Latest NewsNewsInternational

സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബമുണ്ടാക്കാനുള്ള അവകാശമുണ്ടെന്ന് മാര്‍പ്പാപ്പ; സഭയെ ഭിന്നിപ്പിക്കലാണോ ഉദ്ദേശമെന്ന് മെത്രാന്മാര്‍

ഇറ്റലി: സ്വവര്‍ഗ്ഗാനുരാഗം പ്രകൃതി വിരുദ്ധമെന്നും മാരക പാപമെന്നും പഠിപ്പിച്ചിരുന്ന കത്തോലിക്ക സഭയെ പോപ്പ് തന്നെ തിരുത്തിയപ്പോള്‍ ഉണ്ടായത് നിലക്കാത്ത അനുരണനങ്ങള്‍ ഉള്ള ബോംബ് സ്ഫോടനം. ”സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും കുടുംബമുണ്ടാക്കാനുള്ള അവകാശമുണ്ട്, അവരും ദൈവത്തിന്റെ മക്കള്‍ തന്നെയാണ്. അവരെ ഭ്രഷ്ടരാക്കുവാനോ തള്ളിപ്പറയുവാനോ കഴിയില്ല” പുതിയതായി റിലീസ് ചെയ്ത ഒരു ഡോക്യൂമെന്ററി ഫിലിമില്‍ 83 കാരനായ മാര്‍പ്പാപ്പ പറഞ്ഞ വാക്കുകളാണിത്. ഇതിന്റെ മാറ്റൊലി ലോകമെമ്പാടുമുള്ള കത്തോലിക്ക സഭകളെ അടിമുടി ഉലച്ചിരിക്കുകയാണ്. പുരോഗമനവാദിയെന്ന് അറിയപ്പെടുന്ന പോപ്പിന്റെ ഈ പ്രസ്താവന, സ്വതന്ത്ര ചിന്താഗതിക്കാരായ കത്തോലിക്ക വിശ്വാസികളും യുവാക്കളും സ്വാഗതം ചെയ്യുമ്പോഴും പലയിടങ്ങളിലും ഇത് സഭയ്ക്കുള്ളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്.

ലോകവ്യാപകമായി സഭയെ ഭിന്നിപ്പിക്കലാണോ മാര്‍പ്പാപ്പയുടെ ഉദ്ദേശം എന്ന് കാലാകാലങ്ങളായി വത്തിക്കാനിലെ സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന പലരും ചോദിക്കാന്‍ ആരംഭിച്ചു കഴിഞ്ഞു. സഭയിലെ തന്നെ തന്റെ മുന്‍ഗാമികളുടെ തീരുമാനങ്ങള്‍ക്ക് വരെ പോപ്പ് എതിര് നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉയരുന്നത്. 1986-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ കാലത്ത് സ്വവര്‍ഗ്ഗരതിയെ കടുത്ത അധാര്‍മ്മികതയായാണ് കണ്ടിരുന്നത്. വിവാഹം ഒരു പുണ്യകര്‍മ്മമാണെങ്കില്‍, സ്വവര്‍ഗ്ഗ രതി വെറുക്കപ്പെടേണ്ട ഒരു പാപമാണെന്നായിരുന്നു അന്നത്തെ പോപ്പിന്റെ നിലപാട്.

Read Also: ചൈനയ്‌ക്കെതിരെ നീക്കവുമായി അമേരിക്ക; ശ്രീലങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പോംപിയോ

അതേസമയം ഇരുപതാം നൂറ്റാണ്ടിനെ നാസിസവും കമ്മ്യുണിസവും എങ്ങനെ നശിപ്പിച്ചുവോ അതുപോലെ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നശിപ്പിക്കാന്‍ എത്തിയതാണ് പാശ്ചാത്യരുടെ സ്വവര്‍ഗ്ഗരതിയും ഗര്‍ഭം അലസിപ്പിക്കലും അതുപോലെ ഇസ്ലാമിക തീവ്രവാദവും എന്നാണ് ഗിയിയയിലെ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറാ പറയുന്നത്. പാരമ്പര്യവാദികള്‍ക്ക് മുന്‍തൂക്കമുള്ള ആഫ്രിക്കയിലെ കത്തോലിക്ക സഭ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ച്‌ അവര്‍ക്കുള്ള അഭിപ്രായം തുറന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വവര്‍ഗ്ഗ രതിയെ രതിവൈകല്യമെന്നും പൊതു സമൂഹത്തിന് അസ്വീകാര്യമാണെന്നുമാണ് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പുമാരുടെ സമിതി വിശേഷിപ്പിച്ചത്.

ലോകത്ത് ഏകദേശം 1.2 ബില്ല്യണോളം വരുന്ന കത്തോലിക്ക വിശ്വാസികളിലെ പാരമ്പര്യവാദികള്‍ക്ക് പോപ്പിന്റെ ഈ വാക്കുകള്‍ സൃഷ്ടിക്കുന്നത് നടുക്കം തന്നെയാണ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലേയും കത്തോലിക്ക സഭകള്‍, വത്തിക്കാന്റെ നിയന്ത്രണത്തില്‍ നിന്നും മാറിപോകും എന്നുവരെ സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇവിട പല രാജ്യങ്ങളിലും സ്വവര്‍ഗ്ഗരതി നിയമ വിരുദ്ധമാണ്. ഏകദേശം 200 മില്ല്യണ്‍ കത്തോലിക്കാ വിശ്വാസികളാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്ളത്. സഭയും വളരെ ശക്തമാണിവിടെ. 1980-2012 കാലഘട്ടത്തില്‍ യൂറോപ്പില്‍ കത്തോലിക്ക സഭയ്ക്ക് 6 ശതമാനം മാത്രം വളര്‍ച്ച കൈവരിക്കാനായപ്പോള്‍, അതേകാലഘട്ടത്തില്‍ ആഫ്രിക്കയില്‍ സഭ കൈവരിച്ചത് 283 ശതമാനം വളര്‍ച്ചയാണ്.

എന്നാൽ അമേരിക്കയിലും പാരമ്പര്യവാദികള്‍ പോപ്പിനെതിരെ തിരിഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി സ്വവര്‍ഗ്ഗ രതിയെ കുറിച്ച്‌ സഭ പഠിപ്പിച്ചു വരുന്നതിന്റെ നേര്‍ വിപരീതമാണ് പോപ്പിന്റെ ഇപ്പോഴത്തെ നിലപാട് എന്നായിരുന്നു റോഡ് ഐലന്‍ഡിലെ ബിഷപ്പ് തോമസ് ടോബിന്‍ പ്രതികരിച്ചത്. പോപ്പിന്റെ ജന്മദേശമായ അര്‍ജന്റീന ഉള്‍പ്പെടുന്ന തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലും പ്രതിഷേധം ശക്തമാണ്. മാര്‍പ്പാപ്പയുടെ പ്രസ്താവനയുടെ ധാര്‍മ്മികമായ ശരിയെ കുറിച്ച്‌ സംശയമുണ്ടെന്നാണ് ശക്തമായ മറ്റൊരു കത്തോലിക്ക സഭയായ ഫിലിപ്പൈന്‍സിലെ സഭ പറഞ്ഞത്.

പിന്നീട് 2003-ല്‍ ബോധനങ്ങള്‍ പുതുക്കിയപ്പോഴും സ്വവര്‍ഗ്ഗരതിയുടെ കാര്യം പരിഗണനയിലെത്തി. സ്വവര്‍ഗ്ഗരതിക്കാരോടുള്ള ബഹുമാനം ഒരു കാരണവശാലും സ്വവര്‍ഗ്ഗ രതിയെ അനുകൂലിക്കുന്നതിലോ അതിന് നിയമ സാധുത നല്‍കുന്നതിലോ, സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലോ എത്തിച്ചേരരുത് എന്ന് അന്ന് കര്‍ശനമായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍, കുട്ടികളെ ദത്തെടുക്കുന്നതിനെ പോലും സഭ എതിര്‍ത്തിരുന്നു.

അന്ന്, സവര്‍ഗ്ഗരതിക്കെതിരെ കര്‍ശനമായ ചട്ടങ്ങള്‍ എഴുതിയ ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറാണ് പിന്നീട് ബെനെഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയായത്. 2013- ല്‍ പദവിയില്‍ നിന്നും വിരമിച്ച ശേഷം, വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കും എന്ന് പ്രഖ്യാപിച്ചിരുന്നബനഡിക്‌ട് പതിനാറാമനാണ് ഇന്ന് പോപ്പിന്റെ പരിഷ്‌കരണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പാരമ്ബര്യവാദികള്‍ക്ക് പ്രചോദനം നല്‍കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളെ അന്തിക്രിസ്തുമാരായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, തന്റെ മുന്‍ഗാമിയെ നേരിട്ട് വെല്ലുവിളിക്കുകയാണ് പോപ്പ് ഫ്രാന്‍സിസ് എന്നര്‍ത്ഥം.

അതേസമയം, വത്തിക്കാനില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമ്ബത്തിക തട്ടിപ്പുകളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ഒരു ഉപാധി മാത്രമാണ് ഈ ഡോക്യൂമെന്ററിയും പോപ്പിന്റെ വാക്കുകളുമെന്നാണ് മറ്റൊരു കൂട്ടം നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞവര്‍ഷം, സഭയ്ക്കുള്ളില്‍ ഏറെ സ്വാധീനമുള്ള കര്‍ദ്ദിനാള്‍ ജിയോവാന്നി ബെക്സിയുവിനെകടമകളില്‍ നിന്നും പോപ്പ് പിരിച്ചുവിട്ടിരുന്നു. വത്തിക്കാന്‍ ഫണ്ടില്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തിരുമറികളുടെ പേരിലായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട്, കര്‍ദ്ദിനാളുമായി ബന്ധമുള്ള 39 കാരിയായ ഒരു ഇറ്റാലിയന്‍ വനിത കഴിഞ്ഞയാഴ്‌ച്ച അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

പോപ്പിന്റെ പ്രസ്താവന കത്തോലിക്ക സഭ ഏറെ ശക്തമായ കേരളത്തിലും വലിയ പ്രത്യാഖ്യാതങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ച. സ്വവര്‍ഗ്ഗ ലൈംഗികതയെ ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി രംഗത്തെത്തി. ഇത്തരത്തില്‍ സ്വവര്‍ഗ്ഗ ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്കുടുംബത്തിനു തുല്യമായ നിയമസാധുത നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. സ്വവര്‍ഗ്ഗ ലൈംഗികതയുമായി ബന്ധപ്പെട്ട സഭയുടെ കാഴ്‌ച്ചപ്പാടുകള്‍ക്ക് മാറ്റം വന്നിട്ടില്ലെന്നും മെത്രാന്‍ സമിതി വ്യക്തമാക്കി. ഇത്തരക്കാര്‍ കാരുണ്യവും സ്നേഹവും അര്‍ഹിക്കുന്നു എന്ന് മാത്രമാണ് മാര്‍പാപ്പ പറഞ്ഞത് എന്നും ഇവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button