KeralaLatest NewsNews

എന്തുകൊണ്ട് ഞാന്‍ ബിലിവേഴ്‌സ് ചര്‍ച്ച് വിട്ടു? ഏഴ് വര്‍ഷം പറയാതിരുന്ന ആ കാര്യങ്ങള്‍ ഫാദര്‍ മാത്യൂസ് വെളിപ്പെടുത്തുന്നു

കാമുകിമാരുടെ സഭാ ഭരണവും അവിഹിതവും അങ്ങനെ നീളുന്നു കാര്യങ്ങള്‍

കോട്ടയം: ബിലിവേഴ്സ് ചര്‍ച്ചില്‍ നിന്നിറങ്ങിയ ഫാദര്‍ മാത്യൂസ് ഇന്ന് ലോകത്തിനു മുന്നില്‍ വിശ്വാസികളുടെ മുന്നില്‍ അക്കാര്യം വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എന്ത് കൊണ്ട് ബിലിവേഴ്‌സ് ചര്‍ച്ചില്‍ നിന്നിറങ്ങി എന്നത് സംബന്ധിച്ച് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മാത്യൂസ് അച്ചന്‍ വെളിപ്പെടുത്തുന്നത്.

Read Also : ‘എൻ്റെ രഹസ്യ ചാറ്റുകൾ പുറത്തുവിടരുത്’; പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ കോടതിയെ സമീപിച്ച് ദിഷ രവി

മാത്യൂസ് അച്ചന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മാത്യൂസ് അച്ചന്‍ എന്തുകൊണ്ട് ബിലീവേഴ്സ് ചര്‍ച്ച് വിട്ടു എന്ന ചോദ്യം പല ഭാഗത്തു നിന്നും ഉയര്‍ന്നു എങ്കിലും അത്തരം വിവാദങ്ങളില്‍ നിന്നെല്ലാം പരസ്യമായി മറുപടി പറയാതെ ഞാന്‍ മാറി നിന്നു എന്നതാണു സത്യം. ഞാന്‍ വേദനിച്ചു എങ്കിലും കുറച്ചു പേരെങ്കിലും വേദനിക്കാതിരിക്കട്ടെ എന്നു കരുതി. പക്ഷെ ഇനി അത്തരം ഒരു നിശബ്ദതക്ക് അര്‍ത്ഥമില്ല എന്നു തോന്നി. എന്റെ മൗനം ചിലര്‍ക്ക് പുതിയ കഥകള്‍ മെനയാന്‍ അവസരം ഉണ്ടാക്കി കൊടുത്തു എന്നതാണു സത്യം.

1992ല്‍ ലാണു റോമന്‍ കത്തോലിക്കാ സഭ വിട്ടു ഞങ്ങള്‍ ബിലിവേഴ്സ് ചര്‍ച്ചിന്റെ അംഗങ്ങള്‍ ആകുന്നത്. വിവാഹം കഴിച്ചതു മുതല്‍ എന്നെ ഞാനാക്കി വളര്‍ത്തിയത് ഉപരി വീടും കൂടും എല്ലാം എനിക്ക് ബിലീവേഴ്സ് ചര്‍ച്ച് ആയിരുന്നു. നീണ്ട 14 വര്‍ഷം ഞാന്‍ സഭക്കൊപ്പം അടിയുറച്ചു നിന്നു.

പിന്നെ എന്തു കൊണ്ട് ബിലീവേഴ്സ് ചര്‍ച്ചുമായുള്ള ബന്ധം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു എന്നതു നിങ്ങള്‍ എല്ലാവരും അറിയണം. അതിനു ഒരു ഉത്തരമേ ഉള്ളൂ. സത്യത്തിനൊപ്പം നിന്നാല്‍, നേരിന്റെ ഭാഗത്തു നിന്നാല്‍ ആരും കൂട്ടിനു ഉണ്ടാവില്ല. കണ്ണൂരില്‍ സഭയുടെ ശുശ്രൂഷയില്‍ ഇരുന്ന എന്നെ സഭയുടെ തോട്ടഭാഗം ഓഫീസില്‍ കൊണ്ടുവന്നത് അന്നു ഡയോസിസ് സെക്രട്ടറി ആയിരുന്ന ബഹുമാനമുള്ള വില്ല്യംസ് അച്ചനാണ്. സഭയുടെ നിരണം ഭദ്രാസനത്തിന്റെ ലീഗല്‍ & കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ ചുമതലയായിരുന്നു ഞാന്‍ വഹിച്ചിരുന്നത്.

2012 ല്‍ വില്ല്യംസ് അച്ചന്‍ സ്ഥലം മാറി പോയി. പകരം തോമസ് തടത്തില്‍ അച്ചന്‍ ഡയോസിസന്‍ സെക്രട്ടറിയായി വന്നു. ആ കാലത്ത് തോട്ടഭാഗം ഓഫീസില്‍ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ ഞാന്‍ തല്‍ക്കാലം ”കല്ല്യാണരാമന്‍” എന്നു വിളിക്കട്ടെ! ഒരേ സമയം രണ്ടു വനിതകളെ പ്രേമിക്കുന്നു. ഒരാള്‍ വിവാഹിതയും മറ്റെയാള്‍ അവിവാഹിതയും. ഭര്‍ത്താവില്‍ നിന്നും അകന്നുകഴിഞിരുന്ന കാമുകിയുടെ വീട്ടില്‍ രഹസ്യ സന്ദര്‍ശകനായി ആ യുവാവ്. തോട്ടഭാഗത്തു നാട്ടുകാരുമായി നല്ല ബന്ധം എനിക്കു ഉണ്ടായിരുന്നതു കൊണ്ട് അവര്‍ ഇതു സംബന്ധിച്ച് പലതവണ മുന്നറിയിപ്പു തന്നു. ഒരു ദിവസം രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ ബിലീവേഴ്സ് ചര്‍ച്ചിന്റെ സ്റ്റാഫായിരുന്ന കാമുകനെ നാട്ടുകാര്‍ കൈയൊടെ പൊക്കി പൊലീസില്‍ ഏല്‍പ്പിച്ചു.

തോമസ് തടത്തില്‍ അച്ചനും ഞാനും കൂടി കല്ല്യാണ രാമനെ രാവിലെ 7 മണിക്ക് ഓഫീസില്‍ എത്തിച്ചു. ഇവന്റെ വീടുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ബന്ധുവായ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമായി അവര്‍ തോട്ടഭാഗത്തുള്ള ബിലീവേഴ്സ് ചര്‍ച്ച് ഓഫീസില്‍ എത്തി. ഓഫീസ് നടപടി പൂര്‍ത്തിയാക്കി അവനെയും കൊണ്ട് വീണ്ടും തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളോടൊപ്പം വിട്ടയച്ചു. കള്ളകാമുകിമാരെയും ഓഫീസില്‍ നിന്നും ഒഴിവാക്കാന്‍ അന്നു സെക്രട്ടറി തോമസ് തടത്തില്‍ അച്ചനോടു നിരന്തരം ഞാന്‍ പറഞ്ഞിട്ടും അച്ചന്‍ അതിനു തയ്യാറായില്ല.

എന്റെ സഭയുടെ ഓഫീസ് ഇത്തരം തോന്നിവാസത്തിനു വേദി ആയപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു എന്നതു സത്യമാണ്. ഇതോടെ എനിക്ക് ട്രാന്‍സ്ഫര്‍ എന്ന ശിക്ഷ തന്നു.

എന്റെ ഭാഗം കേള്‍ക്കാനോ മനസിലാക്കാനോ ആരും തയ്യാറായില്ല. മാനസിക പീഡനം സഭാ നേതൃത്വത്തില്‍ ഇരിക്കുന്നവരുടെ ഹരമായിരുന്നു. ഇതിനിടെ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്റ്റാഫുകളായ ആ രണ്ടു കാമുകിമാരും പിന്നീട് കഴിഞ്ഞ 5 വര്‍ഷത്തില്‍ അധികം മിഷന്‍ ഡയറക്ടറായ സ്ത്രീയുടെ പൂര്‍ണ്ണ പിന്തുണയോടെ സഭയുടെ അകത്ത് ജോലി ചെയ്ത് ശമ്പളം വാങ്ങി സുഖമായി ജീവിച്ചു. അനീതിക്കെതിരെ പടവാള്‍ ഉയര്‍ത്തിയ എനിക്കു സ്ഥാനം പുറത്തും.പക്ഷെ എന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ല. അനീതിക്കെതിരെ ഞാന്‍ ഇന്നും തീ പന്തമാണ്.

പതിനാലു വര്‍ഷം വീടും കൂടും ആയിരുന്ന സഭയില്‍ ഇനി സ്ഥാനം ഇല്ല എന്നു മനസിലാക്കിയ ഞാന്‍ തോട്ടഭാഗത്തു ഓഫീസില്‍ നിന്നു പടിയിറങ്ങുമ്പോള്‍ എന്റെ കൈവശം ഉണ്ടായിരുന്നത് മലിനമാകാത്ത മന:സാക്ഷിയും ചെളി പുരളാത്ത രണ്ടു കൈകളും ആ കൈകളില്‍ ഒരു ഇംഗ്ലീഷ് ഡിക്ഷണറിയും എന്റെ സന്തതസഹചാരി ആയ വി.ബൈബിളും മാത്രം ആയിരുന്നു. ഓഫീസില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയായിരുന്ന എന്റെ വീട്ടിലെക്ക് ഓഫീസിലെ വണ്ടിയില്‍ ഒന്നു വിടാമോ എന്നു ചോദിച്ച എന്നോട് അന്നത്തെ ഡയോസിസന്‍ സെക്രട്ടറി ആയിരുന്ന തോമസ് തടത്തില്‍ അച്ചന്‍ പറഞ്ഞത് ഓഫീസില്‍ വണ്ടി ഇല്ലാ എന്നായിരുന്നു. പതിനാലു വര്‍ഷങ്ങള്‍ പി എഫ് എന്നു പറഞ്ഞ് സാലറിയില്‍ നിന്നും പിടിച്ചു വാങ്ങി. ഒടുവില്‍ മൂവായിരം രൂപ തന്നു എന്നെ വഞ്ചിച്ചു.

ഇങ്ങനെ വഞ്ചിക്കപ്പെട്ട നിരവധി പേരില്‍ ഒരാള്‍ മാത്രമാണു ഞാന്‍. അതു പോലെ ബിലീവേഴ്സ് ചര്‍ച്ചിന്റെ നേതൃത്വവും ഒരു കാര്യം മനസിലാക്കണം നിങ്ങള്‍ ഒരു കാലത്ത് അര്‍ധരാത്രിയില്‍ തോട്ടഭാഗത്ത് ഓഫീസിനു മുന്നില്‍ തല്ലി ചതച്ച പാവപ്പെട്ട സുവിശേഷകരുടെ രക്തം ഇന്നും ദൈവത്തോടു നിലവിളിക്കുന്നുണ്ട്. നേരിനെ നേരായി കാണാന്‍ കഴിയാത്ത തെറ്റിനെ തെറ്റെന്നു കാണാന്‍ ദൈവത്തിന്റെ കണ്ണില്ലാത്ത സഭാനേതൃത്വമേ നിങ്ങളെ ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. നിങ്ങള്‍ ഏതു ക്രിസ്തുവിനെയാണു പ്രസംഗിക്കുന്നതു എന്ന സന്ദേഹവും ബാക്കിയാകുന്നു.

എനിക്ക് ആരോടും പരിഭവം ഇല്ല. പെരുമഴയത്ത് ആശ്രയമായിരുന്ന ഒരു പക്ഷിക്ക് അതിന്റെ കൂട് നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ മര്‍മ്മരം ആയി മാത്രം ഈ വാക്കുകളെ കണ്ടാല്‍ മതി. കാലത്തിന്റെ കാവ്യ നീതി ആര്‍ക്കും തടുക്കാന്‍ കഴിയില്ല. ദൈവത്തിനു പോലും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button