KeralaLatest NewsNewsLife StyleFood & CookeryHealth & Fitness

കൊതുക് നിങ്ങളെ മാത്രം കടിക്കുന്നു എന്ന് തോന്നാറുണ്ടോ? എങ്കിൽ അത് വെറും തോന്നലല്ല !

ചിലപ്പോഴൊക്കെ വീട്ടിനുള്ളിൽ മുഴുവൻ ആളുകളുണ്ടെങ്കിലും കൊതുക് നമ്മളെ മാത്രം ലക്ഷ്യമിട്ട് വരാറുള്ളതായി ചിലർക്കെങ്കിലും തോന്നാറില്ലേ? ഇത്രയും ആളുകൾ ഉണ്ടായിട്ട് എന്നെ മാത്രം എന്താണ് തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചവരുണ്ടാകും. മറ്റുള്ളവരെ വിട്ട് നിങ്ങളെ മാത്രം മിക്കപ്പോഴും കൊതുകുകള്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. ഇതിനു കാരണമാകുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറം:

ചുവപ്പ്, കറുപ്പ്, നേവി ബ്ലൂ തുടങ്ങിയ നിറത്തിലുള്ള വസ്ത്രങ്ങളാണ് നിങ്ങൾ ധരിച്ചിരിക്കുന്നതെങ്കിൽ കൊതുക് നിങ്ങളിലേക്ക് ആകര്ഷിക്കപ്പെടും.
ഇരുണ്ടതും കടുത്തതുമായ നിറങ്ങൾ കൊതുക് പെട്ടന്ന് ആകർഷിക്കുമെന്നാണ് പഠനം പറയുന്നത്. കൊതുകുകള്‍ക്ക് നിങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇരുണ്ടവസ്ത്രങ്ങള്‍ സഹായിക്കും. കൊതുകിൽ നിന്ന് രക്ഷപെടാനായി ഫുൾസ്ലീവ് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നതിനൊപ്പം ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ചാലും മതി. ഒപ്പം, ഇറുകിയ വസ്ത്രവും ഒഴിവാക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാലും കൊതുകുകടി ഒഴിവാക്കാം.

നിങ്ങളുടെ ഗന്ധം:

കാഴ്ച കഴിഞ്ഞാല്‍ പിന്നെ ഗന്ധമായിരിക്കും കൊതുകുകള്‍ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്. പുഷ്പ സുഗന്ധമുള്ള സോപ്പുകൾ, ഡിയോഡറന്റുകൾ, പെർഫ്യൂമുകൾ, മോയ്സ്ചറൈസിംഗ് ലോഷനുകൾ, ലിപ്സ്റ്റിക്കിന്റെ മണം എന്നിവയിലേക്ക് കൊതുകുകൾ കൂടുതൽ ആകർഷിക്കപ്പെടുന്നു. നിങ്ങളുടെ ചര്മത്തില് നിന്നുള്ള ഈ ഗന്ധം അവർ ഒരു രാസ സിഗ്നലുകളായി ആണ് കാണുന്നത്.

ഗര്‍ഭം:

മലേറിയ അണുക്കളുടെ വാഹകരായ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നതിനുള്ള അപകടസാധ്യത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച്‌ ഇരട്ടിയായിരിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു.

രക്തഗ്രൂപ്പ്:

നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കില്‍ ‘ബി’ ഗ്രൂപ്പില്‍ ഉള്ളവരെക്കാള്‍ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനില്‍ നിന്ന് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button