതൽ അപമാനിക്കാതിരിക്കുന്നതാണ് ജനാധിപത്യമര്യാദ!

shortlink

Related Articles

Post Your Comments

Related Articles


Back to top button