KeralaLatest NewsNews

വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിന് തുല്യമാണ് കേരളത്തിലെ പൊലീസിന്‍റെ രീതി: ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം : കുറച്ചുകാലമായി ചില പൊലീസുകാര്‍ കേരളത്തില്‍ പൗരന്മാര്‍ക്കുമേല്‍ അഴിഞ്ഞാടുകയാണെന്നും ലോക്കപ്പില്‍ കൊല, ഷാഡോ പൊലീസ്, തെറിവിളി, മര്‍ദ്ദനം എന്നിവയൊക്കെ നടക്കുകയാണെന്നും അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. നെയ്യാറില്‍ പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ ആളെ മകളുടെ സാന്നിധ്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിക്കുയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലായിരുന്നു ഹരീഷിന്റെ പ്രതികരണം.

വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിതെന്നും ഹരീഷ് പറഞ്ഞു. പട്ടിയുടെ ട്രെയിനിങ്ങും നിയന്ത്രണവും ചുമതലയും ഏല്‍പ്പിച്ച ആളാകട്ടെ, പട്ടിയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും പകരം പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതില്‍ കുപ്രസിദ്ധി ആര്‍ജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

കുറിപ്പിന്റെ പൂർണരൂപം…………………………………..

പൊലീസുമന്ത്രിയെ ചീത്ത വിളിപ്പിക്കരുത്.
പൗരന്മാരുടെ ഡിഗ്നിറ്റി സംരക്ഷിക്കാൻ വേണ്ടി കൂടി, പൗരന്മാർ നികുതി പണത്തിൽ നിന്ന് ചെല്ലും ചെലവും ശമ്പളവും അലവൻസും കൊടുത്തു നിർത്തിയിരിക്കുന്ന സംവിധാനത്തിന്റെ പേരാണ് പോലീസ്. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നതൊക്കെ അവരുടെ മറ്റു ഉത്തരവാദിത്തങ്ങളാണ്.
കുറച്ചുകാലമായി കുറച്ചു പൊലീസുകാർ കേരളത്തിൽ പൗരന്മാർക്ക് എതിരെ അഴിഞ്ഞാടുകയാണ്. ലോക്കപ്പിൽ കൊല, ഷാഡോ പൊലീസ്, തെറിവിളി, മർദ്ദനം… വീട്ടിൽ കാവൽ നിർത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണിത്. പട്ടിയുടെ ട്രെയിനിങ്ങും നിയന്ത്രണവും ചുമതല ഏൽപ്പിച്ച ആളാകട്ടെ, പട്ടിയെ നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നുമില്ല !! പകരം പണ്ട് ഇതേ പട്ടിയെ കയറൂരി വിട്ടതിൽ കുപ്രസിദ്ധി ആർജിച്ച പട്ടിയുപദേശിയുടെ വാക്കും കേട്ട് പട്ടിയെക്കൊണ്ട് വീണ്ടും വീണ്ടും വീട്ടുകാരെ കടിപ്പിക്കുകയാണ് !!
(ഒരുദാഹരണം പറഞ്ഞതാണ്, പൊലീസുകാരെ പട്ടിയോട് ഉപമിച്ചതല്ല)
പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാർ വീഡിയോ തെളിവുകൾ സഹിതം രംഗത്ത് വന്നിട്ടും അത്തരം പോലീസ് ഓഫീസർമാർക്ക് എതിരെ ഗൗരവമായ ഒരു നടപടിയുമില്ല. ചെറുപുഴയിൽ വിനീഷ് കുമാറിനെ സ്ഥലം മാറ്റിയത്രെ !! നെയ്യാറിൽ മറ്റൊരാളെയും സ്ഥലം മാറ്റിയത്രെ !! എന്നു മുതലാണ് സ്ഥലം മാറ്റം ശിക്ഷയായത്?? കുറ്റം ചെയ്തവനല്ല, ജനത്തിനുള്ള ശിക്ഷയാണ് അത്.
പോലീസുകാരുടെ മൊറൈൽ തകരും എന്നതിനാൽ ഒരു ശിക്ഷയും പാടില്ല എന്നു പോലീസുമന്ത്രിക്ക് നയമുണ്ട്, അന്വേഷണ വിധേയമായി സസ്‌പെൻഡ് പോലും ചെയ്യണ്ടാ എന്നു തീരുമാനിക്കും എന്ന ഉറപ്പുള്ളത് കൊണ്ടാണ് ഇവരിങ്ങനെ അഴിഞാടുന്നത്.
പൊലീസുകാരാൽ ഡിഗ്നിറ്റി തകർക്കപ്പെട്ട, മനുഷ്യാവകാശം നിഷേധിക്കപ്പെട്ട, അപമാനിക്കപ്പെട്ട, മർദ്ദിക്കപ്പെട്ട, മനുഷ്യക്ക് എന്ത് നീതിയാണ് കിട്ടുന്നത്?? സത്യസന്ധമായ അന്വേഷണമുണ്ടോ? നടപടിയുണ്ടോ? അത്തരം ക്രിമിനലുകൾ പ്രമോഷനോട് കൂടി പോലീസിൽ തുടരുന്നത് ഇവിടത്തെ നീതിയാണ് !!
എവിടുന്നാണ് ഈ ക്രിമിനലുകൾക്ക് സാധാരണക്കാരെ ചീത്ത വിളിക്കാനും തല്ലാനും ഈ ധൈര്യം കിട്ടുന്നത് എന്നു പൊലീസുമന്ത്രി ആലോചിക്കണം. അത്, ഈ ഒറ്റപ്പെട്ട ക്രിമിനലുകളെ സഹായിക്കുന്ന സേനയായി പോലീസ് മാറിയത് കൊണ്ടാണ്. അതിനെതിരെ ഒന്നും ചെയ്യാത്ത അങ്ങയുടെ കസേരയിൽ നിന്നാണ്.
മുഖ്യമന്ത്രിയെ ഇതുപോലെ ഒരാൾ ഹറാസ് ചെയ്താൽ, “എടാ വിജയാ നായിന്റമോനെ” എന്നു വിളിച്ചാൽ, പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ? അതേ നോവ് തന്നെയല്ലേ ഈ ഗതികെട്ട മനുഷ്യർക്കും ഉള്ളത്? അവരുടെ ഡിഗ്നിറ്റി പിണറായി വിജയന്റെയോ ബെഹ്റയുടെയോ ഡിഗ്നിറ്റിയേക്കാളും കുറഞ്ഞതാണെന്നു നിങ്ങൾ കരുതുന്നുണ്ടോ?
പോലീസ് കംപ്ലൈൻറ് അതോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ… പൊതുജനത്തിന്റെ ലക്ഷക്കണക്കിന് രൂപ ചെലവിട്ടു സ്ഥാപനങ്ങളുണ്ടാക്കിയിട്ടും, റിപ്പോർട്ടുകൾ ഉണ്ടായിട്ടും പോലീസ് വകുപ്പിൽ ക്രിമിനലുകൾക്ക് പരസ്യമായ പരിരക്ഷ നൽകാൻ ഒരു ആഭ്യന്തരമന്ത്രിയും വകുപ്പും ഉണ്ടെങ്കിൽ ഈ അനീതിയ്ക്ക് എതിരെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും പരാജയപ്പെടുമ്പോൾ ഇരകൾ എന്ത് ചെയ്യണം?? പോലീസ് വകുപ്പിനെ നിലയ്ക്ക് നിർത്താനാണ് മന്ത്രിയായി ഒരാളേ അതിനുമേൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അവനവനോട് നീതി പുലർത്തണം എന്നു നിര്ബന്ധമുള്ളവർ, തീർത്തും തോറ്റു പോകുമ്പോൾ, ഹതാശർ ആഭ്യന്തരമന്ത്രിയെയോ അയാളുടെ പിതാമഹരേയോ ചീത്ത വിളിച്ചു സ്വയം സമാധാനിക്കും.
അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രി തന്നെയാണ്.

https://www.facebook.com/harish.vasudevan.18/posts/10158965810877640

 

shortlink

Related Articles

Post Your Comments

Related Articles


Back to top button