KeralaLatest NewsIndia

സ്വപ്നയുമായുള്ള അടുപ്പം, സ്പീക്കർക്കെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും ഉന്നമിട്ടതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇടതുമുന്നണിക്കെതിരെ ഇതൊരു ‘പ്രതിച്ഛായായുദ്ധ’മാക്കി മാറ്റാനൊരുങ്ങുകയാണ് പ്രതിപക്ഷം. സോളാര്‍ വിവാദത്തെ ഇടതുപക്ഷം ആയുധമാക്കിയതുപോലെ തന്നെ തിരിച്ചടിക്കാനാണ് യു.ഡി.എഫ് ഒരുങ്ങുന്നതെന്ന്, സ്പീക്കര്‍ക്കെതിരെയും നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചതിലൂടെ വ്യക്തമായി.

ഈ മാസം അവസാനം ധനബില്‍ പാസാക്കാന്‍ നിയമസഭാസമ്മേളനം വിളിക്കാനാലോചിക്കവെയാണ്, യു.ഡി.എഫിന്റെ പുതിയ തന്ത്രം. അതേസമയം സഭയ്ക്കകത്ത് വിഷയം കത്തിക്കാനുള്ള പ്രതിപക്ഷനീക്കത്തെ സര്‍ക്കാര്‍ എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസം മുമ്ബ് നോട്ടീസ് നല്‍കണം. 29ന് സഭ ചേരാന്‍ നിശ്ചയിച്ചാലും സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് സമയം കിട്ടാനിടയില്ല.

മന്ത്രിസഭ തീരുമാനിച്ച്‌ തീയതി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തശേഷം വിജ്ഞാപനമിറങ്ങണം. അതിന് രണ്ട് ദിവസമെടുക്കും. മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിലേക്ക് നീളുന്ന അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരെ എത്തുമോയെന്നാണ് പ്രതിപക്ഷം ഉറ്റുനോക്കുന്നത്. സഭാസമ്മേളനം ചേരുന്നതില്‍ അന്തിമതീരുമാനം നാളെ മന്ത്രിസഭായോഗമാണ് കൈക്കൊള്ളുക. ധനബില്ലിനായി മറ്റ് അജന്‍ഡകളെല്ലാം മാറ്റി വച്ച്‌ ചേരാനാണ് നേരത്തേയുണ്ടായ ആലോചനയെങ്കിലും അതിനപ്പുറം കടന്നുള്ള പ്രക്ഷോഭത്തിന് സഭാതലം വേദിയാകുമെന്നുറപ്പായിരിക്കുന്നു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കുമോയെന്നും നാളെയറിയാം. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയവും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും കൊണ്ടുവരാനാണ് തീരുമാനമെങ്കിലും രണ്ടും ഒരുമിച്ച്‌ കൊണ്ടുവരാനാകുമോയെന്ന് സംശയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button