Latest NewsIndia

യുപിയിലെ വ്യാജവാർത്തയിൽ ആദ്യ കേസ്: ഐടി ചട്ടലംഘനം നടത്തിയ ട്വിറ്ററിന്റെ സേഫ് ഹാര്‍ബര്‍ പരിരക്ഷ കേന്ദ്രം പിന്‍വലിച്ചു

ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമും പ്രതിയാകുന്നതൊഴിവാക്കുന്ന 'സേഫ് ഹാര്‍ബര്‍' പരിരക്ഷ (ഇമ്യൂണിറ്റി)യാണ് പിന്‍വലിച്ചത്.

ന്യൂഡല്‍ഹി: ട്വിറ്ററിനെതിരെയും വ്യാജവാർത്തകൾക്കെതിരെയും നിയമപരമായ കുരുക്ക് മുറുക്കി കേന്ദ്രസര്‍ക്കാര്‍. സമൂഹമാധ്യമ കമ്പനി ട്വിറ്ററിന്റെ നിയമ പരിരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പുതിയ ഐടി ചട്ടം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഉള്ളടക്കത്തിന്റെ പേരില്‍ പ്ലാറ്റ്‌ഫോമും പ്രതിയാകുന്നതൊഴിവാക്കുന്ന ‘സേഫ് ഹാര്‍ബര്‍’ പരിരക്ഷ (ഇമ്യൂണിറ്റി)യാണ് പിന്‍വലിച്ചത്.

ഇത് കൂടി നഷ്ടപ്പെട്ടതോടെ ട്വീറ്റുകളുടെയും ട്വിറ്ററില്‍ പങ്കുവയ്ക്കുന്ന വിവരങ്ങളുടെയും പേരില്‍ ഇനി കമ്പനിക്കെതിരെയും കേസ് ചുമത്താം. പരിരക്ഷ നഷ്ടപ്പെട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ഗസ്സിയാബാദില്‍ ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാജ്യത്ത് ഈ സംരക്ഷണം നഷ്ടപ്പെടുന്ന ആദ്യ സമൂഹമാധ്യമ സ്ഥാപനമാണു ട്വിറ്റര്‍.

പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാതെ ആദ്യം ഉടക്കി നിന്ന ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനത്തിനു വഴങ്ങി ഇവ പാലിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടി തൃപ്തികരമല്ലെന്ന നിലപാടാണ് കേന്ദ്ര ഐടി മന്ത്രാലയം കൈക്കൊണ്ടത്. സമൂഹമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍, ഒടിടി (ഓവര്‍ ദി ടോപ്) കമ്പനികള്‍ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം ഫെബ്രുവരി 25നാണു വിജ്ഞാപനം ചെയ്തത്. ഇതു നടപ്പാക്കാന്‍ അനുവദിച്ച 3 മാസത്തെ സമയം മെയ്‌ 25ന് അവസാനിച്ചു.

ചട്ടം അനുസരിച്ചുള്ള വ്യവസ്ഥകള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാന്‍ ട്വിറ്ററിന് ബുദ്ധിമുട്ടാകും. സേഫ് ഹാര്‍ബര്‍ പരിരക്ഷയുണ്ടെങ്കില്‍ ആളുകള്‍ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിന് സ്ഥാപനം ഉത്തരവാദിയല്ല. അതു നഷ്ടപ്പെടുന്നതോടെ, ട്വിറ്ററില്‍ ആളുകള്‍ പങ്കുവയ്ക്കുന്ന എന്തിനും സ്ഥാപനവും ഉത്തരവാദിയാകും. അതിന്റെ പേരിലുണ്ടാകുന്ന കേസുകളില്‍ പ്രതിചേര്‍ക്കപ്പെടും. യുപിയിലെ മുസ്ളീം വയോധികനെ മറ്റു ചില കാരണങ്ങൾക്ക് മുസ്ളീം സമുദായത്തിലെ ആളുകൾ ഉൾപ്പെടെ മർദ്ദിച്ച വാർത്തയെ ജയ് ശ്രീറാം വിളിക്കാത്തതിന് മർദ്ദിച്ചു താടി വടിച്ചു എന്നാക്കി കോൺഗ്രസ് നേതാക്കളും മാധ്യമ പ്രവർത്തകരും ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു.

എന്നാൽ ഇത് വ്യാജവാർത്തയാണെന്നു തെളിഞ്ഞതോടെ ഉത്തർപ്രദേശ് പോലീസ് തന്നെയാണ് വാർത്ത പങ്കുവെച്ചവർക്കും ട്വിറ്ററിനുമെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇത്രയും നാൾ നിരവധി വ്യാജ വീഡിയോകളും വാർത്തകളും മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമണങ്ങളായും പശുവിന്റെ പേരിലുള്ള അക്രമണങ്ങളായും പ്രചരിച്ചിരുന്നു. പുതിയ നിയമം വന്നതോടെ ഇത്തരം വ്യാജവാർത്തകൾക്ക് തടവീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button