Latest NewsNewsInternational

ഇസ്രയേലില്‍ നിന്നും ഇറാനിലേക്ക് തോക്ക് എത്തിച്ചത് പീസ് പീസായി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍.

ടെഹ്‌റാൻ: ‌രാജ്യത്തെ ഏറ്റവും മികച്ച ആണവശാസ്ത്രജ്ഞന്‍ വെടിയേറ്റ് മരിച്ചത് വലിയ ആഘാതമാണ് ഇറാന് നല്‍കിയത്. ഫക്രിസാദെ കൊല്ലപ്പെട്ടെങ്കിലും പത്തിഞ്ച് അകലെ മാത്രം ഇരുന്ന ഭാര്യയ്‌ക്കോ, അദ്ദേഹത്തിന്റെ മറ്റ് അംഗരക്ഷകര്‍ക്കോ പരുക്കേറ്റില്ല. അത്രയേറെ ആസൂത്രിതമായിരുന്നു മൊസാദിന്റെ കൃത്യനിര്‍വഹണമെന്ന് ജ്യൂസ് ക്രോണിക്കിള്‍ വെളിപ്പെടുത്തുന്നു. ഒരുടണ്‍ ഭാരമുള്ള അത്യന്താധുനിക തോക്കാണ് വധത്തിനുപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇത് മാസങ്ങള്‍ സമയമെടുത്ത് പീസ് പീസായാണ് ഇസ്രയേലില്‍ നിന്നും ഇറാനിലെത്തിച്ചതെന്നും എട്ട് മാസത്തോളം നിരീക്ഷിച്ചുവെന്നും ജെസി വെളിപ്പെടുത്തുന്നു. ഇറാന്‍ പൗരന്‍മാര്‍ കൂടി ഉള്‍പ്പെടുന്ന 20 അംഗ ചാരസംഘമാണ് കൃത്യനിര്‍വഹണം നടത്തിയത്.

കൊലപാതകത്തിനു ഉപയോഗിച്ച ആയുധം നിസ്സാന്‍ പിക്കപ്പിലാണ് ഘടിപ്പിച്ചിരുന്നത്. ഇസ്രായേലിന്റെ ചാര ഏജന്‍സി മാത്രമാണ് ഇത്തരത്തില്‍ ആക്രമണം നടത്താറുള്ളതെന്ന അനുമാനത്തില്‍ നിന്നാണ് ഫക്രിസാദെയുടെ കൊലപാതകത്തിന് പിന്നില്‍ മൊസാദാണെന്ന് ലോകം ഊഹിച്ചത്. ഇറാന്റെ ആണവ ആയുധങ്ങള്‍ക്ക് പിന്നില്‍ ഫക്രിസാദെയാണെന്ന മൊസാദിന്റെ കണ്ടുപിടുത്തമാണ് കൊലപാതകത്തിന് കാരണം. അമേരിക്കന്‍ ഇടപെടലില്ലാതെ ഇസ്രയേല്‍ മാത്രമാണ് ഇത് നടത്തിയതെന്ന് ജെസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണത്തിനു മുന്‍പ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ചെറിയ സൂചന മാത്രമാണ് നല്‍കിയിട്ടുള്ളൂവെന്നാണ് രാജ്യാന്തര രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിച്ചത്. 59 കാരനായ ആണവ ശാസ്ത്രജ്ഞന്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ആര്‍ക്കും അറിയില്ല.

Read Also: സൗദി അറേബ്യൻ സൈന്യവുമായി ചേർന്ന് സൈനിക അഭ്യാസ പ്രകടനത്തിനൊരുങ്ങി ഇന്ത്യൻ സൈന്യം

എന്നാൽ അദ്ദേഹത്തെ ആയുധധാരികള്‍ വെടിവച്ചുകൊന്നു എന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പിന്നീട്, നിര്‍മിത ബുദ്ധി, സാറ്റലൈറ്റ് വഴി പ്രവര്‍ത്തിക്കുന്ന തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് ഒരു റെവല്യൂഷണറി ഗാര്‍ഡ്സ് ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. കൊറോണ വൈറസ് ഭീഷണിയില്‍ ലോകം ഒന്നടങ്കം പ്രതിസന്ധിയിലായതോടെ 2020 മാര്‍ച്ചിലാണ് ഫക്രിസാദെയെ കൊല്ലാനുള്ള തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. ആദ്യം ഇസ്രയേല്‍ ചാരന്മാരുടെ ഒരു സംഘത്തെ ഇറാനിലേക്ക് അയച്ചു. അവര്‍ അവിടെ പ്രാദേശിക ഏജന്റുമാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

20 ലധികം പ്രവര്‍ത്തകരാണ് ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇത്തരം സങ്കീര്‍ണവും അപകടകരവുമായ ദൗത്യത്തിനായി ഒരു വലിയ സംഘം തന്നെ വേണ്ടിയിരുന്നു. പിന്നീട് കൃത്യമായ നിരീക്ഷണ പ്രവര്‍ത്തനം ആരംഭിച്ചു. ടീം വളരെ വിശദമായ, ഓരോ മിനിറ്റിലും ഒരു പദ്ധതി തയാറാക്കിയിരുന്നു. എട്ടുമാസക്കാലം, അവര്‍ ഫക്രിസാദെയുടെ പിന്നാലെയായിരുന്നു. അദ്ദേഹത്തോടൊപ്പം അവരും ഉണര്‍ന്നു, അവരോടൊപ്പം ഉറങ്ങി, അവരോടൊപ്പം യാത്ര ചെയ്തു. പിന്നീട് ഏറെ നിരീക്ഷണങ്ങള്‍ക്ക് ശേഷം ടെഹ്‌റാനില്‍ നിന്ന് കിഴക്കോട്ടുള്ള റോഡില്‍ വച്ച്‌ ശാസ്ത്രജ്ഞനെ കൊല്ലാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ടെഹ്‌റാനില്‍ നിന്ന് ഫക്രിസാദെ അവിടേക്ക് പോയതായി സംഘത്തിന് അറിയാമായിരുന്നു. അവര്‍ക്ക് ഫക്രിസാദെയുടെ ദൈനംദിന റൂട്ട്, വാഹനത്തിന്റെ വേഗം, സമയം എന്നിവ കൃത്യമായ അറിയാമായിരുന്നു. ഒപ്പം പുറത്തിറങ്ങാന്‍ ഏത് ഡോറുകളാണ് ഉപയോഗിക്കുന്നതെന്ന് വരെ അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നു.

നിരവധി മാസങ്ങളെടുത്താണ് ഒരു ടണ്‍ ഭാരമുള്ള തോക്ക് പീസ് പീസായി ഇസ്രയേലില്‍ നിന്ന് ഇറാനിലേക്ക് കടത്തിയത്. ഇതോടൊപ്പം സ്‌ഫോടകവസ്തുക്കളും കടത്തിയിരുന്നു. റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന നിസ്സാന്‍ പിക്ക് അപ്പ് ട്രക്കിനുള്ളിലാണ് ഭീമന്‍ തോക്ക് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം തകര്‍ക്കാന്‍ ബോംബും സ്ഥാപിച്ചിരുന്നു. നവംബര്‍ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറില്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫ്രക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍. നിശ്ചിത സ്ഥലത്ത് കാര്‍ കടന്നുപോകുമ്ബോള്‍, അവര്‍ ബട്ടണ്‍ അമര്‍ത്തി, വെടിയുതിര്‍ത്തു. പതിമൂന്ന് വെടിയുണ്ടകള്‍ ഫക്രിസാദെയുടെ തലയില്‍ തുളഞ്ഞ് കയറിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button