Latest NewsIndiaInternational

നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട ഭാരതത്തിന്റെ ദേവിശക്തി ഓപ്പറേഷൻ

ന്യൂഡൽഹി: കാബൂൾ കീഴടക്കി അഫ്ഗാൻ ഭരണത്തിനൊരുകയാണെന്ന് താലിബാൻ അറിയിച്ചതോടെ ലോകരാഷ്ട്രങ്ങൾ തങ്ങളുടെ ജനങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അക്കൂട്ടത്തിൽ ഇന്ത്യയുമുണ്ടായിരുന്നു. അഫ്‌ഗാനിൽ താലിബാന്റെ തോക്കിനു മുന്നിൽ ജീവൻ അവസാനിക്കുമോയെന്ന ആശങ്കയിൽ കഴിയുമ്പോഴും ഇന്ത്യൻ പൗരന്മാർ പ്രതീക്ഷ കൈവിട്ടില്ല. അവർക്കറിയാമായിരുന്നു തങ്ങൾക്കൊന്നും സംഭവിക്കാൻ ഭാരതമോ കേന്ദ്ര സർക്കാരോ അനുവദിക്കില്ലെന്ന്. അഫ്‌ഗാനിൽ നിന്നും ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങിയ ആ ശുഭമുഹൂർത്തം ഭാരതം എന്നും ഓർത്തിരിക്കും.

കാബൂളിൽ ഇന്ത്യ നടത്തിയ ‘സീക്രട്ട് മിഷൻ’ ഫലം കണ്ടു. ആ മിഷന് കേന്ദ്രം നൽകിയ പേര്, ‘ഓപ്പറേഷൻ ദേവിശക്തി’ എന്നായിരുന്നു. നയതന്ത്രവൈദഗ്ദ്ധ്യവും ധീരവും ശക്തവും ചടുലവുമായ നീക്കങ്ങളും വിജയം കണ്ട സീക്രട്ട് മിഷൻ തന്നെയായിരുന്നു ഓപ്പറേഷൻ ദേവിശക്തി. അത്ര എളുപ്പമായിരുന്നില്ല ഒന്നും. അത്രമേൽ ദുഷ്കരമായിരുന്നിട്ടും കേന്ദ്ര സർക്കാരും ഇന്ത്യൻ എയർ ഫോഴ്സും പിന്നോട്ട് ചലിച്ചില്ല. അവരുടെ കഠിനമായ പ്രയത്നത്തിന്റെയും ചടുലമായ നീക്കത്തിന്റെയും ഫലമായാണ് 800 ലധികം ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ സാധിച്ചത്.

Also Read:കിറ്റെക്സില്‍ വീണ്ടും പരിശോധ: കമ്പനി പൂട്ടിയ്ക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ്

അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ഏകോപിപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ ജനങ്ങളെ രക്ഷപെടുത്തിയത്. അഫ്‌ഗാനിസ്ഥാനിലേക്ക് നേരിട്ട് പോകാനുള്ള മാർഗം ഇന്ത്യയ്ക്കില്ല. പാകിസ്ഥാന്റെ വ്യോമപാതയിലൂടെ വേണം പോകാൻ. എന്നാൽ ആ മാർഗം ഇന്ത്യയ്ക്ക് മുന്നിൽ ആദ്യം തന്നെ അടഞ്ഞിരുന്നു. രണ്ടാമത്തെ മാർഗമായിരുന്നു ഇറാന്റെ വ്യോമ പാത. അതിനുവേണ്ടി കേന്ദ്ര സർക്കാർ ഇറാൻ ഗവൺമെന്റുമായി ബന്ധപ്പെട്ട് ഇന്ത്യൻ എയർ ഫോഴ്സിന്റെ വിമാനം പറത്തുവാൻ അനുമതി വാങ്ങുന്നു. മറ്റുള്ള രാജ്യങ്ങളുടെ എയർ ഫോഴ്സ് വിമാനം തങ്ങളുടെ വ്യോമ പാതയിലൂടെ പറക്കാൻ ഒരു രാജ്യവും അനുമതി നൽകാറില്ല. എന്നാൽ, ഇന്ത്യയുടെ നയതന്ത്രത്തിന്റെ ഫലമായിരുന്നു ഇറാന്റെ സമ്മതം.

ഇന്ത്യയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന മറ്റൊരു കടമ്പ കാബൂൾ തന്നെയായിരുന്നു. കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങാൻ പറ്റിയ സാഹചര്യമായിരുന്നില്ല. ആയിരക്കണക്കിന് യാത്രക്കാരുടേയും അഭയാർഥികളുടേയും ഇടയിലേക്ക് വിമാനം ലാൻഡ് ചെയ്യുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. അധികം സമയം നിർത്തിയിടാനുള്ള സാഹചര്യവും ഇല്ല. ഇത് മുന്നിൽ കണ്ട് ഇന്ത്യാ ഗവൺമെന്റ് കസാക്കിസ്ഥാൻ എയർപോർട്ടിൽ എയർ ഫോഴ്സ് വിമാനങ്ങൾ തയ്യാറാക്കി നിർത്തി. അടൽ ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ച് നൽകിയ കസാഖിസ്ഥാനിലുള്ള ഫാർഖോർ എയർ ബേസ് ഇന്ത്യയുടെ ‘ഓപ്പറേഷൻ ദേവീശക്തിക്ക്’ കരുത്ത് പകർന്ന് നൽകി. ഇന്ത്യ- കസാഖിസ്ഥാൻ സംയുക്തമായി നിയന്ത്രിക്കുന്ന എയർ ബേസ് ഇന്ത്യയുടെ രക്ഷാദൗത്യത്തിനു വഴികാട്ടിയായി.

Also Read:90 ലധികം പേര്‍ കൊല്ലപ്പെട്ട കാബൂള്‍ വിമാത്താവള സ്‌ഫോടനത്തെ അപലപിച്ച് യുഎഇ

കാബൂൾ എയർപോർട്ടിലേക്ക് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി എത്തിക്കുക എന്നതും ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്ന വെല്ലുവിളി ആയിരുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചെത്തിയവരിൽ മലയാളിയായ ദീദിലും ഇത് തുറന്നു സമ്മതിച്ചിട്ടുണ്ട്. കൂട്ടം കൂടി നിൽക്കുന്ന, കൂട്ടം തെറ്റി ഓടുന്ന ജനങ്ങൾക്കിടയിൽ നിന്നും വഴിതെറ്റാതെ എയർപോർട്ടിൽ എത്തുക എന്നതായിരുന്നു മുന്നിലെ വലിയ വെല്ലുവിളി. ഇതിനായി കാബൂൾ എയർപോർട്ടിന് മുന്നിൽ ഇന്ത്യാക്കാർക്ക് മാത്രമായി താമസിക്കാൻ കേന്ദ്രം മുൻകൈ എടുത്ത് ഒരു ഗ്യാരേജ് തയ്യാറാക്കി. ദിവസവും 150- 200 ഓളം ഇന്ത്യൻ പൗരന്മാർ ആണ് ഈ ഗ്യാരേജിൽ എത്തിയത്. വിവിധ സ്ഥലങ്ങളിലായി ചിന്നിച്ചിതറിപ്പോയ/കുടുങ്ങിപ്പോയ ഇന്ത്യൻ പൗരൻമാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ യു.എസ് സേനയുടെ സഹായത്തോടെയാണ് ഇവിടെ എത്തിച്ചത്. യു.എസുമായുള്ള ഇന്ത്യയുടെ ബന്ധവും ഈ രക്ഷാദൗത്യത്തിനു മുതൽക്കൂട്ടായി.

ഒരു ‘രക്ഷാ പറക്കലിനുള്ള’ സമയമായെന്ന് കാബൂളിലുള്ള ഇന്ത്യൻ ഉദ്യോഗസ്ഥർ കസാഖിസ്ഥാനിലെ എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്കും കാബൂൾ യു.എസ് ഉദ്യോഗസ്ഥർക്കും കൈമാറുകയായിരുന്നു. കാബൂൾ താലിബാന്റെ കീഴിൽ ആണെങ്കിലും കാബൂൾ വിമാനത്താവളം യു.എസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു. കൃത്യമായ പ്ലാനിങ്ങിലൂടെയായിരുന്നു പിന്നീട് കാര്യങ്ങൾ നടന്നത്. ക്ലിയറൻസ് കിട്ടിയതിനുശേഷം കസാഖിസ്ഥാനിൽ നിന്നും ഇന്ത്യൻ എയർഫോഴ്സ് വിമാനം കാബൂൾ എയർപോർട്ടിലേയ്ക്ക് പറന്നു. ഗ്യാരേജിൽ ആശങ്കയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാർക്കുള്ള വിളി എത്തി ‘നിങ്ങൾ തയ്യാറായിക്കോളൂ, പോകാം’. ആ അറിയിപ്പ് അവരുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. ഗ്യാരേജിൽ നിന്നും അവരെ യു.എസ് സേനയുടെ വാഹനത്തിൽ കയറ്റി നേരിട്ട് റൺവേയിൽ എത്തിച്ചു.

Also Read:ഗർഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ വൈറൽ വീഡിയോ: യുവാക്കൾക്ക് പാരിതോഷികം നൽകാൻ ദുബായ് ഭരണാധികാരി

റൺവേയിൽ കാത്ത് നിൽക്കുകയായിരുന്ന പൗരൻമാരുടെ അടുത്തേയ്ക്ക് ഇന്ത്യൻ എയർഫോഴ്സ് വിമാനം പറന്നിറങ്ങി. മിനിറ്റുകൾ മാത്രമായിരുന്നു സമയമുണ്ടായിരുന്നത്. റൺവേയിൽ ഇന്ത്യൻ വിമാനം അധികം സമയം നിർത്തിയിടാൻ സാധിക്കുമായിരുന്നില്ല. പതിനഞ്ചു മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ എയർഫോഴ്സ് വിമാനം ഡൽഹിയിലേക്ക് തിരിച്ചു. അശാന്തിയുടെ നാളുകളിൽ നിന്നും സന്തോഷത്തിന്റെ നാളുകളിലേക്കായിരുന്നു കേന്ദ്ര സർക്കാരും സേനയും ഇന്ത്യൻ പൗരന്മാരെ വീണ്ടും കൈപിടിച്ചുയർത്തിയത്.

എണ്ണൂറിലേറെപ്പേരാണ് അഫ്ഗാനിസ്താനിൽനിന്ന് തിരിച്ചെത്തിച്ചത്. ഈ മാസം 16-നാണ് ഇന്ത്യ രക്ഷാദൗത്യം ആരംഭിച്ചത്. അഫ്‌ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെയെല്ലാം തിരിച്ചെത്തിക്കാൻ 17-നുചേർന്ന സുരക്ഷാകാര്യ മന്ത്രിതലയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. അഫ്‌ഗാനിസ്താനിൽനിന്ന് ഇന്ത്യയിലേക്ക്‌ വരാനാഗ്രഹിക്കുന്ന സിഖുകാർക്കും ഹിന്ദുക്കൾക്കും അഭയം നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button