Latest NewsNews

ഭരണ തുടര്‍ച്ചയ്ക്കായി സി പി എം മതങ്ങളെ തമ്മിലടിപ്പിക്കരുത്; കെ മുരളീധരൻ

കോഴിക്കോട് : ഭരണ തുടര്‍ച്ചയ്ക്കായി സംസ്ഥാനത്ത് എല്‍ഡിഎഫ് മത സൗഹാര്‍ദം തകര്‍ക്കരുതെന്ന് കെ മുരളീധരന്‍ എംപി. ബി ജെ പിയേക്കാൾ വർഗീയമായാണ് സി പി എം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആർ എസ് എസുകാരന്റെ അതേ പ്രവർത്തി സി പി എമ്മുകാരൻ ചെയ്യരുത്. ബി ജെ പിയുടെ വർഗീയ അജണ്ട പിണറായി ഇവിടെ നടപ്പാക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു സഭാ അധ്യക്ഷന് എതിരെ സ്വർണക്കടത്ത് കേസിൽ അവിശ്വാസം കൊണ്ടുവരുന്നത് രാജ്യത്ത് ഇതാദ്യമാണെന്നും കെ മുരളീധരൻ ചൂണ്ടിക്കാട്ടി.

ശിവശങ്കരൻ ജയിലിൽ കിടക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിലാണ്. സ്വർണക്കടത്ത്, അഴിമതി എന്നിവയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സർക്കാരാണ് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി സമിതി വന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. സി പി എമ്മിന്റെ ഔദ്യോഗിക കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. പക്ഷേ സി പി എം കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാർത്ഥി നിർണയം നടന്നിട്ടില്ലെന്നും ഇതിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മുരളീധരൻ പറഞ്ഞു.

എന്നാൽ നേതാക്കൾ സ്വന്തം തട്ടകത്തിൽ ജയം ഉറപ്പാക്കുകയാണ് വേണ്ടത്. വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് താൻ പറഞ്ഞത് തന്റെ മണ്ഡലത്തിന് കീഴിൽ വിജയം ഉറപ്പാക്കാൻ വേണ്ടിയാണെന്നും മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button