Latest NewsIndia

അനില്‍ ദേശ്‌മുഖിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല, കൂടുതൽ മന്ത്രിമാർ രാജിവെക്കേണ്ടി വരും

അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചതും കങ്കണ റണാവത്തിന്റെ മുംബൈയിലെ വസതി ഇടിച്ചു നിരത്തിയതുമെല്ലാം സച്ചിന്‍ വസെയുടെ നേതൃത്വത്തിലായിരുന്നു

ന്യൂഡല്‍ഹി: അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരും മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. അനില്‍ ദേശ്‌മുഖിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും സുപ്രീംകോടതി ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

പൊതുജനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് കോടതി നിരീക്ഷിച്ചു. ‘ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്ന സി.ബി.ഐ അന്വേഷണം പ്രഥമിക നടപടി മാത്രമാണ്. നിങ്ങളുടെ ശത്രുവല്ല,​ മറിച്ച്‌ നിങ്ങളുടെ വലം കൈയായി പ്രവര്‍ത്തിച്ചിരുന്നയാളാണ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിനെ നിസാരമായി തള്ളാനാവില്ല. സ്വതന്ത്ര അന്വേഷണം ആവശ്യമാണ്.”-കോടതി അറിയിച്ചു.

സി.ബി.ഐയ്ക്ക് പകരം ജുഡിഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് അനില്‍ ദേശ്‌മുഖിനായി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. നിങ്ങളുടെ ഇഷ്ടത്തിനല്ല അന്വേഷണ ഏജന്‍സിയെ പ്രഖ്യാപിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയാണ് മഹാരാഷ്ട്ര സര്‍ക്കാരിനായി ഹാജരായത്.

പൊലീസുകാരോട് വ്യവസായികളെ ഭീഷണിപ്പെടുത്തി മാസം 100 കോടി രൂപ പിരിക്കാന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായി അനില്‍ ദേശ്‌മുഖ് നിര്‍ദ്ദേശിച്ചെന്നാണ് മുന്‍ മുംബയ് പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിംഗിന്റെ ആരോപണം. റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ പരംവീര്‍ സിംഗിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശ്‌മുഖിനെതിരെ പരംവീര്‍ സിംഗ് ആരോപണം ഉന്നയിച്ചതും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും.

സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതോടെ അനില്‍ മന്ത്രിസ്ഥാനം രാജിവച്ചു. അതേസമയം ഗതാഗത മന്ത്രി 50 കോടി പിരിക്കാന്‍ ആവശ്യപ്പെട്ടെന്ന പുതിയ ആരോപണവുമായി സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്‍ വാസെയും രംഗത്തെത്തി.അനില്‍ ദേശ്മുഖ് 2 കോടിയും ഗതാഗത മന്ത്രി അനില്‍ പരബ് 50 കോടിയും പിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടെന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ വാസെയുടെ ആരോപണം.

സിനിമയും രാഷ്ട്രീയവും അധോലോകവും പണവും കെട്ടുപിണഞ്ഞു കിടക്കുന്ന മുംബൈയില്‍ ശിവസേന-എന്‍സിപി -കോണ്‍ഗ്രസ് സര്‍ക്കാരിനെ ആടിയുലയ്ക്കുകയാണ് സച്ചിൻ വാസെയുടെ അറസ്റ്റ്.ദേശീയ അന്വേഷണ ഏജന്‍സി മുതല്‍ സുപ്രീംകോടതി വരെ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമ്പോള്‍ വിവാദങ്ങളുടെ അവസാനം സര്‍ക്കാരിന്റെ പതനമാണ് സംഭവിക്കുകയെന്ന കണക്കുകൂട്ടലിലാണ് പലരും . ഇതുകൂടാതെ ക്രിമിനൽ പശ്ചാത്തലമുള്ള സച്ചിൻ വാസെയെ സർവീസിൽ തിരിച്ചെടുത്തത് തന്നെ വിവാദമായിരുന്നു.

ഫട്നവിസിനോട് സച്ചിൻ വാസെയെ തിരിച്ചെടുക്കണമെന്ന് ശിവസേന പലതവണ ആവശ്യപ്പെട്ടെങ്കിലും പരിശോധനയിൽ അയാളെ തിരിച്ചെടുക്കാൻ പറ്റില്ല എന്നാണ് ഫട്നവിസ് അറിയിച്ചത്. എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കുറവാണെന്ന പേരിൽ ശിവസേന ഇയാളെ തിരിച്ചെടുത്തു. തന്ത്രപ്രധാന കേസന്വേഷണ ചുമതലയുള്ള ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ വസെയെ പുനര്‍ നിയമിച്ച ശേഷം ആ യൂണിറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റുകയും വസെയ്ക്ക് യൂണിറ്റിന്റെ പൂര്‍ണ്ണ ചുമതല കൈമാറുകയുമായിരുന്നു.

ഇതോടെ ശിവസേനയുടെ മുഴുവന്‍ രഹസ്യ ദൗത്യങ്ങളും സച്ചിന്‍ വസെയുടെ ചുമതലയിലായി. അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ചതും കങ്കണ റണാവത്തിന്റെ മുംബൈയിലെ വസതി ഇടിച്ചു നിരത്തിയതുമെല്ലാം സച്ചിന്‍ വസെയുടെ നേതൃത്വത്തിലായിരുന്നു .ഇപ്പോൾ ഗതാഗത മന്ത്രിയുൾപ്പെടെ നിരവധി മന്ത്രിമാർ ആരോപണ വിധേയരാണ്. ഇതോടെ മഹാരാഷ്ട്ര സർക്കാരിന്റെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലാണ്. രാഷ്‌ട്രപതി ഭരണം ആവും ഉണ്ടാവുക എന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button