Latest NewsKeralaNews

കോവിഡ് നിയന്ത്രണങ്ങള്‍ : ഇനി ബോധവല്‍ക്കരണമില്ല: അറസ്റ്റും പിഴയും

പത്തനംതിട്ട • കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇനി ബോധവല്‍ക്കരണം ഇല്ലെന്നും അറസ്റ്റ് ചെയ്ത് പിഴ ഈടാക്കുമെന്നും ജില്ലാപോലീസ് മേധാവി കെ ജി സൈമണ്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടം തുടരുമ്പോള്‍ കിട്ടിയ ഇളവുകള്‍ ദുരുപയോഗം ചെയ്ത് ചിലരെങ്കിലും ഉത്തരവാദിത്തമില്ലാതെ പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ രോഗബാധ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ സൂക്ഷ്മത പുലര്‍ത്തുകയും നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യാതെവന്നാല്‍ സമൂഹവ്യാപനത്തിലേക്കു കാര്യങ്ങള്‍ കടക്കുമെന്നത് മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതിനാല്‍ ലംഘനങ്ങള്‍ക്കെതിരെ പോലീസ് നടപടി കടുപ്പിക്കേണ്ടിവരും. ബോധവല്‍ക്കരണം ഒഴിവാക്കി കര്‍്ശന നിയമനടപടികളിലേക്കു കടക്കേണ്ടിവരും. ഇതിനായി പോലീസുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

കേരള പൊതുജനാരോഗ്യ നിയമം, പകര്‍ച്ചവ്യാധി നിരോധനനിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവചേര്‍ത്തു കേസെടുക്കും. 10000 രൂപ വരെ പിഴ ചുമത്താം. പിഴ അടച്ചില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

കൂടുതല്‍ യാത്രികരുമായിപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിദേശത്തുനിന്നും വരുന്നവര്‍ നേരെ വീടുകളിലേക്കുപോയി ക്വാറന്റീനില്‍ കഴിയുന്നതിനു നിരീക്ഷണം ശക്തമാക്കും. ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം തടയും. സാമൂഹ്യഅകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരും. വ്യാപാരസ്ഥാപനങ്ങളില്‍ അടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അതിഥിതൊഴിലാളികളെ അതിര്‍ത്തികളില്‍ തടയുന്ന സാഹചര്യം ഒഴിവാക്കും. ഇവര്‍ ജില്ലയില്‍ കടന്നാലുടന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലെക്കു പോകുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം കൊടുത്തിട്ടുണ്ട്.

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവാത്തതിനാല്‍ കൂടുതല്‍ ജാഗ്രത ഏവരും പുലര്‍ത്തണമെന്ന് ജില്ലാപോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

ദുരന്തനിവാരണ അതോറിറ്റിയുടെയും വിദഗ്ധരുടെയും മറ്റും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. കോവിഡ് പ്രതിരോധനടപടികള്‍ പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്. ഒമ്പതുമണിക്ക് ശേഷമുള്ള രാത്രി യാത്ര നിയന്ത്രിക്കാനും മാസ്‌കും ഹെല്‍മെറ്റുമില്ലാതെ ഇരുചക്രവാഹനയാത്ര നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂട്ടംകൂടുന്നത് ഒഴിവാക്കപ്പെടണം, സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ചിത്രവും വിവരവും പോലീസിന് നല്‍കിയാല്‍ ഉടനടി നടപടിയുണ്ടാകും.

ക്വാറന്റീന്‍ ലംഘനം ഒരുതരത്തിലും അനുവദിക്കില്ല, ഇത്തരക്കാരെ നിരീക്ഷിച്ചു കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടി തുടര്‍ന്നുവരുന്നു. കഴിഞ്ഞദിവസം കീഴ്വായ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. രണ്ടു ദിവസം മുന്‍പ് വിദേശത്തുനിന്നെത്തി കല്ലൂപ്പാറ കടുവക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവന്നയാള്‍ ക്വാറന്റീന്‍ ലംഘിച്ചു പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് ഇയാള്‍ക്കെതിരെ നടപടി എടുക്കുന്നതിലെത്തിച്ചത്.

ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ചതിന് ഇന്നലെ ജില്ലയില്‍ 80 കേസുകളിലായി 81 പേരെ അറസ്റ്റ് ചെയ്യുകയും 26 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 96 പേര്‍ക്കെതിരെ നോട്ടീസ് നല്‍കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button