Latest NewsNewsIndia

ബിപിന്‍ റാവത്ത്, രാജ്യം കണ്ട യുദ്ധനയതന്ത്രജ്ഞന്‍

ന്യൂഡല്‍ഹി: സംയുക്ത സൈനിക സേനാ മേധാവി ബിപിന്‍ റാവത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം മുക്തമായിട്ടില്ല. സമാനതകളില്ലാത്ത സൈനിക സേവനം നടത്തിയ കരുത്താണ് ജനറല്‍ ബിപിന്‍ റാവത്തിനെ തലയെടുപ്പുള്ള സൈനികനാക്കിയത്. മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന് സൈനികനായി തുടങ്ങിയ സേവനം ഇന്ത്യയ്ക്ക് അഭിമാനമായ സംയുക്ത സൈനിക മേധാവി എന്ന പദവിയിലേക്കാണ് എത്തിച്ചത്.

ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാള്‍ രജപുത്ര കുടുംബത്തിലാണ് ബിപിന്‍ റാവതിന്റെ ജനനം. തലമുറകളായി സൈനിക സേവനം നടത്തുന്ന കുടുംബ ത്തില്‍ നിന്നും സ്വാഭാവികമായാണ് ബിപിന്‍ റാവതും കടന്നുവന്നത്. അച്ഛന്‍ ലക്ഷ്മണ്‍ റാവത് ലെഫ്റ്റനന്റ് ജനറലായിരുന്നു. ഡെറാഡൂണിലെ കാംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ്. എഡ്വാര്‍ഡ് സ്‌കൂളിലുമാണ് ബിപിന്‍ റാവത് പഠനം പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും പരിശീലനം പൂര്‍ത്തിയാക്കിയത് മികച്ച വിദ്യാര്‍ത്ഥി യായി സ്വാര്‍ഡ് ഓഫ് ഓണര്‍ നേടിയായിരുന്നു.

രാജ്യത്തിന് പുറത്തും വിദഗ്ധ പരിശീലനം നേടാന്‍ ബിപിന്‍ റാവതിന് സൈന്യം അവസരമൊരുക്കി. ബ്രിട്ടണിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സെര്‍വീസ് സ്റ്റാഫ് കോളേജിലും അമേരിക്കയിലെ കാനാസിലെ യു.എസ് ആര്‍മി കമാന്റ് ആന്റ് ജനറല്‍ സ്റ്റാഫ് കോളേജിലും പരിശീലനം നേടിയിരുന്നു. ഡിഫന്‍സ് സ്റ്റഡീസില്‍ എം.ഫില്‍ നേടിയിട്ടുണ്ട്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും കംപ്യൂട്ടര്‍ ബിരുദവും മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വ്വകലാശാലയില്‍ നിന്നും തത്വശാസ്ത്രത്തില്‍ ഗവേഷണ ബിരുദവും നേടിയിരുന്നു. 1978 ഡിസംബര്‍ 16നാണ് സൈനിക ജീവിതം ഔദ്യോഗികമായി ആരംഭിച്ചത്. 11-ാം ഗൂര്‍ഖാ റജിമെന്റിന്റെ 5-ാം ബറ്റാലിയന്റെ ഭാഗമായാണ് സേവനം ആരംഭിച്ചത്.

2020ല്‍ സംയുക്തസേനാ മേധാവിയാകും വരെ കരസേനയുടെ ഏത് അടിയന്തിര സാഹചര്യങ്ങളേയും മുന്നില്‍ നിന്ന് നയിച്ച വിദഗ്ധനായ യുദ്ധതന്ത്രജ്ഞനായിരുന്നു അദ്ദേഹം. ഭീകരരെ തേടി രാജ്യത്തിന് പുറത്ത് മ്യാന്‍മറില്‍ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് നേതൃത്വം കൊടുത്തതും റാവത്തിന്റെ പാരാ കമാന്റോകളായിരുന്നു. മണിപ്പൂരില്‍ ഭീകരര്‍ വധിച്ച 18 സൈനികരുടെ വീരബലിദാനത്തിനാണ് ലോകത്തെ ഞെട്ടിക്കുന്ന രാജ്യാന്തര ഓപ്പറേഷന്‍ വിജയകരമായി നടത്തി സൈന്യം തിരിച്ചുവന്നത്.

പാകിസ്താനും ശക്തമായി മറുപടി കൊടുത്ത സൈനിക മേധാവി അഫ്ഗാന്‍ വിഷയത്തിലും നിതാന്ത ജാഗ്രതയിലായിരുന്നു. സൈന്യത്തിന് എന്നും താങ്ങായിരുന്ന റാവത് ചൈനയ്ക്കെതിരെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന് എല്ലാ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. സംയുക്ത സൈനിക മേധാവി എന്ന നിലയില്‍ മുഴുവന്‍ സേനാ വിഭാഗങ്ങള്‍ക്കും ആവശ്യമായ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും അദ്ദേഹം ഒരുക്കി. പ്രതിരോധ മന്ത്രാലയവുമായി മികച്ച ബന്ധം സ്ഥാപിച്ചുകൊണ്ടാണ് റാവത് സേനാവിഭാഗങ്ങളുടെ ഏതാവശ്യവും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്.

2016ലാണ് ഇന്ത്യന്‍ കരസേനയുടെ മേധാവിയായി റാവത് ചുമതലയേറ്റത്. 2019 ഡിസംബര്‍ 31ന് ചുമതലയില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ കരസേനയുടെ 27-ാമത്തെ മേധാവിയായി വിരമിച്ച ശേഷം ബിപിന്‍ റാവത്തിനെ കാത്തിരുന്നത് ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ആദ്യത്തെ സംയുക്ത സൈനിക മേധാവി എന്ന സുപ്രധാന ചുമതലയായിരുന്നു. 2020 ജനുവരി ഒന്നിനാണ് സര്‍വ്വ സൈന്യാധി പനായ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനറല്‍ ബിപിന്‍ റാവതിനെ സംയുക്ത സൈനിക മേധാവിയായി ചുമതലയേല്‍പ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button