Latest NewsFootballNewsSports

ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം

ദോഹ: ലോകം കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിലേക്ക് ഇനി ഒരു വര്‍ഷത്തിന്റെ ദൂരം. ദോഹയില്‍ സജ്ജമാക്കിയ വമ്പന്‍ ക്ലോക്കില്‍ ഞായറാഴ്ച 2022 ലോകകപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങും. അടുത്തവര്‍ഷം നവംബര്‍ 21-നാണ് ലോകകപ്പിന്റെ കിക്കോഫ്. ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക പരിപാടിയിലാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. ആരാധകര്‍ക്ക് വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. പ്രാദേശിക സമയം രാത്രി 8.30-നാണ് ചടങ്ങ്.

ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്തര്‍ തയ്യാറെടുക്കുന്നത്. സ്റ്റേഡിയങ്ങള്‍ അടക്കമുള്ളവ അവസാനഘട്ടത്തിലാണ്. സാങ്കേതികത്തികവിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. സ്റ്റേഡിയങ്ങള്‍, മെട്രോ, എക്സ്പ്രസ് ഹൈവേ, പഞ്ചനക്ഷത്രഹോട്ടലുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളെല്ലാം ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.

കോവിഡും രാഷ്ട്രീയ പ്രതിസന്ധികളുമെല്ലാം മറികടന്നാണ് ലോകകപ്പിനായി ഖത്തര്‍ ദ്രുതഗതിയില്‍ ഒരുങ്ങുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. രണ്ടാം തവണയാണ് ഏഷ്യ ലോകകപ്പിന് വേദിയാകുന്നത്. ആദ്യത്തേത് ജപ്പാനിലും ദക്ഷിണകൊറിയയിലുമായി 2002-ലാണ് നടന്നത്. സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റായ കാലത്താണ് ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചത്. വേദിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായെങ്കിലും അതിനെയെല്ലാം മറികടന്നു.

32 രാജ്യങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം റഷ്യയാണ് ലോകകപ്പിന് ആതിഥ്യം വഹിച്ചത്. അല്‍ ഖോറിലുള്ള അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന് കിക്കോഫാകുന്നത്. സ്റ്റേഡിയത്തില്‍ അറുപതിനായിരം പേര്‍ക്ക് ഇരിക്കാം. ആധുനികതയും മനോഹാരിതയും ചേര്‍ത്തുവെച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇവിടെ 80,000 പേര്‍ക്കിരിന്ന് കളികാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button