KeralaLatest NewsNews

പെട്ടിമുടിയിലും കരിപ്പൂരിലും കണ്ടത് മനുഷ്യ സ്നേഹത്തിന്റെ തീപ്പന്തങ്ങള്‍: മമ്മൂട്ടി

ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി തന്റെ ചിന്ത പങ്കുവെച്ചത്.

ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി തന്റെ ചിന്ത പങ്കുവെച്ചത്. പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നില്ലെന്നും ഏത് ആപത്തിലും ഞങ്ങള്‍ കൂടെയുണ്ടെന്ന് പറയുന്ന ഉദാത്തമായ ആത്മധൈര്യമാണ് പെട്ടിമുടിയിലും കരിപ്പൂരിലും കണ്ടതെന്നും മമ്മൂട്ടി കുറിച്ചു. പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ തകര്‍ന്നുവീണപ്പോഴും ആളിക്കത്തിയത് മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും കെട്ടകാലത്തെ നയിക്കാന്‍ പ്രകാശത്തിനേ സാധിക്കൂവെന്നും മമ്മൂട്ടി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. ഇങ്ങനെ

നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്ക്കയാണ്.
നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചിൽ, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്പിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തിൽ നാമതു കണ്ടതാണ്. മനുഷ്യസ്നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ. ഏതാപത്തിലും ഞങ്ങൾ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണ്.
ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാൻ സ്നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ.
നമുക്ക് കൈകോർത്തു നിൽക്കാം .നമുക്കൊരു മിച്ചു നിൽക്കാം .
സ്നേഹത്തിന്റെയും കാരുണ്യത്തിന്റേയും ദീപസ്തംഭങ്ങളായി ഉയർന്നു നിൽക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button