COVID 19Latest NewsKeralaNattuvarthaNews

ഇതാണ് കേരളം, ഇങ്ങനെയാണ് മലയാളികൾ: ഭർത്താവിനു പിറകെ കൃഷ്ണവേണിയ്ക്കും ചിതയൊരുങ്ങിയത് എടത്വാ പള്ളിയിൽ

കുട്ടനാട്: മതേതരത്വത്തിന്റെ മാതൃകയുമായി വീണ്ടും കേരളം. അത്ഭുതപ്പെടുത്തുന്ന വാർത്തയാണ് കുട്ടനാട്ടിൽ നിന്ന് പുറത്തു വരുന്നത്. ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം എടത്വാ പള്ളിയില്‍ സംസ്​കരിച്ചു. കോയില്‍മുക്ക് പുത്തന്‍പുരയില്‍ പരേതനായ ശ്രീനിവാസന്‍റെ ഭാര്യ കൃഷ്ണവേണിയുടെ (85) മൃതദേഹമാണ് എടത്വാ സെന്റ് ജോര്‍ജ്ജ് ഫോറോനാ പള്ളിയില്‍ ദഹിപ്പിച്ചത്​. കോവിഡ് ബാധിച്ചു മാസങ്ങൾക്കു മുൻപ് മരിച്ച കൃഷ്ണവേണിയുടെ ഭർത്താവിന്റെ സംസ്കാരവും ഇതേ പള്ളിയിൽവച്ച് തന്നെയായിരുന്നു.

Also Read:തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ തന്നെ ചിത്രീകരിച്ചോളൂ, ജനങ്ങളുടെ ജീവനാണ് വലുത്: സിനിമാക്കാരോട് മന്ത്രി സജി ചെറിയാൻ

ചൊവ്വാഴ്ചയാണ് കൃഷ്ണവേണി മരിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതിനാല്‍ എടത്വാ ഗ്രാമപഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തില്‍ എടത്വാ പള്ളിയെ സമീപിച്ചു. കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ പള്ളി വികാരി ഫാ. മാത്യൂ ചൂരവടി കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ചശേഷം കൃഷ്ണവേണിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ പള്ളിയില്‍ നടത്താന്‍ സ്ഥലം വിട്ടു നല്‍കുകയായിരുന്നു.

ഒരു മാസം മുന്‍പാണ് കൃഷ്​ണവേണിയുടെ ഭര്‍ത്താവ്​ ശ്രീനിവാസന്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഭര്‍ത്താവിന് ചിതയൊരുങ്ങിയ പള്ളി സെമിത്തേരിയില്‍ സഹധര്‍മ്മിണിക്കും ചിതയൊരുങ്ങിയതോടെ മതസൗഹാര്‍ദ്ദത്തിനൊപ്പം പരസ്പര സ്‌നേഹത്തിനും പള്ളി അങ്കണം വേദിയായി. സംസ്‌കാര ചടങ്ങിന് സ്ഥലം വിട്ടുനല്‍കിയ പള്ളി അധികൃതര്‍ക്ക് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.

മതവിശ്വാസങ്ങൾക്കുമപ്പുറം മാനവികതയ്ക്കാണ് മൂല്യമെന്ന് പഠിപ്പിക്കുകയാണ് ഈ സംഭവമെന്ന് പറഞ്ഞുകൊണ്ടാണ് ഈ വാർത്ത പലരും പങ്കുവയ്ക്കുന്നത്. മുൻപും സമാനരീതിയിൽ പ്രളയകാലത്തും കോവിഡ് രൂക്ഷ കാലത്തും മാതൃകയായവരാണ് നമ്മൾ മലയാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button