KeralaNattuvarthaLatest NewsNewsIndia

പട്ടിണിക്കാലം വന്നപ്പോൾ പണപ്പെട്ടി തുറന്നിട്ട് ആർക്കും പണമെടുക്കാം എന്ന് പറഞ്ഞ പള്ളിയുള്ള നാടാണ് കേരളം: നെൽസൻ ജോസഫ്

മരണമടഞ്ഞവരെ കിടത്താൻ സ്ഥലമില്ലെന്നായപ്പൊ പ്രാർഥിക്കുന്ന സ്ഥലം ഒരു മടിയും കൂടാതെ ഒഴിഞ്ഞുകൊടുത്ത നാടാണ് കേരളം

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന സാമൂഹികവസ്തകളെ ചൂണ്ടിക്കാണിച്ച് നെൽസൻ ജോസഫ് എഴുതിയ ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു. കേരളത്തിന്റെ മതേതരത്വ മൂല്യത്തെ വിവിധ സന്ദർഭങ്ങളിലൂടെ ചൂണ്ടിക്കാണിച്ചു കൊണ്ടുള്ളതാണ് നെൽസൻറെ ഫേസ്ബുക് പോസ്റ്റ്‌. മാൻ ഹോളിൽ പെട്ടത് ഏത് മതക്കാരനാണ്, ജാതിക്കാരനാണ്, ദേശക്കാരനാണെന്ന് നോക്കാതെ രക്ഷിക്കാൻ എടുത്തുചാടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയവരുടെ നാടാണ് കേരളമെന്ന് നെൽസൻ ജോസഫ് എഴുതുന്നു.

നെൽസൺ ജോസഫ് എഴുതിയ കുറിപ്പ്:

Also Read:സ്വര്‍ണവും, രത്‌നവും ഉള്‍പ്പെട്ട ലോകത്തെ വിലപിടിപ്പുള്ള ബാക്ട്രിയന്‍ നിധി തേടി താലിബാന്‍

ഇപ്പൊ നടക്കുന്ന സംഭവങ്ങൾ കാണുമ്പൊ കേരളത്തിന് എന്തെങ്കിലും പറ്റുമോ എന്ന് ആശങ്കപ്പെടുന്ന സാധാരണക്കാർക്ക് വായിക്കാനാണ്.
ഏത് സംസ്ഥാനത്തിരുന്നാണ് നിങ്ങളിത് കാണുന്നതെന്ന് വെറുതെയൊന്ന് മനസിലോർത്താൽ മതി..ഇവിടത്തെ സാധാരണ മനുഷ്യര് എങ്ങനാണ് വിപത്തുകളോട് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നും. മാൻ ഹോളിൽ പെട്ടത് ഏത് മതക്കാരനാണ്, ജാതിക്കാരനാണ്, ദേശക്കാരനാണെന്ന് നോക്കാതെ രക്ഷിക്കാൻ എടുത്തുചാടി സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയവരുടെ നാടാണ് കേരളം. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെക്കുറിച്ച് കേട്ടപ്പൊ തൻ്റെ ഉപജീവനമാർഗമായിരുന്ന വസ്ത്രങ്ങൾ കെട്ടുകണക്കിന് എടുത്തുനൽകിയവരുടെ നാടാണ് കേരളം.

മരണമടഞ്ഞവരെ കിടത്താൻ സ്ഥലമില്ലെന്നായപ്പൊ പ്രാർഥിക്കുന്ന സ്ഥലം ഒരു മടിയും കൂടാതെ ഒഴിഞ്ഞുകൊടുത്ത നാടാണ് കേരളം.
പട്ടിണിയും പരിവട്ടവും ചുറ്റുമുണ്ടെന്ന് തോന്നിയപ്പൊ പണപ്പെട്ടി തുറന്നിട്ട് ആർക്ക് വേണമെങ്കിലും എടുത്തുകൊണ്ടുപോവാമെന്ന് പറഞ്ഞ പള്ളിയുള്ള നാടാണ് കേരളം. മതവും ജാതിയും നോക്കാതെ ആഘോഷങ്ങൾ കൊണ്ടാടുന്ന, അഥവാ ഇനി അങ്ങനെ ആരെങ്കിലും നോക്കണമെന്ന് പറഞ്ഞാൽ അവർക്ക് കണ്ടം വഴി കീഞ്ഞ് പായേണ്ടിവരുന്ന നാടാണ് കേരളം. ആവശ്യമുണ്ടായപ്പൊ പാതിരായ്ക്ക് പോലും രക്തം നൽകാനായി നീണ്ട ക്യൂ കണ്ടിട്ടുള്ള നാടാണ് കേരളം. ഇടയ്ക്കിടയ്ക്ക് വരാറുള്ള ചില ഫോട്ടോഷൂട്ടുകൾ കാണാറുണ്ടാവും…മതസൗഹാർദത്തെ ചൂണ്ടിക്കാട്ടാറുള്ള ഫോട്ടോകൾ…അവയ്ക്കൊക്കെ പലപ്പൊഴും ചിരിയാണ് മറുപടിയായി ലഭിക്കുന്നത് കണ്ടിട്ടുള്ളത്. എന്തുകൊണ്ടായിരിക്കും അങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ട്. അയലത്തുള്ളയാളെ മതം നോക്കി സഹായിക്കുന്നവരായിരുന്നില്ല ഇവിടെയുള്ളവരിൽ ബഹുഭൂരിപക്ഷവും എന്നതുകൊണ്ടാണ്..

സുഹൃത്തുക്കളെ ക്രിസ്ത്യൻ സഹോദരാ, മുസ്ലീം സഹോദരാ, ഹിന്ദുസഹോദരാ എന്ന് വിളിക്കുന്നവരല്ലായിരുന്നു ഇവിടെയുണ്ടായിരുന്നവർ എന്നതുകൊണ്ടാണ്. എടാ, പോടാ, വാടാ എന്ന സ്നേഹത്തിനപ്പുറത്തോട്ട് ആ വിളി ഒരു ഏച്ചുകെട്ടലായി തോന്നിയവർ തന്നെയായിരുന്നു എന്നതുകൊണ്ടാണ്. പരസ്പരം താങ്ങാവാൻ ഏതെങ്കിലും വ്യത്യാസം ഒരു ഘടകമോ തടസമോ ആയിരുന്നില്ല മിക്കവർക്കുമെന്നും അങ്ങനെ ചെയ്യുന്ന സഹായങ്ങൾ കൊട്ടിഘോഷിക്കേണ്ട ഒന്നായി തോന്നിയിരുന്നില്ല എന്നതുകൊണ്ടുമാണ്. എല്ലാവരും അങ്ങനെയല്ല എന്ന് നന്നായറിയാം..
പക്ഷേ വ്യത്യാസങ്ങൾ നോക്കുന്നവരെ, അകറ്റിനിർത്താൻ ശ്രമിക്കുന്നവരെ, വെറുപ്പ് പടർത്താൻ ശ്രമിക്കുന്നവരെ ഒന്നിച്ചുനിന്ന് എതിർക്കാൻ ഏത് പാതിരാത്രിക്കും ഉണർന്നിരിക്കുന്നവരുടെകൂടെ നാടാണ് ഈ കൊച്ചു കേരളം… ഞാൻ ഇവിടെയാണ് ജീവിച്ചത്. എൻ്റെ മക്കളും ഇവിടെത്തന്നെ ജീവിക്കും. സമാധാനത്തോടെതന്നെ… നോ ഗ്രാസ് വിൽ വാക്ക് ഹിയർ… മനസിലായില്ലേ? ഒരു പുല്ലും നടക്കില്ലെന്ന്.

shortlink

Related Articles

Post Your Comments


Back to top button