Latest NewsNews

മാത്താ, നീയെന്നെ ഒന്ന് പ്രോത്സാഹനം തന്നേ.. എഫ്ബിയിൽ ഫോട്ടോ ഇടുമ്പോഴൊക്ക ഞാൻ അത് ഓർക്കും, ഇപ്പോൾ ആ മാനസികാവസ്ഥ ഞാൻ അതിജീവിച്ചു.. ഫോട്ടോ ഇടാറുണ്ട്, സന്തോഷത്തോടെ സമാധാനത്തോടെ: കുറിപ്പുമായി കല

പോരാ മാത്താ പോരാ… ❤
-=———————————————————-

പറഞ്ഞാൽ അതെങ്ങനെ മനസ്സിലാകും എന്നറിയില്ല.. എന്ന് പറഞ്ഞു തുടങ്ങിയ ഒരു സ്ത്രീ..
അവരുടെ വിവാഹമോചനം അടുത്ത് കഴിഞ്ഞു…
അഞ്ചു വർഷമേ ഒന്നിച്ചു ഉണ്ടായിരുന്നുള്ളു..

കടുത്ത ശാരീരിക പീഡനം, പരസ്ത്രീ ബന്ധം, സ്ത്രീധന പീഡനം ഒക്കെ ആയി ഒരു കാലം..
രക്ഷപെട്ടു എന്ന് മാത്രമായിരുന്നു ഡിവോഴ്സ് കിട്ടുമ്പോൾ ആദ്യം മനസ്സിൽ..
മക്കളുണ്ടായില്ല..
അതും സമാധാനം..
പക്ഷെ, ഇപ്പോൾ വല്ലാതൊരു അവസ്ഥ..
ഭർത്താവിന്റെ സ്വഭാവം മാറ്റി എടുക്കാൻ പറ്റാത്ത താനൊരു കഴിവില്ലാത്ത വ്യക്തിയാണ്, ഭാവിയിൽ ഒറ്റ ആയി ഇനിയെങ്ങനെ മുന്നോട്ട് പോകും തുടങ്ങി ഒരുപാട് സംഘര്ഷങ്ങള്..

അത് തന്നെ ചിന്തിച്ചു ഇപ്പോൾ ഉറക്കമില്ല..
ഉദ്യോഗസ്ഥലത്ത് പോലും ചിലപ്പോൾ ആരോടും സംസാരിക്കാൻ പറ്റാതെ ഇരുന്നു പോകുന്നു..
അധികം കൂട്ടുകാരില്ല..
അതൊരു കുറവാണോ?
പുരുഷ സുഹൃത്തുക്കളെ ഇനി അകറ്റി നിർത്തണോ?
മാഡം വിവാഹമോചിത ആണെന്ന് അറിയാം..
ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ലേ?
എപ്പോഴും ചിരിക്കുന്ന പടങ്ങളാണ് കണ്ടിട്ടുള്ളത്..
എനിക്ക് അങ്ങനെ ഫോട്ടോ ഇടാൻ പേടിയാണ്..
ഭർത്താവ്‌ ഇല്ലല്ലോ…മറ്റുള്ളവർ എന്ത് പറയുക !!

ഞാൻ, എന്ന കൗൺസിലർ അവളോട് സംസാരിക്കണോ, അതോ വിവാഹമോചിതയായ സ്ത്രീ അവളോട്‌ സംസാരിക്കണോ എന്ന് ചിന്തിച്ചു..
പിരിമുറുക്കങ്ങൾ ഉണ്ടായിട്ടുണ്ട്, ഇതിലും കൂടുതലായി..
ഇരുപത് വർഷത്തെ പരിചയം ആണ് അപരിചിതത്വം ആയി തീർന്നത്..

പലപ്പോഴും ഞാനത് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്…
വിവാഹമോചനത്തിന് എന്റെ കുടുംബം എന്നേക്കാൾ ആഗ്രഹിച്ചിരുന്നു എങ്കിലും കേസ് ഒഴിവാക്കി പിരിഞ്ഞത് അവർക്ക് ഉൾകൊള്ളാൻ ആകുമായിരുന്നില്ല..
സ്വന്തം വീട്ടിലും നില്കാൻ പറ്റാത്ത അവസ്ഥയിൽ ഒരു രാത്രിയിൽ മോളുമായി തിരുവനന്തപുരം എത്തി..
പിറ്റേന്ന് ജോലിക്കും പോയി..

ഇവിടെ ഉണ്ടായിരുന്ന കൂട്ടുകാരിൽ ചിലർ അന്നെന്നോട് സഹതാപം കാണിച്ചത് ഉള്ളിൽ തട്ടി ആയിരുന്നില്ല എന്ന് പിന്നെ ബോധ്യപെട്ടിട്ടും ഉണ്ട്..
അതൊക്കെ നാട്ട് നടപ്പ്‌…
ഉയിർത്തെഴുന്നേൽപ്പ് സഹിക്കില്ല പൊതുവെ..

കൗൺസിലർ കുപ്പായം അഴിച്ചു വെച്ചാൽ ഞാനും പച്ചയായ സ്ത്രീയാണ്..
മോൾ ബോര്ഡിങ്ങിൽ ആയിരുന്ന കാലങ്ങൾ..
രാത്രിയിൽ എന്തൊക്കെയോ ഭയങ്ങൾ എന്നെ കാർന്നു തിന്നിട്ടുണ്ട്..
തൊണ്ടയിൽ കുരുങ്ങിയ കരച്ചിൽ പുറത്ത് വരാനാകാതെ പിടഞ്ഞിട്ടുണ്ട്..
മാനത്തെ മാരികുറുബേ എന്നുള്ള പാട്ട് കേൾക്കുമ്പോൾ മോളെ കാണാൻ തോന്നും.. സങ്കടം അണപൊട്ടിയൊഴുകും… എങ്ങനെയോ നേരം വെളുപ്പിച്ചു ഓടി അമ്പലത്തിൽ പോയി ഭഗവാന്റെ മുന്നില് നിന്നിട്ടുണ്ട്..പക്ഷെ,
ഒരു ദിവസവും ജോലി ഇല്ലാതെ ഇരുന്നില്ല..

എന്നും രാവിലെ,
ഒരുങ്ങി ഞാൻ കണ്ണാടിയിൽ നോക്കി ചിരിക്കും..
എന്നെ ആസ്വദിക്കും..
സാരി മനോഹരമായി ഉടുക്കാൻ പഠിച്ചതും ആ സമയം ആണ്…
വലിയ വട്ട പൊട്ട് മാറ്റി കുഞ്ഞു പൊട്ടിൽ എത്തിയപ്പോൾ എനിക്ക് ഇത്തിരി ചന്തം വെച്ച പോലെ..
ജിമ്മിക്കി മാറ്റി കൊച്ചു മുത്ത് കമ്മൽ ഇട്ടു..
എനിക്കെന്നെ ഒരുപാട് ഇഷ്‌ടമായി..

Fb യിൽ കേസ് ഡയറി എഴുതി ഇടുക പതിവാക്കി..
കൂടാതെ എന്റെ സ്വകാര്യ ഡയറി നിറഞ്ഞു..

ഞാനും അധികം ആരോടും കൂടാത്ത വ്യക്തിയാണ്..
എന്തിനാണ് ഒരുപാട് സുഹൃത്തുക്കൾ..
അടുത്ത് അറിയുന്ന ഒന്നോ രണ്ടോ പേര് പോരേ?
എല്ലാം തികഞ്ഞ സമയത്തു നിഴല് പോലെ നടന്നവർ ഒറ്റയായപ്പോൾ കൂടെ സമയം ചിലവഴിക്കാൻ മടി കാണിക്കുന്നു എന്നും മനസ്സിലായ സന്ദർഭങ്ങളുണ്ട്..
അതും നന്നായി എന്നേ കരുതുന്നുള്ളു..

എന്റെ വരുമാനത്തിന്റെ ഒരു പങ്കു ഞാൻ എന്നെ സ്നേഹിക്കാൻ മാറ്റി വെയ്ക്കാറുണ്ട്.. നാളെ ഞാൻ ജീവിതം ഹോമിച്ചു എന്ന് മനഃസാക്ഷി പുഛിക്കാൻ പാടില്ല.

തീർച്ചയായും വളരെ കുറച്ചു പുരുഷ സുഹൃത്തുക്കൾ എനിക്കുണ്ട്..
എന്നെ ഞാനായി ഉള്കൊള്ളുന്നവർ…
എന്നിലെ സ്ത്രീത്വം മരവിച്ചിട്ടില്ല എന്ന് തിരിച്ചറിയാൻ പോന്ന ബന്ധം പവിത്രമായി സൂക്ഷിക്കാനുള്ള ചങ്കുറപ്പുമുണ്ട്..
കഴിവ് കേടിനെ കുറിച്ച് ആശങ്കയില്ലാതായി..

ഇനി, ഞാനൊരു തുറന്ന പുസ്തകം ആണോ?
അല്ലേയല്ല..
മുക്കാലും ഉള്ളിൽ തന്നെയാണ്..
അതെന്റെ സ്വകാര്യ അഹങ്കാരവും ഇഷ്‌ടവും ദുഖവും ആണ്..
Johari window എന്നൊരു മനഃശാസ്ത്ര വിശകലനം പോലെ,
ഞാനും എല്ലാവരും അറിയുന്ന ഞാൻ..
ഞാൻ അറിയാത്ത നിങ്ങൾ അറിയുന്ന ഞാനും..
പിന്നെ എനിക്കും നിങ്ങൾക്കും അറിയാത്ത ഞാൻ…
ഒടുവിൽ എനിക്ക് മാത്രമറിയുന്ന ഞാൻ..

മായാനദി എന്ന സിനിമ കണ്ടിട്ടുണ്ടോ എല്ലാവരും.??

മാത്താ, നീയെന്നെ ഒന്ന് പ്രോത്സാഹനം തന്നേ..
എഫ്ബിയിൽ ഫോട്ടോ ഇടുമ്പോഴൊക്ക ഞാൻ അത് ഓർക്കും..

എങ്ങനെ ഷിബു നു കലയെ ഇഷ്‌ടപ്പെട്ടു !!
ആ ചോദ്യം പെട്ടന്ന് ഓർമ്മ വരും..
പോരാ, മാത്താ പോരാ…
ഞാൻ അടുത്ത ദിവസവും ഫോട്ടോ മാറ്റും..
സുന്ദരി, എന്ന് എത്ര വട്ടം കേട്ടിട്ടുണ്ട്..
പക്ഷെ ബാലിശമായ കൗമാരക്കാരിയുടെ മനസ്സ് പോലെ എനിക്ക് നഷ്‌ടമായ ആത്മവിശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല..

“” കൊല്ലത്തുള്ള കറുത്ത ആളുകളെ കണ്ടു കൊച്ചിന് വെളുത്ത ആളുകളെ കാണുമ്പോൾ കരച്ചിൽ “”
Fb യിലെ ഫോട്ടോ അടുത്ത കാലത്തൊന്നും
മാറ്റേണ്ട എന്ന് കരുതുമ്പോൾ വർഷങ്ങൾക്കു മുൻപ് കൊച്ചു മകളുടെ കരച്ചിലിന് കേട്ട കളിയാക്കലുകൾ തികട്ടും..

പോരാ മാത്താ, പോരാ…
ഞാൻ എന്റെ ഫോട്ടോ കളർ മാറ്റി ബ്ലാക്ക്‌ & വൈറ്റ് ആക്കും..
കൊള്ളാം, സുന്ദരിയാണ്..

എന്നാലും ഇടയ്ക്ക് ഞാൻ പിന്നെയും പറയും…
പോരാ, മാത്താ പോരാ…

ഇപ്പോൾ ആ മാനസികാവസ്ഥ ഞാൻ അതിജീവിച്ചു..
ഫോട്ടോ ഇടാറുണ്ട്, സന്തോഷത്തോടെ, സമാധാനത്തോടെ…

എത്ര കൊടിയ വിഷം ആണേലും മൂന്ന് നേരം കഴിച്ചു ശീലിച്ചാൽ, കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും അസ്വസ്ഥത ഉണ്ടാകും..
വിവാഹമോചനം കഴിഞ്ഞു സ്ത്രീയും പുരുഷനും അതു ഒരളവിൽ അനുഭവിക്കും എന്നാണ് പലരുടെയും കഥകളിലൂടെ അറിഞ്ഞത്..
മാറി വരാൻ സമയം എടുക്കും..
പക്ഷെ, വിജയിക്കും…
സംഭവിച്ചതെല്ലാം നല്ലതിന് എന്നും ആരെയും വെറുക്കേണ്ട എന്നും തിരിച്ചറിഞ്ഞു കഴിയുമ്പോൾ മനസ്സ് വല്ലാതെ തണുക്കും..
ഉറപ്പല്ലേ 🥰

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്

Related Articles

Post Your Comments


Back to top button