KeralaLatest NewsNews

പരമ്പരാഗത ട്രാൻസ്ഫോർമറുകൾ ഇനി പഴങ്കഥ; പുത്തൻ കണ്ടുപിടിത്തവുമായി കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷകർ

കോഴിക്കോട്: വൈദ്യുതി വിതരണ രംഗത്ത് വിപ്ലവ കരമായ മാറ്റങ്ങൾക്ക് വഴിതുറക്കാവുന്ന കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് എൻ.ഐ.ടി. ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം ഗവേഷകർ. 80 വർഷത്തോളം പഴക്കം ചെന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകൾക്ക് പകരമായി ഉയർന്ന പ്രവർത്തനശേഷിയും ചെലവുകുറഞ്ഞതുമായ ട്രാൻസ്ഫോർമർ വികസിപ്പിച്ചിരിക്കുകയാണ് ഇവർ.

Read also: ശ്രീനഗറിൽ സിആർപിഎഫിന് നേരെ തീവ്രവാദ ആക്രമണം

സോളിഡ് സ്റ്റേറ്റ് പവർ ട്രാൻസ്ഫോർമർ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ ട്രാൻസ്ഫോർമറുകൾക്ക് പരമ്പരാഗത ട്രാൻസ്ഫോർമറുകളുടെ നാലിലൊന്നിൽക്കുറവ് വലുപ്പമേ ഉണ്ടാവുകയുള്ളൂ. കാര്യക്ഷമത കൂടുതലുള്ളതിനാൽ വൈദ്യുതി പ്രസരണ നഷ്ടം കാര്യമായി കുറയ്ക്കാൻ ഇതിന് കഴിയും. ഫ്യൂസും കൺട്രോൾ ഡിവൈസുകളും മറ്റും ആവശ്യമില്ല എന്നതിനാൽ നിർമാണച്ചിലവും ഇതിന് വളരെ കുറവാണ്. മാത്രമല്ല റിമോട്ട് കൺട്രോൾവഴി സബ്സ്റ്റേഷനുകളിൽ ഇരുന്നുതന്നെ നിയന്ത്രിക്കാനാവുമെന്നത് ഈ ട്രാൻസ്ഫോർമറുകളുടെ ഏറ്റവും മികച്ച സവിശേഷതയാണ്.

ഇന്ത്യയിൽ ആദ്യമായാണ് സോളിഡ് സ്റ്റേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാൻസ്ഫോർമർ വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഇലക്ട്രിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഡോ. എസ്. അശോക് പറഞ്ഞു. അസിസ്റ്റന്റ് പ്രൊഫസർ ഡോ. കുമരവേൽ, ഗവേഷക വിദ്യാർഥിനി ജി. ഹരിത എന്നിവരടങ്ങുന്ന സംഘത്തിന്റെ മൂന്നുവർഷത്തെ ഗവേഷണ ഫലമാണ് ഈ സോളിഡ് സ്റ്റേറ്റ് പവർ ട്രാൻസ്ഫോർമർ.

പൊതുമേഖലാ സ്ഥാപനമായ കേരള അലൈഡ് ഇലക്ട്രിക്കൽസ് ആൻഡ് എൻജിനീയറിങ്ങുമായി (കെൽ) വ്യാവസായിക ഉത്പാദനത്തിനായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. വിജയകരമായ പരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് സാങ്കേതികവിദ്യ കെൽ ഏറ്റെടുത്തത്.

shortlink

Post Your Comments


Back to top button