KeralaLatest NewsNews

ആ സ്ത്രീകളുടെ പ്രാണവേദന ജീവിതാവസാനം വരെ താങ്കളെ വേട്ടയാടും; ക്രൂരനായ ആഭ്യന്തര മന്ത്രിയാണ് പിണറായിയെന്ന് ജ്യോതികുമാര്‍

കേരളം കണ്ട ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായി വിജയനെ ചരിത്രം രേഖപെടുത്തുന്നത്.

ഒരു ദളിത് സ്ത്രീയുടെ ദാരുണ കൊലപാതകത്തില്‍ മുതലക്കണ്ണീര്‍ പൊഴിച്ച്‌ അധികാരത്തിലെത്തിയ സര്‍ക്കാർ വാളയാറിലെ രണ്ടു ദളിത് കുഞ്ഞുങ്ങളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു. താങ്കളുടെ കീഴില്‍ താങ്കളുടെ പോലീസിന്റെ മൗനാനുവാദത്തോടെ ഇല്ലാതാക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും പ്രാണവേദന ജീവിതാവസാനം വരെ താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് ജ്യോതികുമാർ കുറിച്ചു.

അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ കണ്ണീരിന് കേരളം കണക്കു പറയും

ആര്‍ക്കു മറക്കാനാവും വാളയാറിലെ ഇരുട്ടടഞ്ഞ ഒറ്റ മുറിയില്‍ കയറില്‍ തൂയങ്ങിയാടിയ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങള്‍? ഇന്ന് ആ കുഞ്ഞു സഹോദരിമാരുടെ അമ്മ തന്റെ കുട്ടികളുടെ ഉടുപ്പുകളും ചെരുപ്പും നെഞ്ചോടു ചേര്‍ത്ത് പിടിച്ച നിറകണ്ണുകളോടെ തലമുണ്ഡനം ചെയുന്ന കാഴ്ച ആരുടെയും ഹൃദയം മരവിപ്പിക്കുന്ന ഒന്നാണ്.

11-ഉം 9 -ഉം വയസുള്ള രണ്ടു കുട്ടികള്‍ ആത്മഹത്യാ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനും കേസ് അട്ടിമറിച്ച്‌ പ്രതികളെ രക്ഷപ്പെടുത്താനും ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും അവര്‍ക്കു അതിനു വളം വെച്ച്‌ കൊടുത്ത ആഭ്യന്തര മന്ത്രി പിണറായി വിജയനെയും വെന്തു വെണ്ണീറാക്കാനുള്ള ശക്തിയുമുണ്ട് വാളയാറിലെ ആ അമ്മയുടേ കണ്ണു നീരിന്. തന്റെ മക്കളുടെ കൊലയാളികളെ സംരക്ഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ജനുവരി 26 മുതല്‍ സത്യാഗ്രഹത്തട്ടിലായിരുന്ന അമ്മയോട് ‘എന്തിനാണ് സമരമെന്ന് അറിയില്ല’ എന്ന് ഒരു മന്ത്രി പറഞ്ഞതായും ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നു.

Also Read:പാകിസ്ഥാൻ ഒരു കൈയ്യബദ്ധം കാണിച്ചു, അതിർത്തിയിൽ കൈവിട്ട കളിക്ക് ഇന്ന് ആർക്കും ധൈര്യമില്ല: അമിത് ഷാ

അധികാര തിമിരം ബാധിച്ച്‌ മാനുഷിക മൂല്യങ്ങള്‍ ജീര്‍ണിച്ചില്ലാതായ ഒരു ഭരണത്തിനാണ് അഞ്ചു വര്‍ഷമായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ജിഷ എന്ന ഒരു ദളിത് സഹോദരിയുടെ ദാരുണമായ കൊലപാതകത്തെ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തി അധികാരത്തിലെത്തുന്നതും, തുടര്‍ന്ന് തീര്‍ത്തും സംശയമുളവാക്കുന്ന രീതിയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി ആ കേസ് ഒതുക്കുന്നതും.

ഒരു ദളിത് സ്ത്രീയുടെ ദാരുണ കൊലപാതകത്തില്‍ മുതലക്കണ്ണീര്‍ പൊഴിച്ച്‌ അധികാരത്തിലെത്തിയ സര്‍ക്കാരാണിപ്പോള്‍ വാളയാറിലെ രണ്ടു ദളിത് കുഞ്ഞുങ്ങളുടെ കേസ് അട്ടിമറിച്ചിട്ട ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഹീനമായ നടപടിക്ക് പിന്നില്‍ എന്നോര്‍ക്കണം. പാലത്താഴിയില്‍ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കാണിച്ച തിരിമറികളും, ജിഷ്ണു പ്രണോയുടെ അമ്മയെ നടുറോട്ടില്‍ ബൂട്ടിട് പോലീസ് ചവുട്ടുന്ന കാഴ്ചയും, യതീഷ് ചന്ദ്ര പോലെയുള്ള ഉദ്യോഗസ്ഥര്‍ക്ക് എന്ത് മനുഷ്യാവകാശ ലംഘനം നടത്താനും ലൈസന്‍സ് കൊടുത്തതുമെല്ലാം ഈ സര്‍ക്കാരിന്റെ കാലത്തു തന്നെയാണെന്ന് നാം വിസ്മരിച്ചു കൂടാ.

കേരളം കണ്ട ഏറ്റവും ക്രൂരനായ ആഭ്യന്തര മന്ത്രിയെന്നാവും പിണറായി വിജയനെ ചരിത്രം രേഖപെടുത്തുന്നത്. അതില്‍ ചിലപ്പോള്‍ അദ്ദേഹം ആനന്ദം കണ്ടെത്തുന്നതും ഉണ്ടാവും. പക്ഷെ താങ്കളുടെ കീഴില്‍ താങ്കളുടെ പോലീസിന്റെ മൗനാനുവാദത്തോടെ ഇല്ലാതാക്കിയ സ്ത്രീകളുടെയും കുട്ടികളുടെയും പ്രാണവേദന ജീവിതാവസാനം വരെ താങ്കളെ വേട്ടയാടിക്കൊണ്ടിരിക്കും.

 

Related Articles

Post Your Comments


Back to top button