KeralaLatest NewsNews

‘ചില വൻതാരങ്ങൾ ചിലപ്പോൾ ജയിലിലാകും’: സർക്കാരും ഈ അനീതിയ്ക്ക് കുടപിടിച്ചു മൗനം പാലിക്കുകയാണെന്ന് ഹരീഷ് വാസുദേവൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു അതിന്മേൽ നടപടി എടുക്കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല.

കൊച്ചി: നടി ആക്രമണത്തിനരയായ കേസുമായി ബന്ധപ്പെട്ട് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉയര്‍ത്തിയതും അഭിനേത്രിയും ഡബ്ല്യുസിസി ഭാരവാഹിയുമായ റിമ കല്ലിങ്കല്‍ ചോദിച്ചതുമായ ചോദ്യങ്ങള്‍ ശരിയാണെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സിനിമ എന്ന തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനീതിയുടെ ഗുണഭോക്താക്കള്‍ അല്ലേ അതിനെതിരെ നിശബ്ദത പാലിക്കുന്നതെന്നും ഹരീഷ് വാസുദേവന്‍ ചോദിച്ചു. നിശബ്ധരായി ഇരിക്കുന്ന വന്‍ താരങ്ങള്‍ക്ക് തന്നെയല്ലേ അനീതിയുടെ മെച്ചമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഗ്‌ളാമറിന്റെ വെളിച്ചത്തില്‍ എംഎല്‍എയും എംപിയും ആയവര്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ സമൂഹത്തിന്റെ പിന്തുണ നിങ്ങള്‍ക്കുണ്ടെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

റിമ കല്ലിങ്കൽ ചോദിച്ചത് ശരിയാണ്. സിനിമ എന്ന തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനീതിയുടെ ഗുണഭോക്താക്കൾ അല്ലേ അതിനെതിരെ നിശബ്ദത പാലിക്കുന്നത്?? ഈ മിണ്ടാതിരിക്കുന്ന വൻ താരങ്ങൾക്ക് തന്നെയല്ലേ ഈ അനീതിയുടെ മെച്ചം?? അതുകൊണ്ടല്ലേ ഹേമ കമ്മീഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള വിഷയങ്ങൾ പറയാൻ WCC മാത്രം മുന്നോട്ടു വരുന്നതും, അനീതിയുടെ ഗുണമനുഭവിക്കുന്നവർ മിണ്ടാതിരിക്കുന്നതും.??

സിനിമയിലെ ഗ്ളാമറിന്റെ വെളിച്ചത്തിൽ MLA യും MP യും ആയവർ ഉൾപ്പെടെ ഈ അനീതിയ്ക്കെതിരെ കമാ ന്ന് മിണ്ടുന്നുണ്ടോയെന്നു നോക്കിയേ… അതേ റിമ, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നാൽ ചില വൻതാരങ്ങൾ ചിലപ്പോൾ ജയിലിലാകും. മുൻപ് ആനക്കൊമ്പ് കേസ് തേച്ചുമായ്ച്ചു കളഞ്ഞത് പോലെ എളുപ്പമാവില്ല ഇതിനു പിറകെയുള്ള നിയമനടപടികൾ..

ആരാണോ ഈ തൊഴിലിടത്തെ മനുഷ്യത്വവിരുദ്ധമാക്കി മാറ്റുന്നത് അവരെ സംരക്ഷിക്കാൻ ഈ സർക്കാരും ഈ അനീതിയ്ക്ക് കുടപിടിച്ചു മൗനം പാലിക്കുകയാണ്. അവർ സത്യത്തിൽ വേട്ടക്കാർക്ക് ഒപ്പമാണ്. മൗനമാണവരുടെ ആയുധം. നിങ്ങളെക്കൊണ്ടൊക്കെ ഉള്ള PR വർക്ക് കഴിഞ്ഞു. സ്വയം മനസാക്ഷി വിറ്റു ജീവിക്കുന്ന, ജീവിതത്തിലും അഭിനയിക്കുന്ന, ആളുകളെ പറ്റിയ്ക്കാൻ അറിയാവുന്ന പകൽ മാന്യന്മാരാണ് ഇവിടെ ഇരയ്ക്കൊപ്പം ടാഗുമായി ഷോ കാണിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ കണ്ടു ‘ഇരട്ടത്താപ്പ്’ രണ്ടുവട്ടം ആത്മഹത്യ ചെയ്തുകാണും.

Read Also: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത 5 മടങ്ങ് വരെ കൂടുതൽ: ലോകാരോഗ്യസംഘടന

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു അതിന്മേൽ നടപടി എടുക്കേണ്ടത് സർക്കാരിന്റെ ഔദാര്യമല്ല. തൊഴിലിടങ്ങളിൽ തുല്യത കൊണ്ടുവരേണ്ടത്, ചൂഷണം തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. റിമയെപ്പോലെ ചിലർ തുടർച്ചയായി സംസാരിക്കുന്നത് സമൂഹം കേൾക്കുന്നുണ്ട്. എല്ലാക്കാലവും സമൂഹത്തിലെ അനീതികൾക്ക് എതിരേ സംസാരിച്ചത് കുറച്ചുമനുഷ്യർ മാത്രമാണ്. സമൂഹത്തിന്റെ പിന്തുണ നിങ്ങൾക്കുണ്ട്. ഒരു സർക്കാരിനും പൊതുജനാഭിപ്രായം കണ്ടില്ലെന്നു നടിച്ചു അധികകാലം ക്രിമിനലുകളുടെ മൗനത്തിനു പിന്നിൽ ഒളിക്കാൻ കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button