KeralaLatest NewsNews

2017 ല്‍ ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസിന് ദേശീയ പുരസ്‌കാരം നേടി കൊടുത്ത ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍

അമ്പരപ്പ് വിട്ടുമാറാതെ ഷിബു ബേബി ജോണിന്റെ കുറിപ്പ്

തൃശൂര്‍ :  2017 ല്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് ഇന്ന് തോട്ടക്കാരന്‍. തൃശൂരിലെ ഒരു ആയുര്‍വേദ ചികിത്സാലയത്തിലെ തോട്ടക്കാരനായി പണിയെടുക്കുകയാണ് ഗാനരചയിതാവ് പ്രേംദാസ്. ആ പ്രതിഭാധനനായ വ്യക്തിയെ അവിചാരിതമായി കണ്ടുമുട്ടിയ സംഭവത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.

Read Also : കെ.സുധാകരന്‍ സ്ഥാനം ഏറ്റെടുത്തതോടെ കാണാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പതനം : പി.സി.ചാക്കോ

പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവ് പ്രേംദാസിനെക്കുറിച്ചാണ് ഷിബു ബോബി ജോണിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

കഴിഞ്ഞ 14 വര്‍ഷമായി കഴിവതും സ്ഥിരമായി ഞാന്‍ ആയുര്‍വേദ ചികില്‍സയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുര്‍വേദ പാര്‍ക്ക്. വര്‍ഷങ്ങളായി വരുന്നതിനാല്‍ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സര്‍സൈസിന്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോള്‍ ഒരു പുതിയ ജീവനക്കാരന്‍ ഇവിടത്തെ പൂന്തോട്ടത്തില്‍ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പില്‍ നിന്നും ഞാന്‍ ഇപ്പോഴും മോചിതനായിട്ടില്ല.

അദ്ദേഹത്തിന്റെ പേര് പ്രേം ദാസ്. 2017 ല്‍ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചയിതാവാണ് പ്രേംദാസ്. മനസ്സില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങള്‍ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.

ഒരു ദേശീയ അവാര്‍ഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തില്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികള്‍ക്ക് ജന്മം നല്‍കിയ കൈകളില്‍ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിന്റെ സമ്ബത്താണ്. അതാത് മേഖലയില്‍ നിന്നും അവര്‍ കൊഴിഞ്ഞുപോയാല്‍ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം. മാന്യമായൊരു തൊഴില്‍ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകള്‍ വീണ്ടും പേനയേന്തുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button