KeralaLatest News

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി പൊലീസ്; സസ്‌പെൻഷൻ

കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും അകമ്പടി പോയ പൊലീസുകാർ വഴിവിട്ട സഹായം നൽകിയത്.

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടിസുനിക്കും സംഘത്തിനും മദ്യപിക്കാൻ സൗകര്യമൊരുക്കി പൊലീസ്. പ്രതികൾക്ക് കണ്ണൂരേക്കുള്ള യാത്രയിൽ വഴിവിട്ടു സഹായം നൽകിയതിന് 3 പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചു. നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ് കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവർക്കാണ് സസ്പെൻഷൻ.

കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടി. കണ്ണൂർ കോടതിയിൽ മറ്റു ചില കേസുകൾക്കായി കൊണ്ടു പോകുന്ന വഴിയാണു സുനിക്കും മറ്റു 2 കൂട്ടു പ്രതികൾക്കും അകമ്പടി പോയ പൊലീസുകാർ വഴിവിട്ട സഹായം നൽകിയത്. തിരുവനന്തപുരത്തു നിന്നു തന്നെ ഇവരെ സ്വീകരിച്ചു കൂട്ടികൊണ്ടു പോകാൻ കണ്ണൂരിൽ നിന്നു കൂട്ടാളിയെത്തിയിരുന്നു. ആ സമയത്ത് പ്രതികൾ മദ്യപിച്ചിരുന്നു.

ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല റെയിൽവേ സ്റ്റേഷനുകളിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചതായി സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ട്രെയിനിലെ ശുചിമുറിയിലിരുന്നായിരുന്നു മദ്യപാനം. ചില സ്റ്റേഷനുകളിലെ എസി വിശ്രമ കേന്ദ്രങ്ങളും പ്രതികൾ മദ്യസേവക്കുള്ള ഇടമാക്കി. ഒപ്പം എല്ലാത്തിനും കൂട്ടു നിന്ന പൊലീസുകാർക്കും പ്രതികൾ ഭക്ഷണം നൽകി. പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസ് തയ്യാറായില്ല. സർവ്വ സ്വതന്ത്രരായായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാരെ അകറ്റി ഇരുത്തുകയാണ് പ്രതികളുടെ പതിവ്. ഇത് സ്ഥിരം പരിപാടിയാണെന്നും സ്പെഷ്യൽ ബ്രാഞ്ച് മനസ്സിലാക്കി.

ഇതിനു മുൻപ് മറ്റൊരു യാത്രയിൽ പ്രതികളുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത പൊലീസുകാരനെ പ്രതികൾ കണ്ണൂരിലെത്തിയപ്പോൾ സഹ പൊലീസുകാർക്കു മുൻപിൽവച്ച് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. അവിടെ കോടതികളിൽ ഉൾപ്പെടെ പ്രതികളെ കാണാനും ആവശ്യങ്ങൾ നിറവേറ്റാനും സിപിഎം എത്താറുണ്ട് എന്നതാണ് ആരോപണം. ഇതിൽ ഏതെങ്കിലും പൊലീസുകാർ ഇടപെട്ടാൽ ഉന്നത ഉദ്യോഗസ്ഥരുടെയോ പാർട്ടി സെക്രട്ടറിയുടെയോ ഭീഷണി ഉണ്ടാകാറുണ്ടെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button