KeralaLatest NewsNews

‘ഗവര്‍ണ്ണര്‍ പദവി എന്നത് വെറും റബര്‍ സ്റ്റാമ്പല്ല’; പിണറായി സർക്കാരിനെ കടിഞ്ഞാണിടാനൊരുങ്ങി ഗവർണർ

നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ നിരാകരിക്കുന്നത് അസാധാരണമാണെന്നാണ് മറ്റൊരു വാദം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ അടിയന്തിരമായി നിയമസഭ കൂടാന്‍ അനുവദിക്കണമെന്ന പിണറായി സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണ്ണര്‍ തള്ളിക്കളഞ്ഞു. കേന്ദ്രത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നിയമസഭയെ വേദിയാക്കാനുള്ള നീക്കമാണ് ഗവര്‍ണ്ണര്‍ പൊളിച്ചു കളഞ്ഞത്. മന്ത്രിസഭാ ശുപാര്‍ശ മറികടക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമില്ലെന്നാണ് ആദ്യ വാദം. ആര്‍ട്ടിക്കിള്‍ 163 ല്‍ ഇതിനുള്ള മറുപടിയുണ്ട്. വിവേചന അധികാരം ഉപയോഗിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് ഈ വകുപ്പ് അധികാരം നല്‍കുന്നു. ഇത് കോടതിയിലും ചോദ്യം ചെയ്യാന്‍ സാധ്യമല്ല. ഗവര്‍ണ്ണര്‍ എന്നത് മന്ത്രിസഭയുടെ ജോലിക്കാരന്‍ അല്ല മറിച്ച്‌ മന്ത്രിസഭയുടെ തലവന്‍ ആണെന്ന് ചുരുക്കം.

എന്നാൽ നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള ശുപാര്‍ശ ഗവര്‍ണ്ണര്‍ നിരാകരിക്കുന്നത് അസാധാരണമാണെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. നേരത്തെ തമിഴ്‌നാട്, രാജസ്ഥാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍മാരും ഇത്തരത്തില്‍ മന്ത്രിസഭാ ശുപാര്‍ശ നിരാകരിച്ചിട്ടുണ്ട്. രാജ്യം പാസാക്കിയ നിയമം സംസ്ഥാനം പാസാക്കില്ല എന്ന് പറയുന്നത് തന്നെ ഭരണഘടനയ്ക്ക് എതിരാണ്. അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതായത് ഇല്ലാത്ത അധികാരം നടപ്പാക്കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഇനി നിയമം പാസാക്കിയാലോ? അത് നടപ്പാക്കാന്‍ സാധ്യമല്ല. കാരണം അന്തര്‍ സംസ്ഥാന വാണിജ്യം എന്നത് കേന്ദ്ര വിഷയമാണ്. ഇക്കാര്യത്തില്‍ നയങ്ങളും നിയമങ്ങളും രൂപീകരിക്കാന്‍ അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. അതായത് ഇക്കാര്യത്തില്‍ കേരളം നിയമം പാസാക്കിയാലും രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ പ്രബാല്യത്തില്‍ വരില്ലെന്ന് ചുരുക്കം.

Read Also: കിണര്‍ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ; ആശങ്കയിൽ ആരോഗ്യ വകുപ്പ്

സംസ്ഥാന നിയമസഭ പാസാക്കിയ നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടോ? സംസ്ഥാന നിയമത്തിനെതിരെ ഏതെങ്കിലും കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കുന്നത് പോലെയുള്ള അപഹാസ്യമായ നടപടിക്കാണ് ഇപ്പോള്‍ നിയമസഭയെ കരുവാക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും അവരവരുടെ അധികാര പരിധിയില്‍ പെടുന്ന വിഷയങ്ങളില്‍ പാസാക്കുന്ന നിയമങ്ങള്‍ പരസ്പരം നടപ്പാക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. കേന്ദ്രം പാസാക്കുന്ന നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ 256-ാം അനുച്ഛേദം അനുസരിച്ച്‌ ബാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെയിരുന്നാല്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നാണ് വിലയിരുത്തുക. ആ സാഹചര്യമാണ് 356-ാം വകുപ്പ് ഉപയോഗിക്കുന്നതിലേക്ക് രാഷ്ട്രപതിയെ നയിക്കുക.

എന്നാല്‍ കേന്ദ്ര നിയമത്തിനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അവകാശമുണ്ട്. അവയ്ക്ക് എതിരഭിപ്രായം എന്ന തരത്തിലുള്ള വിലയേ ഉള്ളൂ. പക്ഷേ നിയമപരമായി നേരിടണമെങ്കില്‍ അതിന് പരമോന്നത കോടതികളെ സമീപിക്കുകയേ വഴിയുള്ളൂ. നിയമത്തിന്റെ വഴി തേടാതെ ബദല്‍ നിയമം, പ്രമേയം എന്നൊക്കെയുള്ള മാര്‍ഗ്ഗങ്ങള്‍ ഏറ്റുമുട്ടലിന്റേതാണ്. ഭരണഘടനാ ലംഘനവുമാണ്. ആ മാര്‍ഗ്ഗം തേടാനുള്ള പിണറായി വിജയന്റെ നീക്കം മുളയിലേ നുള്ളൂകയാണ് ഗവര്‍ണ്ണര്‍ ചെയ്തത്. മറിച്ച്‌ നിലപാട് സ്വീകരിക്കണമെങ്കില്‍ ഗവര്‍ണ്ണര്‍ എകെജി സെന്ററിലെ ശമ്പളക്കാരനായിരിക്കണം. അല്ലായെങ്കില്‍ റാന്‍ മൂളിയായിരിക്കണം. ആരിഫ് മുഹമ്മദ് ഖാന്‍ ഇത് രണ്ടു അല്ലാത്തതിനാല്‍ വേണമെങ്കില്‍ ഗവര്‍ണ്ണര്‍ക്കെതിരെ കൂടി ഒരു പ്രമേയം പാസാക്കി നിയമസഭയ്ക്ക് പിരിയാം. അതല്ലാതെ തത്കാലം വേറേ വഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button