Latest NewsIndiaNewsInternational

‘ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളു, അതിന് പിന്നിലുള്ള ആളാണ് നീരജിന്റെ നേട്ടത്തിന് പിന്നിലും’

23 മത്തെ വയസ്സിൽ തനിക്കു നഷ്ടപ്പെട്ട സ്വർണമെഡൽ 37 വർഷങ്ങൾക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച് ഉവെ ഹോൺ

ടോക്യോ: ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയുടെ ഒളിമ്പിക് സ്വർണ്ണ നേട്ടം രാജ്യത്തിന് നൽകിയത് സന്തോഷത്തിന്റെ മുഹൂർത്തങ്ങളാണ്. സാമൂഹിക മാധ്യമങ്ങളിൽ നിറയെ നീരജിന്റെ വിജയത്തെക്കുറിച്ചുള്ള വാർത്തകളാണ്. അതോടൊപ്പം മെഡൽ നേട്ടത്തിലേക്കുള്ള ഇന്ത്യൻ താരത്തിന്റെ പ്രകടനത്തിന് പിന്നിൽ പ്രവർത്തിച്ച കരങ്ങളെക്കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ജാവലിൻ ത്രോയുടെ ചരിത്രത്തിൽ നൂറ് മീറ്ററിന് മുകളിൽ എറിഞ്ഞ് റെക്കോർഡ് സൃഷ്ടിച്ച ജർമ്മൻ താരവും നീരജിന്റെ പരിശീലകനുമായ ഉവെ ഹോൺനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം;

ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങൾ ഉവെ ഹോൺ എന്ന ജർമൻ താരത്തിന്റെ ആണ്. പിന്നീടിന്നുവരെ ഒരാൾക്കും, ഒരു ഒളിമ്പിക്സിനും, അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഹോണിനു ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 1984 ൽ അമേരിക്കയിൽ നടന്ന ഒളിമ്പിക്സ് ബഹിഷ്ക്കരിച്ച രാജ്യങ്ങളിൽ കിഴക്കൻ ജർമനിയും ഉണ്ടായിരുന്നു. ബഹിഷ്ക്കരിച്ച രാജ്യങ്ങൾ ചേർന്നു സംഘടിപ്പിച്ച ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ ജാവലിൻ എറിയാൻ പോയി 104.68 മീറ്റർ താണ്ടി ഹോൺ ലോകത്തിന്റെ കണ്ണുതള്ളിച്ചു. ആദ്യമായി ഒരു ജാവലിൻ സെഞ്ചുറി അടിച്ചു. അന്നത്തെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് എറിഞ്ഞത് 86.76 മീറ്റർ മാത്രമായിരുന്നു.

1986 ൽ ജാവലിൻ നിയമങ്ങൾ പരിഷ്കരിക്കുകയും നിലവിൽ ഉണ്ടായിരുന്ന ലോകറെക്കോർഡുകൾ മായിച്ചു കളയുകയും ചെയ്തു. അങ്ങനെ ഹോണിന്റെ 104.68 മീറ്റർ വീരചരമം പ്രാപിച്ച റെക്കോർഡായി, നാളിതുവരെ മറ്റാർക്കും മറികടക്കാനാവാതെ ഇന്നും ജീവിച്ചിരിക്കുന്ന റെക്കോർഡ്. ആ മനുഷ്യൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയ ദിവസം കൂടിയാണ് ഇന്ന്. ഇന്ത്യയുടെ ആദ്യത്തെ അത്‌ലറ്റിക് മെഡലിലേക്കുള്ള ഏറിനു ശേഷം, ജാവലിൻ പോയ ഭാഗത്തേക്കു പോലും നോക്കാതെ, അത്രമേൽ നിശ്ചയത്തോടെ, വിജയത്തിലേക്കു കൈയുയർത്തി തിരിഞ്ഞുനടന്ന നീരജ് ചോപ്രയെ മൊബൈൽ ക്യാമറയിൽ പകർത്തിക്കൊണ്ടിരുന്ന ആ മനുഷ്യനാണ് ഉവെ ഹോൺ. 23 മത്തെ വയസ്സിൽ തനിക്കു നഷ്ടപ്പെട്ട സ്വർണമെഡൽ 37 വർഷങ്ങൾക്കു ശേഷം അതേ പ്രായക്കാരനായ ശിഷ്യനിലൂടെ തിരിച്ചുപിടിച്ച കോച്ച് ഉവെ ഹോൺ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button