KeralaLatest NewsNews

കസ്റ്റഡി മരണം; മുന്‍കൂര്‍ ജാമ്യം തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

ജൂലായ് മാസം 28 നാണ് ചിറ്റാറിലെ കുടുംബ വീട്ടില്‍ നിന്നും ഏഴംഗ വനപാലക സംഘം ഫാം ഉടമ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്.

പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. എ.കെ.പ്രദീപ്കുമാര്‍, ടി.അനില്‍കുമാര്‍, എന്‍.സന്തോഷ്, ഇ.ബി.പ്രദീപ്കുമാര്‍, പി.പ്രദീന്‍ എന്നിവരടങ്ങിയ 5 ഉദ്യോഗസ്ഥരാണ് ജാമ്യാപേക്ഷ നല്‍കി ഹൈക്കോടതിയെ സമീപിച്ചത്.

മത്തായിയുടെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ജോലി സംബന്ധമായ ചുമതലകള്‍ മാത്രമാണു നിറവേറ്റിയതെന്നും അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കേസില്‍ ഇതുവരേയും സിബിഐ പ്രതിയാക്കിയിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെ നിര്‍ണ്ണായക തെളിവുകള്‍ സിബിഐയ്ക്ക് കിട്ടിയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ഇവരുടെ ജാമ്യ ഹര്‍ജിയില്‍ സിബിഐ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. അതിശക്തമായി ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഇവരെല്ലാം കേസില്‍ പ്രതിയാകും.

മത്തായിയുടെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ രക്ഷിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിലായിരന്നു. എന്നാൽ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി വിവരവകാശ രേഖ വഴിയാണ് പുറത്തു വന്നത്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. മരണം വിവാദമായതോടെ വനം വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ സസ്പെന്‍ഷനില്‍ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാല്‍ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാനും വനം വകുപ്പ് തയാറായിട്ടില്ല എന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ കെ പ്രദീപ് കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ ബി പ്രദീപ് കുമാറിനെ രാജാംപാറയിലേക്കും, എന്‍ സന്തോഷ്, റ്റി അനില്‍ കുമാര്‍, വി എം ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചര്‍മാര്‍ക്കും സ്ഥലംമാറ്റ ഉത്തരവ് നല്‍കിയിട്ടുണ്ട്.

ജൂലായ് മാസം 28 നാണ് ചിറ്റാറിലെ കുടുംബ വീട്ടില്‍ നിന്നും ഏഴംഗ വനപാലക സംഘം ഫാം ഉടമ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകുന്നേരം ആറരയോടെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ മത്തായിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മത്തായിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച മത്തായിയുടെ ഭാര്യ ഷീബയും മറ്റു ബന്ധുക്കളും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ ലഭിക്കും മൃതദ്ദേഹം സംസ്‌കരിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നിന്നു. ഈ ഒറ്റപ്പെട്ട സംഭവം ദേശീയ ശ്രദ്ധ വരെ നേടിയെടുത്തു.

Read Also: വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചന്ദനതൈല ഇ ലേലം

തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും മത്തായിയുടെ മൃതദ്ദേഹം സംസ്‌കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മത്തായിയുടെ കുടുംബത്തോട് ഉത്തരവിടുകയും ചെയ്തു. മരണത്തിനു ശേഷം നാല്‍പ്പതാം നാളാണ് മത്തായിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വനംവകുപ്പിന്റെ തെളിവെടുപ്പിനിടെ കിണറ്റില്‍ വീണു മരിച്ച മത്തായി ജീവനൊടുക്കിയതാണെന്നാണ് വനംവകുപ്പിന്റെ മഹസര്‍ റിപ്പോര്‍ട്ട്.

ഇദ്ദേഹം വനത്തിനുള്ളില്‍ കയറി മൃഗവേട്ട നടത്തിയെന്നും അതു കഴിഞ്ഞ് മടങ്ങുന്ന വഴി തോക്കുമായി പോകുന്ന ദൃശ്യം ടൈഗര്‍ ട്രാപ്പ് ക്യാമറയില്‍ പതിഞ്ഞുവെന്നും ഇക്കാര്യം മനസിലാക്കിയ മത്തായിയും മറ്റ് രണ്ടു പേരും ചേര്‍ന്ന് ക്യാമറ തകര്‍ത്ത് മെമ്മറി കാര്‍ഡ് പുറത്തെടുത്ത് കത്തിച്ചുവെന്നുമാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സംഭവം സംബന്ധിച്ച്‌ തയാറാക്കിയ സീന്‍ മഹസറിലാണ് ഇക്കാര്യമുള്ളത്. തെളിവെടുപ്പിനിടെ വനപാലക സംഘത്തെ വെട്ടിച്ച്‌ കുടുംബവീട്ടിലെ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നുവത്രേ. മത്തായിയുടെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിന്റെ കിണറ്റില്‍ കണ്ടെത്തിയത് 28 ന് വൈകിട്ട് ആറരയോടെയാണ്. ഈ തീയതി വച്ചു തന്നെയാണ് വനംവകുപ്പ് മഹസര്‍ തയാറാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button