COVID 19Life StyleHealth & Fitness

ആവി പിടിച്ച് കൊറോണ വൈറസിനെ തുരത്താമോ? വാട്‌‌സപ്പ് മെസേജുകളുടെ യാഥാർത്ഥ്യം

ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം എന്ന തരത്തിലുള്ള ഒരു മെസ്സേജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. “ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ കൊല്ലാം” എന്നതാണ് സമർത്ഥിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒരാഴ്ച അടുപ്പിച്ച് ദിവസവും ആവി പിടിക്കാനും, അങ്ങനെ ആവിപിടിക്കൽ വാരാചരണം നടത്താനുമൊക്കെ ആഹ്വാനം കണ്ടു. “മാരകമായ COVID-19 മായ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്” എന്നും കൊറോണ ഇല്ലാ ലോകത്ത് ജീവിക്കാൻ കഴിയും എന്ന് ഉറപ്പും കൂടെ നൽകുന്നുണ്ട് എന്നാണ് സന്ദേശത്തിൽ പറയുന്നത്. സത്യമോ നുണയോ എന്നറിയാതെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. . ഈ സാഹചര്യത്തിൽ ഇതിന്റെ ആധികാരികത ശാസ്ത്രീയ അടിത്തറയോടെ വ്യക്തമാക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ ഇൻഫോ ക്ലിനിക്ക്.

ഇനി ഇതിന്റെ ശാസ്ത്രീയ വസ്തുതകളിലേക്ക്,

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തെയും മറ്റ്‌ ശ്വസന വ്യൂഹത്തെയും ആണ് ബാധിക്കുന്നത്. എന്നാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ എത്തിക്കഴിഞ്ഞാൽ ശരീരത്തിന്റെ വിവിധ അവയവങ്ങളെയും, വ്യവസ്ഥകളെയും ബാധിക്കാം, കേവലം മൂക്കിനുള്ളിൽ മാത്രം കൂടു കെട്ടിക്കഴിയുകല്ല കൊറോണ എന്ന് ലളിതമായി പറയാം.

മൂക്കിന്റെ ഉൾഭാഗത്ത് നിന്നും സ്രവം എടുത്താണല്ലോ രോഗനിർണ്ണയം നടത്തുന്നത്?

അതെ,

വൈറസിന്റെ സാന്നിധ്യം മൂക്കിൻറെ പിൻഭാഗം, തൊണ്ട ശ്വാസനാളികൾ, വായ, ശ്വാസകോശം തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലും കണ്ടെത്താൻ കഴിയുന്നത്.

അത് വൈറസ് മൂക്കിൽ മാത്രം കാണപ്പെടുന്നത് കൊണ്ടല്ല.

യഥാർഥത്തിൽ മൂക്കിനുള്ളിൽ നിന്നും, തൊണ്ടയുടെ ഉൾഭാഗത്ത് നിന്നും ഉള്ള സ്രവങ്ങളെക്കാൾ രോഗാണു സാന്നിധ്യം കണ്ടെത്താൻ വളരെയേറെ സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനുള്ളിലെ സ്രവം പരിശോധിക്കുക വഴിയാണ്. എന്നാൽ ഇത് ചെയ്യാൻ പ്രയോഗികമായി വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് എന്നതിനാലാണ് അത് ഒരു ടെസ്റ്റിങ് രീതിയായി ഉപയോഗിക്കാത്തത്.

ശ്വാസകോശത്തിനുള്ളിൽ നിന്നു ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായുവിൽ പടരുന്ന സ്രവകണികകൾ, മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവങ്ങൾ എന്നിവ വഴിയാണ് പ്രധാനമായും രോഗം പകരുന്നത്.

നീരാവി കൊറോണ വൈറസിനെ കൊല്ലുമോ?

പൊതുവായി പറഞ്ഞാൽ ഉയർന്ന താപനില കൊറോണ വൈറസിനെ നശിപ്പിക്കും. എന്നാൽ മനുഷ്യ ശരീരത്തിന് താങ്ങാവുന്ന താപനിലയിൽ ഈ വൈറസ് നശിക്കുമോ അതിനു എത്ര നേരത്തോളം ഈ താപ നില നിലനിൽക്കണം എന്നത് ആണ് ചിന്തിക്കേണ്ട കാര്യം.

കോവിഡ് ഒരു RNA വൈറസ് ആണ്. പ്രോട്ടീൻ നിർമിതമായ ഒരു കവർ ഇതിനുണ്ട്. ഈ കവർ ഉയർന്ന താപനില ഉപയോഗിച്ച് നശിപ്പിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ നശിപ്പിക്കാൻ 70 ഡിഗ്രിയിൽ കൂടുതൽ ചൂട് 30 മിനിറ്റോളം എങ്കിലും വേണം എന്നതാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യശരീരത്തിൽ താങ്ങാവുന്ന ഊഷ്മാവ് അല്ല ഇത് എന്നത് സ്പഷ്ടം. ആവി പിടിക്കുമ്പോൾ ഉപയോഗിക്കുന്ന ആവിയുടെ ഊഷ്മാവ് 45 ഡിഗ്രിക്ക് മുകളിൽ പോലും എത്തുന്നില്ല എന്നതാണ് വാസ്തവം.

ഇനി മൂക്കിലെ കുറച്ചു കൊറോണ വൈറസുകളെ ആവി കൊല്ലും എന്ന് ഒരു വാദത്തിന് സമ്മതിക്കുകയാണ് എന്ന് വെക്കുക, അപ്പോഴും ശ്വാസകോശത്തിൽ ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ള കൊറോണ വൈറസ് അവശേഷിക്കുകയില്ലേ?

അപ്പൊ സ്വാഭാവികമായും മറ്റൊരു ചോദ്യം ഉയരും അല്ലേ,

എങ്കിൽ പണ്ടുമുതൽക്കേ നമ്മൾ ജലദോഷപ്പനി പനി, മൂക്കൊലിപ്പ് എന്നിവക്ക് ആവി പിടിക്കാൻ പറയുന്നത് എന്തിനാണ് ?

ഏതു തരം അണുബാധ ശ്വസനവ്യൂഹത്തെ ബാധിക്കുമ്പോഴും അവ ശരീരത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. രക്തകുഴലുകൾ വികസിക്കുകയും ശ്ലേഷ്മ സ്തരത്തെ പ്രകോപിപ്പിച്ച് ധാരാളം ശ്ലേഷ്മവും കഫവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇതാണ് മൂക്കടപ്പ്, തലവേദന മുതലായ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നത്.

ആവി പിടിക്കുന്നത് കഫം നേർപ്പിക്കുന്നത് കാരണം ആകുന്നു. അതിനാൽ രോഗലക്ഷണങ്ങൾക്ക് പ്രത്യേകിച്ചും തലവേദന, മൂക്കടപ്പ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും. എന്നാൽ രോഗാണുവിനെ നശിപ്പിക്കുവാനോ രോഗ വിമുക്തിയിലെത്തിക്കാനോ വേണ്ടിയുള്ള ഒന്നല്ല ആവി പിടിക്കൽ.

“ഇതിനൊരു പാർശ്വഫലവും ഇല്ല എന്ന് സന്ദേശത്തിൽ അവകാശവാദം ഉണ്ട്, സത്യമാണോ?”

കാര്യം നമ്മൾക്ക് ചിരപരിചിതമായ പ്രയോഗമാണ് ഇതെങ്കിലും ചില ദൂഷ്യഫലങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്.

കുട്ടികളിൽ പലപ്പോഴും ആവി പിടിത്തം അനാവശ്യ പൊള്ളലും അപകടങ്ങളും വിളിച്ചുവരുത്തുന്നതും അപൂർവമല്ല.

ഈ വ്യാജ സന്ദേശം ഇപ്പൊ എവിടുന്നു ഉടലെടുത്തു?

കഴിഞ്ഞ ദിവസം വന്ന ഒരു പഠനം ആസ്പദമാക്കി ഒരു വാർത്ത, ചില മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

പഠനത്തിന്റെ പ്രസക്തിയോ ശാസ്ത്രീയതയോ ഗ്രഹിക്കാതെ ഇത്തരം പാതി വെന്ത “പഠനങ്ങൾ” മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് സ്ഥിരം രീതിയാണ്.

പ്രസ്തുത പഠനത്തിന്റെ ശാസ്ത്രീയ അടിത്തറ ദുർബലമാണ്. ഇന്ത്യയിലെ ഒരു ആശുപത്രിയിൽ ചുരുക്കം ചിലരിൽ മാത്രം നടത്തിയ ഒരു നിരീക്ഷണ പഠനം മാത്രമാണ് അത്. കൺട്രോൾ ഗ്രൂപ്പ് ഉള്ള ഒരു Randomized Controlled Trial ഒന്നുമായിരുന്നില്ല അത്.

പഠനത്തെ ആസ്പദമാക്കി ഇത്തരം വലിയ അവകാശവാദങ്ങൾ പഠനം നടത്തിയവർ പോലും ഉന്നയിക്കുന്നില്ല എന്നതും ഓർക്കണം.

ചുരുക്കി പറഞ്ഞാൽ ആവി പിടിക്കാൻ ഓടും മുമ്പ് ഇടവിട്ടിടവിട്ട് കൈ കഴുകുക, ശാരീരിക അകലം പാലിക്കുക, മാസ്ക്കിന്റെ ശരിയായ ഉപയോഗം എന്നീ അടിസ്ഥാന തത്വങ്ങൾ തന്നെയാണ് കോവിഡ് പ്രതിരോധത്തിൽ മുഖ്യം എന്നത് ഓർക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button