Latest NewsNewsLife Style

ഭക്ഷണം ആവിയില്‍ വേവിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഭക്ഷണം പാകം ചെയ്യുന്നതിന് പല രീതികള്‍ നാം അവലംബിക്കാറുണ്ട്. വെള്ളത്തിലിട്ട് വേവിക്കുക, വറുക്കുകയോ പൊരിച്ചെടുക്കുകയോ ചെയ്യുക, ആവിയില്‍ വേവിക്കുക, ചുട്ടെടുക്കുക, ബേക്ക് ചെയ്യുക എന്നിങ്ങനെ പല രീതികള്‍. ഓരോ വിഭവത്തിനും അതിന്‍റെ വേവിനും എല്ലാം അനുസരിച്ചാണ് പാകം ചെയ്യുന്ന രീതിയും നാം നിശ്ചയിക്കുന്നത്.

ഇക്കൂട്ടത്തില്‍ ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്ന രീതി വളരെ ആരോഗ്യകരമായതായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് പച്ചക്കറികളും മറ്റും ഇതുപോലെ വേവിച്ചെടുക്കുന്നത് ഇവയുടെ ഗുണങ്ങള്‍ നഷ്ടമാകാതിരിക്കാനും മറ്റും സഹായിക്കും. അതുപോലെ എണ്ണയോ കൊഴുപ്പോ ചേര്‍ക്കാത്ത പാചകരീതി ആയതുകൊണ്ടും ‘സ്റ്റീമിംഗ്’ ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ ആവിയില്‍ ഭക്ഷണം വേവിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഉചിതമാണ്. ഇത്തരത്തില്‍ കരുതേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

ആവിയില്‍ എന്ത് വേവിക്കുമ്പോഴും പാത്രം നിറച്ച് വയ്ക്കരുത്. ഇത് ഭക്ഷണം കൃത്യമായി വേകാതിരിക്കുന്നതിന് കാരണമാകും. അതുപോലെ ഒരുപോലെ എല്ലായിടവും വേവാതിരിക്കുന്നതിനും കാരണമാകും. ആവശ്യത്തിന് ആവി എല്ലായിടത്തും എത്തി വേവ് കിട്ടാൻ ഇടം ബാക്കി വച്ചുകൊണ്ടായിരിക്കണം വേവിക്കാൻ വയ്ക്കേണ്ടത്.

ആവിയില്‍ വേവിക്കുമ്പോള്‍ കൃത്യമായി ആവി പാത്രത്തിലേക്ക് വരുന്നുണ്ടെന്ന് ഉറപ്പിക്കണം. ഇടയ്ക്ക് അടപ്പ് തുറന്നുനോക്കുകയും ചെയ്യരുത്. ഇത് വേവിനെ ബാധിക്കും. ഭക്ഷണം അടച്ചുവച്ച ശേഷം പാചകത്തിനെടുക്കുന്ന സമയം കഴിഞ്ഞ് മാത്രം അടപ്പ് തുറക്കുക.

ആവിയില്‍ വേവിക്കാൻ വേണ്ടി എടുക്കുന്ന പാത്രത്തിന്‍റെ അടപ്പ് പാത്രത്തിന് കൃത്യമായി യോജിക്കുന്നതായിരിക്കണം. അല്ലാത്തപക്ഷം ഭക്ഷണം വേവുകയുമില്ല. ഏറെ സമയം ഈ രീതിയില്‍ പാഴാവുകയും ചെയ്യും.

ആവിയില്‍ ഭക്ഷണം വേവിക്കുമ്പോള്‍ എടുക്കുന്ന വെള്ളം ക്ലോറിൻ മുക്തമായിരിക്കണം. അതുപോലെ ഇടയ്ക്ക് വീണ്ടും വെള്ളം ചേര്‍ത്തുകൊടുക്കേണ്ടി വന്നാല്‍ ചൂടുവെള്ളം തന്നെ ചേര്‍ക്കുക.

ആവിയില്‍ വേവിക്കുന്നതായാലും എങ്ങനെ വേവിക്കുന്നതായാലും ഭക്ഷണം അമിതമായി വേവിക്കാതിരിക്കുക. ഇത് ഭക്ഷണത്തിന്‍റെ ഗുണം ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാൻ കാരണമാകും. അതിനാല്‍ മിതമായ നേരത്തേക്ക് മാത്രം ഭക്ഷണം ആവി കയറ്റിയെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button