KeralaLatest NewsNews

മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിങ്ങള്‍ക്കില്ല: എം എ ബേബിക്ക് മറുപടിയുമായി അബ്ദുറബ്ബ്

താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങൾ തലയുയർത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാൻ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവും

തിരുവനന്തപുരം : താലിബാന്‍ വിജയം കേരളത്തില്‍ മതതീവ്രവാദത്തിലേക്ക് വഴിതെറ്റി പോകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചേക്കുമെന്ന സി.പി.എം നേതാവ് എം.എ. ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സാക്ഷാല്‍ സൗദി അറേബ്യ തന്നെ യുദ്ധത്തിന് വന്നാലും ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക എന്ന് അബ്ദുറബ്ബ് പറഞ്ഞു. സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കെെയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേട് കേരളത്തിലെ മുസ്ലിങ്ങള്‍ക്കില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

മക്കയും മദീനയും ഉൾക്കൊള്ളുന്ന സാക്ഷാൽ സൗദി അറേബ്യ തന്നെ ഇന്ത്യക്കെതിരെ യുദ്ധത്തിനു വന്നാലും ഞങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ സി.എച്ചാണ് ഞങ്ങളുടെ മാതൃക. 1962 ലെ ചൈനീസ് ആക്രമണകാലത്ത് ‘ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന പ്രദേശം’ എന്ന് പറഞ്ഞ് ചൈനീസ് അധിനിവേശത്തെ വെള്ളപൂശിയ ഇ എം എസ് അല്ല ഞങ്ങളുടെ മാതൃക.

സഖാക്കളുടെ ചങ്കിലെ ചൈന താലിബാനെ അംഗീകരിച്ചതുപോലെ മതഭീകരവാദം കയ്യൊഴിയാത്ത താലിബാനെ പേറേണ്ട ഗതികേടും കേരളത്തിലെ മുസ്ലിംകൾക്കില്ല. കേരളത്തിലെ സാമുദായിക സൗഹാർദ്ദത്തിന് ഏറെ സംഭാവനകളർപ്പിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദിൻ്റെ പേരിൽ ഈ സമുദായത്തിൽ ഛിദ്രതയുണ്ടാക്കി, തീവ്രചിന്താഗതികൾക്ക് വെള്ളവും വളവും നൽകി, അവരെ പ്രോത്സാഹിപ്പിച്ചതും, ലീഗിനെ തകർക്കാൻ അവരുടെ രാഷ്ട്രീയ പിന്തുണ സ്വീകരിച്ചതും നിങ്ങൾ ഇടതുപക്ഷമാണ്. സമാനമായ ചിന്തയിൽ ലീഗിനെ തകർക്കാൻ ചൈനീസ് പിന്തുണയുള്ള ഒരു താലിബാനെ ഈ കേരളത്തിലും നിങ്ങൾ പാലൂട്ടി വളർത്തില്ലെന്നാരു കണ്ടു.

താലിബാനെന്നല്ല, ഏതു ഭീകര പ്രസ്ഥാനങ്ങൾ തലയുയർത്തി വന്നാലും അതിനെ കോട്ട കെട്ടി പ്രതിരോധിക്കാൻ മുസ്ലിം ലീഗും, മുഖ്യധാരാ മുസ്ലിം സംഘടനകളും മുന്നിലുണ്ടാവും. ഇതര സമൂഹങ്ങളുമായുള്ള സാംസ്കാരിക വിനിമയവും സൗഹാർദ്ദവുമാണ് കേരള മുസ്ലിംകളുടെ പാരമ്പര്യം, അതു ഞങ്ങളെന്നും കാത്തു സൂക്ഷിക്കും. കേരളത്തിലെ സൗഹൃദാന്തരീക്ഷങ്ങളെ ഇല്ലാതാക്കുന്ന ഒരു ഛിദ്ര ശക്തിയെയും ഞങ്ങൾ പിന്തുണക്കില്ല. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി (ചൈനയെപ്പോലെ) നിങ്ങളും താലിബാനെ പിന്തുണക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button