Latest NewsNewsInternational

രാജ്യത്ത് വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവന്നേക്കും; വൻ ദുരന്തത്തിലേക്ക് ഉത്തര കൊറിയ

1990ൽ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് ഉത്തര കൊറിയ ഭരിക്കുമ്പോഴും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിരുന്നു.

സോൾ: രാജ്യം വൻ ദുരന്തത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയിൽ ഉത്തര കൊറിയ. മൂന്ന് കൊടുങ്കാറ്റുകൾ, യുഎസ് നേതൃത്വത്തിലുള്ള ഉപരോധം എന്നിവയ്ക്കു പുറമേ കോവിഡ് മഹാമാരിയും– വൻ ദുരന്തത്തിലേക്കാണ് ഉത്തര കൊറിയ പോകുന്നതെന്നാണു റിപ്പോര്‍ട്ടുകൾ. കൊറിയയിലെ 26 മില്യൻ ജനങ്ങള്‍ വീണ്ടുമൊരു ഭക്ഷ്യക്ഷാമം കൂടി നേരിടേണ്ടിവന്നേക്കും. 1990ൽ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവ് ഉത്തര കൊറിയ ഭരിക്കുമ്പോഴും രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെ കടന്നുപോയിരുന്നു. അതിനു ശേഷം ആദ്യമായാണു ഇത്തരമൊരു പ്രതിസന്ധി വീണ്ടും ഉത്തര കൊറിയയെ തേടിയെത്തുന്നത്.

എന്നാൽ പ്രളയം, വെള്ളപ്പൊക്കം എന്നിവയുടെ ഫലമായി രാജ്യം കഠിനമായ പ്രശ്നങ്ങളാണു നേരിടുന്നതെന്ന് കിം ജോങ് ഉൻ പറഞ്ഞതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൃഷിനാശത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിനായി കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്കു നിരന്തരം നിർദേശങ്ങൾ നൽകുകയാണ്. എത്ര പേരാണ് ഈ വർഷത്തെ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടത അനുഭവിച്ചത്?– ഒക്ടോബർ 10ന് സൈനിക പരേഡിൽ സംസാരിക്കവെ കിം ചോദിച്ചു. കോവിഡ്, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്കെതിരായി മുന്നിൽനിന്നു പ്രവർത്തിക്കുന്ന നമ്മുടെ സൈനികരുടെ ദേശഭക്തിയെ കണ്ണീരോടെയല്ലാതെ സ്വീകരിക്കാനാകില്ല– സൈനിക പരേഡിലെ വൈകാരികമായ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Read Also: രാജ്യത്തെ നയിക്കുന്നതില്‍ പരാജയപ്പെട്ടു: ജീവിതത്തിലാദ്യമായി ജനങ്ങളുടെ മുന്നിൽ കണ്ണീരോടെ ക്ഷമാപണം നടത്തി ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍

ഉത്തര കൊറിയയിലെ വിളവെടുപ്പിന് തൊട്ടുമുൻപാണു മൂന്ന് കൊടുങ്കാറ്റുകൾ അവിടെ വീശിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ രണ്ട് ആഴ്ചയോളം പ്രകൃതി ദുരന്തം കൊറിയയെ തകർത്തു. ഇതു രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിതരണം താറുമാറാക്കി. യുഎൻ കണക്കുകൾ പ്രകാരം ഉത്തരകൊറിയയിലെ 40 ശതമാനത്തോളം ജനങ്ങൾക്ക് ഇപ്പോൾ തന്നെ ആവശ്യത്തിലും കുറവ് ഭക്ഷണമാണു ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ വിളവെടുപ്പ് മോശമായതും ചൈനയിൽനിന്നുള്ള ഭക്ഷണ ഇറക്കുമതിയിലെ പ്രശ്നങ്ങളും കൊറോണ രോഗവും ഇതു കൂടുതൽ വഷളാക്കി.അതേസമയം കോവിഡ് ബാധയെ തുടർന്ന് ഉത്തര കൊറിയ അതിർത്തികളെല്ലാം അടച്ചിട്ടു. ഇതോടെ ഇന്ധനം, വളം തുടങ്ങിയവയുടെ ഇറക്കുമതി നിലച്ചു. ഇത് കൃഷിയെയും ബാധിച്ചു.

രാജ്യത്തെ ജനങ്ങൾ അവരുടെ സ്വത്തും ഉപകരണങ്ങളും വിൽക്കുകയാണ്. വായ്‌പകൾ എടുക്കുന്നു. ഔഷധ സസ്യങ്ങൾ കണ്ടെത്തുന്നതിനായി മലകളിലേക്കു പോകുന്നു. ഭക്ഷണത്തിനായി കൊള്ളയടിക്കുന്നു, അതിജീവിക്കുന്നതിനായി വളരെ കുറച്ചു സ്ഥലത്തു മാത്രം കൃഷി ചെയ്യുന്നു– ഉത്തര കൊറിയൻ മനുഷ്യാവകാശങ്ങൾക്കായുള്ള യുഎൻ പ്രതിനിധിയുടെ റിപ്പോർട്ടിൽ പറയുന്നു.

1994ന് ശേഷം ഉണ്ടായതിൽ ഏറ്റവും ചെറിയ വിളവെടുപ്പാണ് ഈ വർഷം ഉത്തര കൊറിയയിൽ നടന്നത്. കാലാവസ്ഥാ പ്രശ്നങ്ങൾ ലോകത്താകെ കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്, എന്നാൽ ഉത്തര കൊറിയയിൽ സ്ഥിതി അതീവ ഗുരുതരമാണ്. പർവത പ്രദേശങ്ങള്‍ ഏറെയുള്ള ഉത്തര കൊറിയയിലെ 22 ശതമാനം പ്രദേശത്തു മാത്രമാണു കൃഷി ചെയ്യാന്‍ സാധിക്കുന്നത്. ലോകരാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ടു കഴിയുന്ന ഉത്തര കൊറിയ, ചൈനയെ മാത്രമാണു സഹായങ്ങൾക്കായി സമീപിക്കുന്നത്. തൊണ്ണൂറുകളിൽ പ്രളയവും വരൾച്ചയും കാരണമുണ്ടായ ദാരിദ്ര്യത്തിൽ ജനസംഖ്യയുടെ പത്തുശതമാനത്തോളം പേര്‍ ഇവിടെ മരിച്ചുവീണു.

വനമേഖലകൾ തുടർച്ചയായി ഇല്ലാതാക്കിയതാണു ഉത്തര കൊറിയയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയതെന്ന് കൊറിയ എൻവയോൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ മിയോൺ സൂജോങ് പറഞ്ഞു. 1970 മുതൽ കൃഷി ചെയ്യുന്നതിനായി പർവത പ്രദേശങ്ങളിലെ മരങ്ങൾ വെട്ടുന്നുണ്ട്. 900,000 ഹെക്ടർ വനപ്രദേശം 30 വർഷത്തിൽ ഇല്ലാതായതായും അദ്ദേഹം പറഞ്ഞു. 2018ലെ വേനലില്‍ കൊറിയയിലെ താപനില സാധാരണയിലേതിനേക്കാൾ 11 ഡിഗ്രി ആണ് ഉയർന്നത്. ആ വർഷം ഓഗസ്റ്റിൽ കൊടുങ്കാറ്റും പ്രളയവും ഉണ്ടായി. യുഎന്‍ വിവരങ്ങൾ പ്രകാരം 42,000 ഏക്കറിലെ വിളകളാണ് ഇങ്ങനെ നശിച്ചത്. പിന്നാലെ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ കൂപ്പുകുത്തി. കോവിഡ‍ും പ്രളയവും കാരണം ഈ വർഷവും സമാനമായിരിക്കും ഉത്തര കൊറിയയുടെ അ‌വസ്ഥയെന്നാണു പ്രവചനങ്ങൾ. ഉത്തര കൊറിയയിലെ അടുത്ത 20 വർഷത്തിലെ താപനില കഴിഞ്ഞ മുപ്പതു വർഷത്തേതിനേക്കാൾ 15 ശതമാനംവരെ ഉയരാമെന്നാണ് ദക്ഷിണ കൊറിയൻ കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button