KeralaLatest NewsIndia

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ തയ്യാറാക്കുന്ന മാഫിയ , സ്വപ്നാ സുരേഷിന്റെ സർട്ടിഫിക്കറ്റിന്‌ പിന്നാലെ പോയപ്പോൾ അറിഞ്ഞത് വൻ വ്യാജസർട്ടിഫിക്കറ്റ് റാക്കറ്റിനെ

ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലപ്പത്തുള്‍പ്പെടെ നിരവധിപേര്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടിയതായി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ സര്‍ട്ടിഫിക്കറ്റ് മാഫിയയെകുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചിലരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.സംഘത്തെക്കുറിച്ച്‌ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലപ്പത്തുള്‍പ്പെടെ നിരവധിപേര്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടിയതായി കണ്ടെത്തിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാനും ജോലി ലഭിക്കാനും വിവിധ കായിക മത്സരങ്ങളില്‍ വിജയിച്ചതിന്റെയും പങ്കെടുത്തതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍, ജോലിയില്‍ ഇരിക്കുന്നവര്‍ക്ക് പ്രമോഷനുവേണ്ടി പ്രത്യേക കോഴ്‌സുകള്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ വ്യാപകമായിട്ട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്നാണ് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോലിക്കു കയറാന്‍ വ്യാജ രേഖയുണ്ടാക്കിയ മുന്‍ കേരള രജ്ഞി ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

എജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന രോഹന്‍ പ്രേം ജോലിക്കായി ഹാജരാക്കിയത് ഝാന്‍സിയിലെ ബുന്തേല്‍ഗണ്ട് സര്‍വ്വകലാശാലയുടെ പേരിലുള്ള ബികോം സര്‍ട്ടിഫിക്കറ്റാണ്. സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികതയെ കുറിച്ച്‌ ഏജീസ് ഓഫീസ് സര്‍വ്വകലാശാലയ്ക്ക് കത്തയച്ചു. രോഹന്‍ പ്രേം വിദ്യാര്‍ഥിയായിരുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമായിരുന്നു മറുപടി. ഏജീസ് ഓഫീസിന്റെ പരാതിയില്‍ റോഹനെതിരെ വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നിവയ്ക്ക് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരിലേക്ക് അന്വേഷണം പോയില്ല.

ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ദാതാക്കളുടെ കണ്ണിയായിട്ടാണ് തിരുവനന്തപുരത്തെ സംഘവും പ്രവര്‍ത്തിക്കുന്നത്. എസ്‌എസ് എല്‍സി, ബിരുദം, എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നിര്‍മ്മിച്ചു നല്‍കുന്ന സംഘമാണിത്. വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവും ഇട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button