KeralaLatest NewsIndia

ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന് തമിഴ് കവി വൈരമുത്തു

കേരളത്തിൽ ഉൾപ്പെടെ സിനിമാ പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ചെന്നൈ : വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടായ സ്ഥിതിക്ക് ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ ഉൾപ്പെടെ സിനിമാ പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലൈംഗികപീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും മൂന്നുവര്‍ഷമായിട്ടും കേസെടുത്തില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം വൈരമുത്തു പ്രതികരിച്ചത്. കുറ്റം തെളിയും വരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും ഒഎന്‍വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയില്‍ വൈരമുത്തുവിന് പിന്തുണയുമായി മകന്‍ മദന്‍ കാര്‍കി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. 3 ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്കാരം നല്‍കുന്നത്. മീ ടൂ ആരോപണം ഉയര്‍ന്ന വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ സിനിമ നടി പാർവതി തിരുവോത്ത് ഉൾപ്പെടെ നിരവധിപേർ പ്രതിഷേധം ഉയർത്തിയിരുന്നു.

read also: കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുര്‍വേദവും അലോപ്പതിയും: ഐഎംഎയ്ക്കെതിരെ സാത്വി പ്രാചി

ഇതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അവാര്‍ഡ്‌ നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്നായിരുന്നു അറിയിപ്പ്. ഇതിനു ശേഷമാണ് വൈരമുത്തു അവാർഡ് സ്വീകരിക്കുന്നില്ലെന്ന നിലപാട് എടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button