KeralaLatest News

വിസ്മയ കേസിൽ കിരണിന്റെ സഹോദരി ഉൾപ്പെടെ 3 സാക്ഷികൾ കൂടി കൂറുമാറി: കേസ് പുതിയ ദിശയിലേക്ക്

താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി

കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസിൽ പ്രതിയായ കിരണിന്റെ സഹോദരി കീർത്തി ഉൾപ്പെടെ 3 സാക്ഷികൾ കൂടി കൂറുമാറി. കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരൻ അനിൽകുമാർ, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണു കൂറു മാറിയത്. കിരണിന്റെ പിതാവ് സദാശിവൻപിള്ള ഉൾപ്പെടെ ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവർ 4 ആയി. താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നൽകിയതോടെ കീർത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

കിരണിനു സ്ത്രീധനമായി കാർ നൽകിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്മയയും കിരണും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളാണ് ഉറങ്ങിയിരുന്നതെന്നുമാണു കീർത്തി നേരത്തെ അന്വേഷണ സംഘത്തിനു നൽകിയ മൊഴി. 2021 ജൂൺ 13നു വിസ്മയ തനിക്കു വാട്സാപ് സന്ദേശങ്ങൾ അയച്ചിരുന്നെന്നും താനതു ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നൽകി.ജൂൺ 6ലെ 4 സന്ദേശങ്ങൾ വിസ്മയ തനിക്ക് അയച്ചതാണെന്നും കീർത്തി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തിൽ മൊഴി നൽകി. വിസ്മയയും കീർത്തിയും തമ്മിലുള്ള ഫോൺ സംഭാഷണവും കോടതിയിൽ കേൾപ്പിച്ചു.

മരണവിവരം അറിഞ്ഞു ആശുപത്രിയിൽ ചെന്നു കിരണിനെ കണ്ടപ്പോൾ ഇപ്പോൾ നിനക്കു സ്വർണവും കാറുമൊക്കെ കിട്ടിയോടാ എന്നു ചോദിച്ചുവെന്നും അപ്പോൾ കിരൺ കൈമലർത്തി കാണിച്ചുവെന്നും ക്രോസ് വിസ്താരത്തിൽ ബിന്ദുകുമാരി മൊഴി നൽകി.വിസ്മയ കിടന്ന കട്ടിലിൽ തലയണയുടെ അടിയിൽ നിന്നു കിട്ടിയ കടലാസ് താൻ പൊലീസിൽ ഏൽപിച്ചത് ആരോടും പറയാതിരുന്നതു കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേർക്കുമെന്നു ഭയന്നാണെന്നു കിരണിന്റെ പിതാവ് സദാശിവൻപിള്ള എതിർ വിസ്താരത്തിൽ മൊഴി നൽകി.

കുറിപ്പു കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകൻ ആളൂർ പറഞ്ഞിരുന്നുവെന്നു മൊഴി നൽകിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ സുജിത് മുൻപാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button