KeralaLatest NewsNews

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ ഉത്തരവ് മൂലം ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശങ്കയില്‍. ആഗസ്ത് 12 ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം ഹയര്‍ സെക്കന്‍ഡറി ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുന്നതിന് ഈ മാസം 20 നു മുമ്പായി കാന്‍ഡിഡേറ്റ് ലോഗിന്‍ കൂടി ഉണ്ടാക്കണം. അല്ലാത്തപക്ഷം അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്നു വിദ്യാര്‍ഥികള്‍ പുറത്തുപോകും.

സ്വന്തമായോ അക്ഷയ സെന്ററുകള്‍ വഴിയോ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. എന്നാല്‍ സ്വന്തമായി ലോഗിന്‍ സൃഷ്ടിക്കുകയെന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസകരമാണ്. ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മയും സ്പീഡ് കുറവും പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് പ്രതിസന്ധിയാവും. കൊവിഡ് പശ്ചാത്തലത്തില്‍ ഗതാഗത സൗകര്യം പോലുമില്ലാതെ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാര്‍ഥികള്‍ അക്ഷയ സെന്ററുകള്‍ വഴി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇനി കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യുന്നതിന് അക്ഷയ സെന്ററുകളെ തന്നെ വീണ്ടും സമീപിക്കണം.
കൂടാതെ ഇതിനായി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് നാലു ദിവസം മാത്രം. ഇത് അക്ഷയ കേന്ദ്രങ്ങളിലുള്‍പ്പെടെ വലിയ തിരക്കിന് കാരണമാവും. 12ന് ഉത്തരവിറങ്ങിയെങ്കിലും അക്ഷയ സെന്റര്‍ നടത്തിപ്പുകാര്‍ക്ക് പോലും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. ഏറെ ക്ലേശകരവും സാമ്ബത്തിക ബാധ്യതയുമാണ് പുതിയ ഉത്തരവിലൂടെ വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. മാസങ്ങള്‍ നീണ്ട ലോക്ഡൗണും നിയന്ത്രണങ്ങളും മൂലം രക്ഷകര്‍ത്താക്കളില്‍ ഭൂരിഭാഗം പേരും കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടിലുമാണ്.

shortlink

Post Your Comments


Back to top button