KeralaLatest News

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: ബുക്കിങ്ങ് ചുരുക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നത് അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും.രാവിലെ 11 ന് തിരുവനന്തപുരത്താണ് യോഗം. തിരക്ക് നിയന്ത്രിക്കുന്നതിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണോ എന്നതിലടക്കം തീരുമാനമെടുത്തേക്കും. യോഗത്തില്‍ ദേവസ്വം- പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. നിലവില്‍ 1.20 ലക്ഷം പേര്‍ക്കാണ് പ്രതിദിനം വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യാവുന്നത്. ഇത് 85,000 ആയി ചുരുക്കണമെന്നാണ് പൊലീസ് നിര്‍ദേശിക്കുന്നത്. എന്നാല്‍ നിയന്ത്രണം ആവശ്യമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം അരമണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ രാത്രി നട അടയ്ക്കുന്നത് 11.30 നാണ്. ഇതോടെ ഒരു ദിവസം പതിനെട്ടര മണിക്കൂര്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ശബരിമലയില്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരു ലക്ഷത്തിലേറെ പേരാണ് ദര്‍ശനത്തിന് എത്തുന്നത്. ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഇന്നാണ്. ഇന്ന് 1.19 ലക്ഷം പേരാണ് വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്.

അതേസമയം, ശബരിമല തിരക്കുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. തിരക്കിനെത്തുടര്‍ന്ന് മരക്കൂട്ടത്തുവെച്ച്‌ കഴിഞ്ഞ ദിവസം ഭക്തര്‍ക്ക് പരിക്കേറ്റതില്‍ കോടതി ദേവസ്വം സ്‌പെഷല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദര്‍ശനസമയം കൂട്ടാനാകുമോയെന്ന് ഹൈക്കോടതി ഇന്നലെ ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button