KeralaLatest News

‘നീലച്ച പാടുകളോടെ ആ നിഷ്കളങ്കയെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കൂട്ടുനിന്നത് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹമാണ്’

നിയമം അവിടെ നോക്കുക്കുത്തിയായി നില്ക്കുന്നു. ഉത്രമാരും വിസ്മയമാരും പിടഞ്ഞ് പിടഞ്ഞ് ഒടുങ്ങുന്നു.

അഞ്ജു പ്രഭീഷ്

തിരുവനന്തപുരം: മകളേ മാപ്പ് ! സഹോദരി മാപ്പ് ! A divorced daughter is better than a dead daughter തുടങ്ങി കല്യാണപ്പിരിവ് എന്ന നാറിയ പണി നിറുത്തണമെന്നു വരെ ക്ലീഷേ സ്റ്റാറ്റസിട്ടു രോഷം പ്രകടിപ്പിക്കുന്ന മല്ലൂസ് . അഞ്ചലിലെ ഉത്രാ വധത്തിനു ശേഷം വീണ്ടും തലപ്പൊക്കിയ ഒരേ തരത്തിലുള്ള പ്രതികരണങ്ങൾ. ഉത്രാവധം നടന്നപ്പോൾ സ്ത്രീധനമെന്ന വിപത്തിനെതിരെ ഒരുമിച്ചു പോരാടണമെന്നു വാചകകസർത്ത് നടത്തിയവരൊക്കെ വീണ്ടും രംഗത്ത്. ! ഉത്ര മാറി വിസ്മയ വന്നു. പാമ്പു കൊണ്ട് കൊത്തിച്ചതിനു പകരം ചവിട്ടും അടിയും കൊടുത്ത് കൊല്ലിച്ചു. പേരും കൊന്ന രീതിയും മാത്രമേ മാറിയുള്ളൂ ! യഥാർത്ഥ വില്ലൻ സ്ത്രീധനം അഥവാ dowry അവിടെ തന്നെയുണ്ട് ഒരു മാറ്റവുമില്ലാതെ !

ഈ സംഭവത്തെ പല വീക്ഷണകോണുകളിലൂടെ നോക്കികണ്ട് വാളിൽ സ്റ്റാറ്റസ് ഇട്ട് സ്ത്രീധനത്തിനെതിരെ വലിയ വായിൽ പ്രതികരിക്കുന്നവർ സ്വയമൊരു ആത്മപരിശോധന നടത്തുക. വീട്ടിലെ സ്വന്തം മകളെ എത്ര കിലോ സ്വർണ്ണവും പണവും കൊടുത്ത് കതിർമണ്ഡപത്തിലേയ്ക്ക് ആനയിച്ചുവെന്ന് ഓർത്തു നോക്കുക. സ്വന്തം മകന്റെ ജോലിയും ശബളവും സ്റ്റാറ്റസും അളന്നു തൂക്കി വില പേശി പൊക്കത്തിനും തൂക്കത്തിനും വരെ വിലയിട്ട് എത്ര രൂപയ്ക്കവനെ വിറ്റുവെന്ന് മനകണക്ക് കൂട്ടിനോക്കുക. കെട്ടിയ പെണ്ണ് തന്ന കാറിൽ ഞെളിഞ്ഞിരുന്ന് അവളുടെ സ്വർണ്ണം വിറ്റ് വാങ്ങിയ വീട്ടിൽ അമർന്നിരുന്നിട്ട സ്റ്റാറ്റസ് തന്നെ തിരിഞ്ഞുകൊത്തുന്നില്ലെന്ന് മീശപിരിച്ച ആൺപിറന്നോന്മാർ ഉറപ്പുവരുത്തുക .

പ്രേമിച്ചവനു പണവും പത്രാസും പോരായെന്നു തോന്നിയപ്പോൾ അവനെ നൈസായിട്ട് തേച്ചിട്ട് വേറൊരുത്തനെ കെട്ടി മുഖപുസ്തകത്തിൽ ഉത്തമവനിതകളായി വിസ്മയയുടെ ദുർവ്വിധിയിൽ മനംതകർന്ന് വിലപിക്കുന്നവർ ഇടയ്ക്കിടയ്ക്ക് കെട്ടിയോന്മാരുടെ ബാഗുകളിൽ പ്ലാസ്റ്റിക് ജാറില്ലെന്ന് ഉറപ്പുവരുത്തുക! സ്റ്റാറ്റസുകൾ കൊണ്ട് മാത്രം പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഉത്തമമനുഷ്യരെ തട്ടിയും മുട്ടിയും നടക്കാൻ വയ്യാഞ്ഞിട്ട് പറഞ്ഞു പോയതാണ്.

1961-ൽ നിലവിൽ വന്ന സ്ത്രീധന നിരോധന നിയമം.
2006-ൽ നിലവിൽ വന്ന ഗാർഹികപീഡന നിയമം.
മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു. എന്നിട്ടോ? നിയമം അവിടെ നോക്കുക്കുത്തിയായി നില്ക്കുന്നു. ഉത്രമാരും വിസ്മയമാരും പിടഞ്ഞ് പിടഞ്ഞ് ഒടുങ്ങുന്നു. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പക്ഷേ എത്ര പ്രതിരോധിക്കൻ ശ്രമിച്ചാലും തടയാനാവാത്ത സമൂഹികവിപത്തായി സ്ത്രീധനം ദിനംപ്രതി ശക്തമാവുന്നു.

പ്രബുദ്ധം, പുരോഗമന ചിന്താഗതിയുള്ളത് എന്നൊക്കെ മലയാളികൾ വലിയൊരു വിഭാഗം ഒട്ടൊരഹങ്കാരത്തോടെ വർണ്ണിക്കുന്ന ഈ നാട്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മുന്നൂറിലേറെ സ്ത്രീകൾ, ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു . വിവരങ്ങൾ കേരള പോലീസിന്റെ ക്രൈം റെക്കാർഡ്സ് ബ്യൂറോ വെബ്സൈറ്റിൽ ലഭ്യവുമാണ്. സ്ത്രീധനസംബന്ധിയായി ഉണ്ടാകുന്ന കൊലപാതകങ്ങൾക്ക് ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കുന്ന നാട്ടിലാണ് ഇത്രമാത്രം കൊലപാതകങ്ങൾ നടന്നിരിക്കുന്നത്.

മാധ്യമങ്ങളിൽ പ്രാദേശിക വാർത്താ പേജിൽ ഒറ്റക്കോളം വാർത്തയ്ക്കപ്പുറം വാർത്താപ്രാധാന്യം നേടുകയോ നമ്മുടെ മുന്നിലേക്ക് വരികയോ ചെയ്യുന്നില്ല ഈ കൊലപാതകങ്ങൾ ഒന്നും തന്നെ എന്നതാണ് സത്യം. ഉത്രയുടെ കൊലപാതകം സ്ത്രീധനത്തിന്റെ പേരിൽ കേരളത്തിൽ നടന്ന ആദ്യത്തെ കൊലപാതകമല്ല. 1970കളിൽ കുളത്തിലും പൊട്ടകിണറുകളിലും പൊന്തികിടന്ന പെൺശരീരങ്ങൾ 1980കളിലെത്തിയപ്പോൾ ഗ്യാസ് സ്‌റ്റൗ പൊട്ടിത്തെറിച്ച് വെന്തു കരിഞ്ഞു കിടന്നിരുന്നു. 1990കളിലും രണ്ടായിരത്തിലുമൊക്കെ എത്തിയപ്പോൾ കിടപ്പുമുറികളിലെ ഫാനിൽ തൂങ്ങി നിന്നാടിയ സ്ത്രീശരീരങ്ങളായി അത് മാറിയെന്നു മാത്രം.

2020 കളിലായപ്പോൾ അത് മൂർഖൻ പാമ്പിന്റെ കൊത്തോളം എത്തി എന്ന വ്യത്യാസം മാത്രമേയുള്ളൂ. അതിനാൽ തന്നെ വിസ്മയയുടെ പേര് അവസാനത്തേതും ആവുന്നില്ല. നമ്മൾ മാറാത്തിടത്തോളം , നമ്മുടെ ചിന്താഗതി മാറാത്തിടത്തോളം പെണ്ണ് എന്നത് പുര നിറഞ്ഞു നില്ക്കുന്ന എന്തോ വലിയ സംഭവമാണെന്ന attitude മാറാത്തിടത്തോളം കെട്ടുപ്രായം കഴിഞ്ഞും വീട്ടിൽ നില്ക്കുന്ന പെണ്ണ് മഹാപരാധമാണെന്ന പൊതുബോധം മാറാത്തിടത്തോളം ഇതൊക്കെ ഇവിടെ തന്നെ മാറ്റമില്ലാതെ തുടരും .

A divorced daughter/son is better than a dead daughter/son
എന്ന ആപ്ത വാക്യത്തേക്കാൾ An unmarried daughter or son is far far better than a mentally and physically tortured married daughter or son എന്ന ഉത്തമബോധ്യമാണ് നമ്മളെ ഭരിക്കേണ്ടത് . ഈ തിരിച്ചറിവ് നമ്മളിൽ ഉണ്ടാകുമ്പോൾ ഉത്രമാരെ പോലെ എന്തെങ്കിലും ചെറിയ കുറവ് ഉള്ള കുട്ടികളെ അതിന്റെ പേരിൽ ഭാരിച്ച സ്വത്ത് നല്കി സൂരജുമാരെ പോലുള്ള ക്രൂരന്മാരെ ഏല്പിക്കേണ്ട ഗതികേട് നമുക്ക് ഉണ്ടാകില്ല.

വിസ്മയയെ പോലെ നല്ല പ്രൊഫഷണൽ ക്വാളിക്കേഷൻസ് ഉള്ള കുട്ടിയെ സ്വന്തം കാലിൽ നിന്ന ശേഷം മാത്രം മതി വിവാഹം എന്ന് ചിന്തിക്കാതെ ഒന്നര ഏക്കറും സ്വർണ്ണവും കാറും നല്കി കിരൺ എന്ന ഊളയുടെ സർക്കാർ ജോലിയും പദവിയും മാത്രം നോക്കി കെട്ടിച്ചുകൊടുക്കാനും തോന്നില്ല. മണ്ണിൽ നിന്നും ആകാശത്തേയ്ക്ക് കുതിച്ചുയരാൻ വെമ്പി നിന്നൊരു നിലാക്കീറ് പോലൊരു പെൺകിടാവിനെ നീലച്ച പാടുകളോടെ ആറടി മണ്ണിൽ നേരത്തേ ഉറക്കികിടത്താൻ കൂട്ടുനിന്നത് ഞാനും നിങ്ങളുമടങ്ങുന്ന ഈ സമൂഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button