Latest NewsKeralaIndia

സഞ്ജിത്ത് വധം: പ്രതിയായ പോപ്പുലർ ഫ്രണ്ട് നേതാവിന് ഒരാഴ്ചയ്ക്കുള്ളിൽ ജാമ്യം: പ്രോസിക്യൂഷനെതിരെ ബിജെപി

മലപ്പുറം പുത്തനത്താണിയിലെ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റാണ് ഹക്കീം.

പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജാമ്യം. കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് അബ്ദുള്‍ ഹക്കീമിനാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് ജനുവരി ആറാം തീയതിയാണ് അബ്ദുള്‍ ഹക്കീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പുത്തനത്താണിയിലെ പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റാണ് ഹക്കീം.

പ്രതികളെ ഒളിവില്‍ താമസിപ്പിക്കുന്നതിലും വാഹനസൗകര്യം ഏര്‍പ്പെടുത്തിയതിലും ഗൂഢാലോചന നടത്തിയതിലും മുഖ്യ പങ്കുവഹിച്ചയാളാണ് ഹക്കീമെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് അന്വേഷണസംഘത്തിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, അറസ്റ്റിലായി ഒരാഴ്ചയ്ക്കുള്ളില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് ബി.ജെ.പി. ആരോപിച്ചു.

ഇത് പോലീസും സര്‍ക്കാരും നടത്തുന്ന നാടകമാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. കേസിലെ പോലീസ് അന്വേഷണത്തിനെതിരേ ബി.ജെ.പി. നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നവംബര്‍ 15-ന് രാവിലെയാണ് കിണാശ്ശേരി മമ്പറത്തുവെച്ച് സഞ്ജിത്തിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘം സഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയുടെ കണ്‍മുന്നില്‍വെച്ചായിരുന്നു അക്രമികള്‍ സഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button