Latest NewsKeralaNews

സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ സരിത് കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത് കുമാറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണു നടപടി. ഇതിന് തൊട്ടു പിന്നാലെ സരിത് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഈ അപേക്ഷ 13ന് പരിഗണിക്കും.

സരിതിന്റെ ഫോണ്‍ രേഖകളില്‍നിന്ന് കൂടുതല്‍ പേരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതായും ഫോണിലെ നശിപ്പിച്ച രേഖകള്‍ കണ്ടെത്താന്‍ സൈബര്‍ വിദഗ്ധരുടെ സഹായം തേടുമെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

അതേസമയം സ്വര്‍ണക്കടത്തുകേസില്‍ താന്‍ നിരപരാധിയാണെന്നും ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്നും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സ്വര്‍ണം അടങ്ങിയ നയതന്ത്ര ബാഗിന്റെ കാര്യത്തില്‍ ഇടപെട്ടതെന്നും വിശദീകരിച്ച് സ്വപ്ന സുരേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. തന്നെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും, അന്വേഷണ ഉദ്യോഗസ്ഥനോട് വെളിപ്പെടുത്താന്‍ തനിക്ക് പ്രത്യേകിച്ച് ഒന്നുമില്ലെന്നും കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു.

കൂടാതെ കേസിലെ മുഖ്യകണ്ണികളെന്ന് സംശയിക്കുന്ന സന്ദീപ് നായരും ഒളിവില്‍ തുടരുകയാണ്. സന്ദീപിനായി കൊച്ചിയില്‍ കസ്റ്റംസ് തെരച്ചില്‍ നടത്തുന്നുണ്ട്. ഇയാളും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്താനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button