Latest NewsNewsIndia

വൈദ്യുതിമുടക്കം പതിവായി; രോഷാകുലരായ നാട്ടുകാർ രണ്ട് ഉദ്യോഗസ്ഥരെ തൂണിൽ കെട്ടിയിട്ടു

ഹൈദരാബാദ് : വൈദ്യുതിമുടക്കം പതിവായതിൽ രോഷാകുലരായ നാട്ടുകാർ വൈദ്യുതിവകുപ്പിലെ രണ്ട് ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുർഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. വൈദ്യുതി മുടക്കം സംബന്ധിച്ച പരാതി നിലനിൽക്കെ റീഡിങ് എടുക്കാൻ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാർ തൂണിൽ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് വൈദ്യുതി ട്രാൻസ്മിഷൻ കോർപ്പറേഷന്റെ റീഡിങ് എടുക്കാൻ രണ്ട് ജീവനക്കാർ മേഡക് ജില്ലയിലെ അലദുർഗ് മണ്ഡലത്തിലെ ഗ്രാമത്തിലേക്ക് ശനിയാഴ്ച പോയിരുന്നു. ഇവരെ നാട്ടുകാർ തടഞ്ഞുവച്ച് വൈദ്യുതിമുടക്കം പരിഹരിക്കണമെന്നും ​ഗ്രാമത്തിലേക്ക് മാത്രമായി ഒരു ടെക്നീഷ്യനെ വിട്ടുതരണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ജീവനക്കാരുമായി വാക്കുതർക്കമായി. ഇതിൽ കുപിതരായ നാട്ടുകാർ നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ തൂണിൽ ഉദ്യോ​ഗസ്ഥരെ കെട്ടിയിടുകയായിരുന്നു.

തുടർന്ന് ജീവനക്കാരിൽ ഒരാൾ ഓഫീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് എഞ്ചിനീയറും പൊലീസ് സബ് ഇൻസ്പെക്ടറും സ്ഥലത്തെത്തി. ഇവർ നടത്തിയ ചർച്ചയിലാണ് ജീവനക്കാരെ കെട്ടഴിച്ചുവിടാൻ നാട്ടുകാർ തയ്യാറായത്. വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പുനൽകി. അതേസമയം, രണ്ട് ജീവനക്കാരുടെയും പരാതിയെ തുടർന്ന് നാട്ടുകാരായ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button