Latest NewsNewsInternational

സമാധാന കരാറുകൾക്കു പുല്ലുവില; അതിർത്തിയിൽ ലൗഡ് സ്പീക്കറുകൾ പുനഃസ്ഥാപിച്ച് ഉത്തര കൊറിയ

സോൾ: കൊറിയകൾക്കിടയിലെ സമാധാന കരാറുകൾക്കു പുല്ലുവില കൽപ്പിച്ച് അതിർത്തിയിൽ ലൗഡ് സ്പീക്കറുകൾ പുനഃസ്ഥാപിച്ച് കിം ജോങ് ഉൻ. ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾ അവസാനിച്ചുവെന്നും സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിയും ഉത്തര കൊറിയ നടത്തിയിരുന്നു. ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങളെ കിമ്മിന്റെ നടപടികൾ തകർക്കുകയാണ്. അതിർത്തിയിൽ താമസിക്കുന്ന ജനങ്ങളെ മാനസികമായി തങ്ങളോട് അടുപ്പിക്കാൻ സംഘടിതമായ ആശയപ്രചാരണമാണ് ഇരു രാജ്യങ്ങളും ലൗഡ്സ്പീക്കറിലൂടെ നടത്തിയിരുന്നത്.

ഇതേത്തുടർന്ന് ദക്ഷിണ കൊറിയൻ സൈന്യവും സമാന നീക്കങ്ങൾക്ക് ഒരുങ്ങുന്നു. അതിർത്തിയിലെ ലയ്സൺ ഓഫിസ് തകർത്തത് അടക്കം അടുത്തിടെയായി ഇരു രാജ്യങ്ങൾക്കുമിടയിലെ ഭിന്നത വർധിച്ചു വരികയാണ്.

കൊറിയൻ പോപ് ഗാനങ്ങൾ, വാർത്ത, ഉത്തര കൊറിയൻ നേതൃത്വത്തിനെതിരായ വിമർശനം തുടങ്ങിയവയാണ് ദക്ഷിണ കൊറിയ നടത്തിയിട്ടുള്ളത്. ഉത്തര കൊറിയ ആകട്ടേ, ദക്ഷിണ കൊറിയയെ നിശിതമായി വിമർശിക്കുന്നതിനൊപ്പം തങ്ങളുടെ സോഷ്യലിസ്റ്റ് സംവിധാനത്തെ പുകഴ്ത്തുകയും ചെയ്യും.

ഉത്തര കൊറിയ ഇതു നടപ്പിലാക്കിയതോടെ തങ്ങളും ലൗഡ് സ്പീക്കറുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുകയാണെന്ന് ദക്ഷിണകൊറിയൻ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ സൈനിക നിയന്ത്രണ രഹിത മേഖലയ്ക്കു സമീപമാണ് ഉത്തര കൊറിയ ലൗഡ് സ്പീക്കറുകൾ പുനഃസ്ഥാപിച്ചത്. പ്രകോപനപരമായ എല്ലാ നടപടികളും നിർത്തിവയ്ക്കുമെന്ന് വ്യക്തമാക്കി 2018ൽ ഇരു കൊറിയകളും ചേർന്ന് ഒപ്പുവച്ച കരാറിനെത്തുടർന്നാണ് ഈ സംവിധാനങ്ങൾ അതിർത്തികളിൽനിന്നു മാറ്റിയത്.

‘എന്നാൽ ഉത്തര കൊറിയ ഇതുവരെ ലൗഡ്സ്പീക്കറിലൂടെ ബ്രോഡ്കാസ്റ്റിങ് ആരംഭിച്ചിട്ടില്ല. ഏതുസമയവും തിരിച്ചടി നൽകാൻ ഞങ്ങളും തയാറാണ്’ – അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നീക്കത്തെക്കുറിച്ചു പ്രതികരിക്കാൻ ദക്ഷിണ കൊറിയൻ പ്രതിരോധ വക്താവ് വിസമ്മതിച്ചു. എന്നാൽ സമാധാനത്തെ തകർക്കുന്ന നടപടിയുണ്ടായാൽ പ്യോങ്യാങ് കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് വക്താവ് വ്യക്തമാക്കി.

ALSO READ: കൊടും ക്രൂരത; അങ്കമാലിയിൽ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നില സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

കഴിഞ്ഞയാഴ്ച തകർത്ത ലെയ്സൺ ഓഫിസിന്റെ ഉപഗ്രഹചിത്രം പുറത്തുവന്നു. കെട്ടിടം അവിടെയുണ്ടെങ്കിലും കനത്ത നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button