Life Style

കുട്ടികളിലെ അമിത വണ്ണം …. ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍

തടി കൂടുക, കുറയുക എന്നത് കാര്യമാക്കേണ്ട ഒന്നല്ല. ബോഡി ഷെയിമിംഗ് മനുഷ്യന്റെ ആത്മവിശ്വാസത്തെ തന്നെ ഒരു ആയുഷ്‌ക്കാലം മുഴുവന്‍ മുറിവേല്‍പ്പിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ തടി കൂടുന്നതും കുറയുന്നതും വലിയ ചര്‍ച്ചാ വിശയമാക്കേണ്ടതില്ല എന്ന അവബോധമാണ് പൊതുസമൂഹത്തിനുണ്ടാവേണ്ടത്. ഈ അടുത്ത കാലത്ത് കുടുംബാംഗങ്ങളെ വല്ലാതെ അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുന്നത് കൊച്ചു കുഞ്ഞുങ്ങളിലെ അമിത വണ്ണമാണ്. ജീവിതശൈലി രോഗമെന്നതിനപ്പുറത്ത് ഒരുപാട് ഘടകങ്ങള്‍ കുഞ്ഞുങ്ങളുടെ പൊണ്ണത്തടിക്ക് കാരണമാകുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

അമ്മമാര്‍ ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങളും കുട്ടികളെ സ്വാധീനിക്കുമെന്നാണ് ഇപ്പോഴുള്ള പഠനങ്ങള്‍ പറയുന്നത്. കുട്ടികളുടെ രുചികളോടുള്ള താത്പര്യങ്ങള്‍ വരെ സ്വാധീക്കാന്‍ ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് കഴിയും. ഗര്‍ഭിണികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ ആലോചിക്കുക, ഇത്തരം ഭക്ഷണങ്ങളോട് പുറത്ത് വരുന്ന കുഞ്ഞിന് താത്പര്യം കൂടുമെന്ന്. എന്നിട്ട് അതിന് അനുസരിച്ചുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്.

ഫോര്‍മുലാ ഫൂഡും പൊണ്ണത്തടിയും

വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ ഒറ്റക്ക് ഭക്ഷണം കഴിക്കാന്‍ ശീലിപ്പിക്കണം. ഒരു വയസില്‍ തന്നെ കുട്ടികളെ ടേബിളില്‍ ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിക്കുന്നത് നല്ലതാണ്. ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കിയ ശേഷം അധികം വൈകാതെ ഒരു വയസിനടുപ്പിച്ച് തന്നെ കുട്ടികളെ ടേബിളിന് മുന്നില്‍ കൊണ്ടെത്തിക്കുന്നത് അമ്മമാര്‍ ഒരു ലക്ഷ്യമായി കണക്കാക്കണം.

എന്നാല്‍ ആ ട്രാന്‍സിഷന്‍ ഇക്കാലത്ത് ശരിയായി നടക്കുന്നില്ല. കുട്ടികള്‍ക്ക് അമ്മമാര്‍ പാല്‍ കൊടുക്കുന്നത് കുറവാണ്. ഫോര്‍മുലാ ഫൂഡാണ് (സിമിലാക്ക്, നാന്‍ പ്രോ, തുടങ്ങിയ കൃത്രിമായ പാല്‍പ്പൊടികള്‍ ഉപയോഗിച്ച് തയാറാക്കുന്നവ) കുട്ടികള്‍ക്ക് അധികവും നല്‍കാറ്. ഇത്തരം കൃത്രിമമായി തയാറാക്കുന്ന ഭക്ഷണം കൊടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വാഭാവികമായും തടി കൂടും. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ പൊണ്ണത്തടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

 

ഉദാസീനമായ ജീവിത രീതിയാണ് ( ലെറലിമേൃ്യ ഹശളല േ്യെഹല) ആണ് മിക്ക ആളുകളും ഇക്കാലത്ത് പിന്തുടരുന്നത്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വലിയവരെ അനുകരിച്ചുള്ള ഭക്ഷണ രീതിയും ആക്ടിവിറ്റികളും തന്നെയാണ് കുട്ടികളും പിന്തുടരുക. മുതിര്‍ന്നവരുടെ ഭക്ഷണ ശീലങ്ങള്‍ എങ്ങനെ ഉണ്ടാകുമോ, കുട്ടികളുടെയും അത്തരത്തിലുള്ളത് തന്നെ ആയിരിക്കും. ആരോഗ്യപ്രദമായ ഭക്ഷണശീലങ്ങളുള്ള കുടുംബത്തില്‍ പൊണ്ണത്തടിയുള്ള കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

നമ്മള്‍ കാണിച്ചു കൊടുക്കുന്ന പോലെയാണ് കുട്ടികള്‍ ചെയ്യുക. അതിപ്പോ പല്ല് തേക്കുന്നതായാലും, ഭക്ഷണം കഴിക്കുന്നതായാലും.

ഫാസ്റ്റ്ഫുഡും പൊണ്ണത്തടിയും
ആറ് തൊട്ട് പതിനൊന്ന് വയസ് വരെ ഉള്ളവരിലാണ് പൊണ്ണത്തടി വ്യാപകമായി കാണുന്നത്. പൊണ്ണത്തടി ചെറുപ്പക്കാലത്ത് തന്നെ തിരിച്ചറിയപ്പെടുന്നില്ല. വളര്‍ച്ച മോണിറ്റര്‍ ചെയ്യപ്പെടുന്നില്ല. പ്രീ സ്‌കൂള്‍ പ്രായത്തില്‍ കുട്ടികള്‍ എത്തുമ്പോഴാണ് മിക്കപ്പോഴും രക്ഷിതാക്കള്‍ കുട്ടിയുടെ ഭാരവും തടിയും ശ്രദ്ധിക്കുക.

മിക്ക വീടുകളിലും പ്രീ കുക്ക്ഡ് ആയ ഭക്ഷണങ്ങളോ മറ്റ് ബേക്കറി വസ്തുക്കളോ ഉണ്ടാകും. പാശ്ചാത്യ രീതിയിലുള്ള ഭക്ഷണങ്ങളാണ് കുട്ടികള്‍ക്ക് പ്രിയം. രക്ഷിതാക്കള്‍ കുട്ടി ഇഷ്ടമുള്ളത് കഴിച്ചോട്ടെ എന്നും കരുതും. പക്ഷെ പൊണ്ണത്തടിയെ അറിയാതെ തന്നെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ രക്ഷിതാക്കള്‍ ചെയ്യുന്നത്. പച്ചക്കറിയും മറ്റും ഇപ്പോള്‍ കുട്ടികള്‍ കഴിക്കാറേ ഇല്ല. കൂടുതലായി ചിക്കന്‍ കഴിക്കുന്നതും പൊണ്ണത്തടിക്ക് കാരണമാകും.

കുട്ടിക്കാലത്തേ നിയന്ത്രിച്ചില്ലെങ്കില്‍ അമിത ഭാരം കൗമാരപ്രായത്തിലും യൗവനത്തിലും പിന്തുടരും. ഇത് പല ജീവിത ശൈലി രോഗങ്ങള്‍ക്കും വഴിവയ്ക്കും.

ഉറക്കവും അമിതഭാരവും
കുട്ടികളിലെ ഉറക്കത്തിന്റെ കുറവ് പൊണ്ണത്തടി കൂട്ടും. കുഞ്ഞുങ്ങള്‍ക്ക് ശരിയായ സമയത്ത് ശരിയായ ഉറക്കം ലഭിച്ചിരിക്കണം. ശരീരത്തിലെ മെറ്റബോളിസവും ഉറക്കവും തമ്മില്‍ ബന്ധമുണ്ട്. മെറ്റബോളിസം ശരിയായി നടക്കുക ഉറങ്ങുന്ന സമയത്താണ്. പക്ഷേ വീട്ടിലുള്ളവരുടെ ഉറക്കത്തിന്റെ പാറ്റേണ്‍ കുട്ടികളും ശീലമാക്കുന്നത് സ്വാഭാവികം. രാത്രി വളരെ വൈകി കിടക്കുകയും രാവിലെ വൈകി എണീക്കുകയും ചെയ്യുന്ന ശീലം കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കും. ഉറക്കത്തിന് പ്രശ്‌നമുള്ള കുട്ടികള്‍ക്ക് പൊണ്ണത്തടി വന്നാല്‍ അത് പോകാന്‍ വളരെ പാടാണ്.

ഭക്ഷണം കഴിക്കുന്ന സ്ഥലവും പൊണ്ണത്തടിയും
മൊബൈലിനും ടിവിക്കും മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതിലേക്കുള്ള തലച്ചോറിന്റെ ശ്രദ്ധ കുറയും. വയറ് നിറഞ്ഞ തോന്നല്‍ (satity value)
അത് കുറക്കും. ടേബിളില്‍ എല്ലാവര്‍ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

മൊബൈലിന്റെയും ടിവിയുടെയും മുന്‍പിലിരിക്കുന്ന സമയത്ത് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുക. കൂടാതെ വ്യായാമം ചെയ്യാനുള്ള മടിയും ഇക്കാലത്തെ കുട്ടികള്‍ക്ക് കൂടുതലാണ്.

മാനസിക സന്തോഷവും ഭക്ഷണം കഴിക്കലും
മാനസിക സന്തോഷം നല്‍കുന്ന തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ ‘സെറാട്ടോണിന്‍’ ഭൂരിഭാഗവും ഉത്പാദിപ്പിക്കപ്പെടുന്നത് കുടലിലും വയറിന്റെ ഭാഗങ്ങളിലുമാണ്. അതിനാല്‍ കുട്ടികളുടെ മാനസിക അവസ്ഥയെ പോലും കഴിക്കുന്ന ഭക്ഷണം ബാധിക്കും, പൊണ്ണത്തടിയുള്ള കുട്ടികളുടെ മാനസിക അവസ്ഥയെ ഇത് പ്രശ്‌നത്തിലാക്കും. കൂടാതെ പൊണ്ണത്തടി വന്നതിന് ശേഷം ആളുകള്‍ക്കുള്ള മനോഭാവവും കുട്ടിയെ ബാധിക്കുന്നതാണ്. ഇത് പലവിധ മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. നല്ല ആഹാരമാണ് ശരീരത്തിനും മനസിനും ഉള്ള നല്ല ഊര്‍ജം.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button