Latest NewsNews

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിനെ കൂട്ടാന്‍ കുറുക്ക് വഴി ; ദുബായ് വ്യവസായിക്ക് സംഭവിച്ചത്

തൊഴിലാളികള്‍ക്കിടയിലേക്ക് ഇയാള്‍ വാരിയെറിഞ്ഞത് വ്യാജ യൂറോ നോട്ടുകളായിരുന്നു

ഇന്‍സ്റ്റഗ്രാം പേജിന് ഫോളോവേഴ്സിനെ കൂട്ടാന്‍ ദുബായ് വ്യവസായി കണ്ടെത്തിയ എളുപ്പ വഴി അദ്ദേഹത്തിന് തന്നെ വിനയായി. അല്‍ഖൂസില്‍ വെച്ച് ആഢംബര വാഹനത്തില്‍ ഒരുകൂട്ടം പ്രവാസി തൊഴിലാളികളുടെ അടുത്തു കൂടി പോകുമ്പോള്‍ 32കാരനായ വ്യവസായി അവര്‍ക്കിടയിലേക്ക് അര ലക്ഷത്തിന്റെ യൂറോ നോട്ടുകള്‍ വാരി വിതറി. ഈ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലെ വീഡിയോ വൈറലായി. വിഡിയോ വൈറലായതോടെ ഫോളോവേഴ്സ് ഇരച്ചെത്തുമെന്നായിരുന്നു ഉക്രെയിന്‍ സ്വദേശിയായ വ്യവസായിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്  തൊഴിലാളികള്‍ക്കിടയിലേക്ക് ഇയാള്‍ വാരിയെറിഞ്ഞത് വ്യാജ യൂറോ നോട്ടുകളായിരുന്നു. ഇതോടെ ഇപ്പോള്‍ ദുബായ് പോലീസ് കസ്റ്റഡിയില്‍ അഴികളെണ്ണി കഴിയുകയാണ് യുവ വ്യവസായി. വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഷോപ്പിംഗ് സെന്ററിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 7.4 ലക്ഷം ഡോളറിന്റെയും 4.8 ലക്ഷം യൂറോയുടെയും വ്യാജ കറന്‍സികളാണ് ഇയാളുടെ വീട് റെയ്ഡ് ചെയ്ത പോലീസിന് ലഭിച്ചത്.

കാറിനു പിന്നാലെ യൂറോ നോട്ടുകള്‍ വാരിക്കൂട്ടാന്‍ തൊഴിലാളികള്‍ ഓടുന്നതും വീഡിയോയിലുണ്ടായിരുന്നു. കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ച് തൊഴിലാളികള്‍ കൂട്ടംകൂടാന്‍ ഇയാളുടെ പ്രവൃത്തി ഇടവരുത്തിയതായും പോലീസ് പറഞ്ഞു. തൊഴിലാളികളെ അപമാനിക്കുകയും അവരുടെ ജീവന്‍ പോലും അപകടപ്പെടുത്തുന്നതുമായ പ്രവൃത്തിയാണ് ഇയാള്‍ ചെയ്തതെന്ന് പോലീസ് കോടതിയെ അറിയിച്ചു.

വ്യാജ യൂറോകള്‍ ദുബായിലെ ഒരു പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നും വ്യാജ ഡോളറുകള്‍ ഒരു ചൈനീസ് വെബ്സൈറ്റില്‍ നിന്നുമാണ് ഇയാള്‍ സംഘടിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. ഒരു ഇന്ത്യക്കാരന്റെ പ്രിന്റിംഗ് കടയില്‍ നിന്ന് 1000 ദിര്‍ഹം നല്‍കിയാണ് ഇയാള്‍ യൂറോ നോട്ടുകളുടെ വ്യാജ കോപ്പിയെടുത്തത്. അന്വേഷണത്തില്‍ ഇന്ത്യക്കാരനായ സെയില്‍സ്മാനെയും പോലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button