KeralaLatest NewsNews

ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ അനുശോചിക്കാത്തത് കേന്ദ്രം മാത്രം, എനിക്കുണ്ടായത് അഗാധ ദു:ഖം : എം.എ ബേബി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എം.എ ബേബി. ഇന്ത്യയിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരും താലിബാനും ഒഴികെ, ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ ഈ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. യുവ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അഗാധമായ ദുഃഖമാണ് എനിക്കുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also : നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം, 15 ദിവസമായി യുവതി വീട്ടിലില്ല: നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

‘യുവ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ അഗാധമായ ദുഃഖമാണ് എനിക്കുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ ലോകം പുലര്‍ത്തുന്ന നിസ്സംഗതയുടെ ഇരയാണ് തന്റെ പ്രൊഫഷനോട് സമര്‍പ്പിത ജീവിതം നയിച്ച ഈ അസാധാരണ പ്രതിഭാശാലി. അഫ്ഗാനിസ്ഥാനിലെ പുരോഗമന ജനകീയ ഗവണ്മന്റിനെയും അതിനു സോവിയറ്റ് യൂണിയന്‍ ഉള്‍പ്പടെ , അന്നു സുശക്തമായിരുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മയോട് നിലനിന്നിരുന്ന സൗഹാര്‍ദ്ദ സഹകരണങ്ങളെയും തകര്‍ക്കുക എന്നത് ആഗോളസാമ്രാജ്യത്വത്തിന്റെ തന്ത്രമായിരുന്നു’.

‘ഇതിന്റെ ഭാഗമായി അമേരിക്ക ആരംഭിച്ച കടന്നു കയറ്റത്തിന്‍െ ഇരയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ന്. ഇതിനുവേണ്ടി കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരം കുത്തിവച്ച് അമേരിക്ക ആദ്യം താലിബാനെ വളര്‍ത്തി. പിന്നെ നേരിട്ട് സൈന്യത്തെ അയച്ചു ഇടപെടുകയും ഭരണം തന്നെ ഏറ്റെടുക്കുകയും ചെയ്തു. അനന്തമായ അധിനിവേശം ലാഭകരമല്ലെന്നു കണ്ട് സൈന്യത്തെ പിന്‍വലിച്ചപ്പോള്‍ വീണ്ടും അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ താലിബാന് മുന്നിലേക്ക് നിര്‍ദ്ദയം വലിച്ചെറിയുകയാണ് അമേരിക്ക ചെയ്തത്. പാകിസ്ഥാനിലെ അമേരിക്കന്‍ പക്ഷ ഭരണകൂടവും താലിബാന് കുടപിടിക്കുന്നു. അസാധാരണമായ ഒരു അവസ്ഥയിലേക്കാണ് അവിടത്തെ ജനങ്ങള്‍ വന്നു വീണിരിക്കുന്നത്’.

‘ഈ മനുഷ്യാവസ്ഥയുടെ ചിത്രങ്ങള്‍ പകര്‍ത്താനാണ് മനുഷ്യ ദു:ഖങ്ങളുടെ ചിത്രകാരനായ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ എത്തിയത്. അവിടെ വച്ച് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ലോകം മുഴുവന്‍ ഈ കൊലയെ അപലപിച്ചു. ഇന്ത്യയിലെ ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സര്‍ക്കാരും താലിബാനും ഒഴികെ, ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടെ ഈ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി’.

‘സ്വതന്ത്ര ചിന്തയെയും സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയും പേടിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഡാനിഷ് സിദ്ദിഖി എന്ന, പുലിസ്റ്റര്‍ പുരസ്‌കാരം നേടിയ ഏക ഇന്ത്യന്‍ പൗരന്റെ അകാലനിര്യാണത്തില്‍, അതും ഫോട്ടോ എടുക്കുന്നതിനിടയിലുള്ള ദാരുണ മരണത്തില്‍ ദുഖിക്കാതിരിക്കുന്നത് , മോദി സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കാത്തതല്ലെങ്കിലും പ്രതിഷേധാര്‍ഹമാണ്’- സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button