KeralaLatest NewsNews

വിവാദങ്ങളിൽ നിറയുന്ന ശബ്ദ സന്ദേശം.. ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ഡി.ഐ.ജി; ശബ്ദം തന്റേതെന്ന് സമ്മതിച്ച്‌ സ്വപ്‌ന

പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ റെക്കോര്‍ഡ് ചെയ്തതല്ലെന്ന് ജയില്‍ ഡി.ഐ.ജി അജയകുമാര്‍. എന്നാൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലുള്ള സ്വപ്നയെ ഒട്ടേറെപ്പേര്‍ സന്ദര്‍ശിക്കുന്നുവെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ ജയില്‍ മേധാവി ഋഷിരാജ് സിങ് നിയമ നടപടി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തു വന്നത്.

സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ള അട്ടക്കുളങ്ങര ജയിലില്‍ പരിശോധന നടത്തിയ ശേഷമാണ് ജയില്‍ ഡി.ഐ.ജി. മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉറപ്പായിട്ടും പുറത്തുവന്ന ശബ്ദസന്ദേശം ജയിലില്‍വെച്ച്‌ എടുത്തതല്ല. ജയിലിനു പുറത്ത് സംഭവിച്ചതാണെന്നും ഡി.ഐ.ജി. പറഞ്ഞു. അതേസമയം, ശബ്ദം തന്റേതാണെന്ന് ഡി.ഐ.ജി. അജയകുമാറിനോട് സ്വപ്ന പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍, എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞതെന്നും ഡി.ഐ.ജി. വ്യക്തമാക്കി. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് അറിയിച്ചു.

എന്നാൽ ഇന്ന് രാവിലെയാണ് ഋഷിരാജ് സിങ് ശബ്ദസന്ദേശം പുറത്തുവന്നത് സംബന്ധിച്ച അന്വേഷണത്തിന് ഡി.ഐ.ജി. അജയകുമാറിനെ ചുമതലപ്പെടുത്തിയത്. ഇന്നു തന്നെ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതിനിടെ ഇ.ഡിയും ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്ബോള്‍ ശബ്ദസന്ദേശം പുറത്തുവന്നത് ഇ.ഡി. സംശയത്തോടെയാണ് കാണുന്നത്. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ സ്വപ്ന സുരേഷ് പറഞ്ഞിരുന്നത്.

Read Also: സ്ത്രീയെ മുതുകില്‍ ചുമന്ന് പോലീസ് ഉദ്യോഗസ്ഥന്‍; ബിഗ് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ

സ്വപ്നയുടെ അറസ്റ്റിന് മുമ്പും ഒരു ശബ്ദരേഖ പുറത്തു വന്നിരുന്നു. അതും മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന തരത്തിലായിരുന്നു. മുഖ്യമന്ത്രിക്ക് കേസുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള സ്വപ്നയുടെ ആ ശ്രമവും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. ജയിലിനുള്ളില്‍ സ്വപ്നയ്ക്ക് എല്ലാവിധ സൗകര്യവും ലഭിക്കുന്നുണ്ടെന്ന ആരോപണം സജീവമാക്കാന്‍ ഈ ശബ്ദ സന്ദേശം വഴിവയ്ക്കും. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സര്‍ക്കാര്‍ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ. എന്നാല്‍ ശബ്ദരേഖ സ്വപ്നയുടെത് ആണോയെന്നും ആണങ്കില്‍ ആരോട് സംസാരിച്ചതാണന്നും വ്യക്തതയില്ല.

ഏത് അന്വേഷണ ഏജന്‍സിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ചര്‍ച്ചയാവുകയാണ്. ശബ്ദരേഖയില്‍ പറയുന്നതിങ്ങനെ: ”അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്മെന്റ് എന്ന് പറഞ്ഞാ, ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യുഎഇയില്‍ പോയി, സിഎമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോഷ്യേഷന്‍സ് ചെയ്തിട്ടൊണ്ട് എന്നാണ്. അപ്പോ എന്നോടത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലാന്ന് പറഞ്ഞു. ഇനി അവര്‍ ചെലപ്പോ ജയിലില് വരും വീണ്ടും, എന്ന് പറഞ്ഞുകൊണ്ട് ഒരുപാട് ഫോഴ്സ് ചെയ്ത്. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്നമുണ്ടാക്കിയതുകൊണ്ടേ..”.. എന്ന അര്‍ദ്ധോക്തിയില്‍ ആ ശബ്ദരേഖ അവസാനിക്കുന്നു.

സ്വപ്ന സുരേഷിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ ഇന്നലെ ആറ് മണിക്കൂര്‍ ചോദ്യംചെയ്തു. രാവിലെ 10നാരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് നാലുവരെ നീണ്ടു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്‌മെന്റിന് സ്വപ്ന മൊഴി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനെത്തിയത്. ഡോളര്‍ കടത്തടക്കം എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ഈ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ശബ്ദരേഖ പുറത്തു വന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പുമായി ജയില്‍ ഡിജിപി ഋഷിരാജ് സിങ് രംഗത്തു വന്നിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് സുരേന്ദ്രന് ജയില്‍ ഡിജിപി മുന്നറിയിപ്പ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് പേര്‍ എത്തിയെന്നും, ആദ്യ ദിനം തന്നെ 15 പേരാണ് എത്തിയതെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ശബ്ദ സന്ദേശം എത്തുന്നത്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ വിവാദമായി കത്തിപടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button