KeralaLatest NewsNews

മണ്ഡലകാലം; നേരിട്ടെത്താൻ കഴിയുന്നില്ല, തപാൽ വഴി പ്രസാദം വാങ്ങി ഭക്തർ – കിറ്റ് ഒന്നിന് 450 രൂപ!

ശബരിമലയിൽ തപാൽ വഴിയുള്ള പ്രസാദ വിൽപ്പനയിൽ വർധനവ്. 450 രൂപയാണ് പ്രസാദം അടങ്ങിയ കിറ്റിന്റെ വില. കൊവിഡ് സാഹചര്യത്തിൽ ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത നിരവധി പേരാണ് കിറ്റ് തപാൽ വഴി വാങ്ങുന്നത്. അരവണ, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചനയുടെ പ്രസാദം എന്നിവയാണ് കിറ്റിലുള്ളത്.

ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരമാണ് രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിച്ച് നൽകിത്തുടങ്ങിയത്. കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് അരവണയും മറ്റും വീട്ടില്‍ എത്തിച്ചുനല്‍കാന്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

250 രൂപ ദേവസ്വം ബോർഡിനും 200 രൂപ തപാൽ വകുപ്പിനുമാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നൽകുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റിൽനിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു. കേരളത്തിന് പുറത്തുനിന്നുംവരുന്ന ഭക്തര്‍ കൂടുതല്‍ വാങ്ങുന്നത് അരവണയാണ്. എന്നാൽ കോവിഡ് നിയന്ത്രണം മൂലം ഇത്തവണ വില്‍പ്പന കുറഞ്ഞതോടെയാണ് തപാല്‍ വഴിയുള്ള പ്രസാദ വിതരണം ഊര്‍ജിതമാക്കാൻ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

അതേസമയം, മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ ഇടിവ്. ഈ ഒരാഴ്ചയ്ക്കുള്ളിൽ ദർശനത്തിനെത്തിയത് വെറും 9000 പേർ. കഴിഞ്ഞ വർഷം ഒരാഴ്ചക്കുള്ളിൽ എത്തിയത് 3 ലക്ഷം തീർത്ഥാടകരായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലാണ് ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവ് അനുഭവപ്പെടുന്നത്. ഈ ഒരാഴ്ചയ്ക്കുള്ളിൽ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് കുറച്ചെങ്കിലും തിരക്ക് അനുഭവപ്പെട്ടത്. വാവര് നടയിൽ അയ്യപ്പന്മാർകൂടിയിരിക്കുന്നതും ഇത്തവണത്തെ ആദ്യകാഴ്ചയായിരുന്നു.

സാധാരണദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് അനുമതിയുള്ളത്. തീർത്ഥാടകരുടെ കുറവ് നടവരവിനേയും ബാധിച്ചു. കഴിഞ്ഞ വർഷം ഒരു ദിവസം മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു നടവരവായി ലഭിച്ചിരുന്നത്. എന്നാൽ, ഈ വർഷത്തെ കണക്കുകളെടുത്താൽ വെറും 10 ലക്ഷം രൂപയാണ് നടവരവായി ലഭിക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ 2000 പേരിലധികം എത്തിയിട്ടും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പൊലീസിനു സാധിച്ചിട്ടുണ്ട്. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ് നിയന്ത്രണം പാലിക്കാൻ സാധിക്കുമെന്ന് കണക്കുകൂട്ടലിൽ തന്നെയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button